രൗദ്രഭാവത്തിലും സൗമ്യതയുമായി വാസുദേവന്‍ നമ്പൂതിരി
text_fieldsതിരുവനന്തപുരം: അരങ്ങിൽ രൗദ്ര-വീരഭാവങ്ങളിൽ പേടിപ്പെടുത്തുന്ന വേഷത്തിനുള്ളിൽ സൗമ്യനായ വ്യക്തിയുണ്ടെന്നു കുഞ്ഞുങ്ങളടക്കമുള്ള സദസ്സിൽ പറഞ്ഞാണ് വാസുദേവൻ നമ്പൂതിരി തുടങ്ങിയത്. അരങ്ങിലും അണിയറയിലും അറിയപ്പെടാതെ പോയവരെ പരിചയപ്പെടുത്തി അന്യോന്യം സാംസ്കാരിക കൂട്ടായ്മ ഒരുക്കിയ മുഖാമുഖം പരിപാടിയിലാണ് താടി വേഷധാരിയായി വൈഭവം തെളിച്ച നെല്ലിയോട് വാസുദേവൻ നമ്പൂതിരി എത്തിയത്.കുഞ്ഞുനാളിൽ ക്ഷേത്രത്തിൽ നിന്ന് കഥകളി കാണാൻ ധാരാളം അവസരം ലഭിച്ചിരുന്നു. അവിടെത്തന്നെ ഉറങ്ങിപ്പോവും. പിന്നീട് താടി വേഷക്കാരുടെ അല൪ച്ച കേട്ടാണ് പലപ്പോഴും ഉണരുകയെന്ന് ബാല്യകാല ഓ൪മകളായി അദ്ദേഹം പറഞ്ഞു. നായക൪ പ്രശസ്തി നേടുമ്പോൾ പ്രതിനായകരിൽ പലരും വിസ്മൃതിയിലാവുന്നു. താടി വേഷത്തിൽ ആട്ടത്തിനും പ്രാധാന്യമുണ്ടെന്നു തെളിയിച്ച നെല്ലിയോട് വാസുദേവൻ അനുഭവങ്ങളുടെ മനസ്സ് തുറന്നു. കൂടുതൽ അറിയണമെന്ന് തോന്നിയപ്പോൾ 17ാംവയസ്സിൽ കഥകളി പഠിക്കാൻ തുടങ്ങി. ഉയരവും വേഷപ്പക൪ച്ചയും മറ്റും പരിഗണിച്ച് താടി വേഷം കെട്ടാനാണ് ആശാൻ തന്നെ തെരഞ്ഞെടുത്തതെന്നും അദ്ദേഹം പറഞ്ഞു. കത്തി വേഷത്തിലാണെങ്കിലും ആസ്വാദകരെ മുഷിപ്പിക്കാതെ ആടണമെന്നാണ് അദ്ദേഹത്തിന്റെ പക്ഷം. തന്റെ വേഷം കഴിഞ്ഞാലും ആട്ടം കണ്ട് ഇപ്പോഴും പഠനം തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു. കഥകളി മനസ്സിലാക്കാൻ പ്രയാസമാണെന്നു പറയുന്നത് ശരിയല്ല. അംഗചലനങ്ങൾ നമുക്ക് സ്ഥായിയായി ഉള്ളതാണ്. അതിനെ ഒരു ചട്ടക്കുള്ളിൽ കൊണ്ടുവരുന്നതാണ് മുദ്രകൾ. മനസ്സിരുത്തി പത്തു ദിവസം കഥകളി കണ്ടാൽ ഇതു മനസ്സിലാക്കാൻ സാധിക്കുമെന്നും പുതുതലമുറയോട് അദ്ദേഹം പറഞ്ഞു. എ.ഐ.ആ൪ പ്രോഗ്രാം എക്സിക്യൂട്ടീവ് നാരായണൻ നമ്പൂതിരി, ഗോപിനാരായണൻ എന്നിവരും സംസാരിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.