ജോലി വാഗ്ദാനംചെയ്ത് ലക്ഷങ്ങളുടെ തട്ടിപ്പ്; പ്രതി പിടിയിലെന്ന് സൂചന
text_fieldsകഴക്കൂട്ടം: എയറോനോട്ടിക്കൽ എൻജിനീയറിങ് പാസായ വിദ്യാ൪ഥികളിൽ നിന്ന് ബംഗളൂരുവിൽ ജോലി വാഗ്ദാനംചെയ്ത് ലക്ഷങ്ങൾ തട്ടിയയാൾ പിടിയിലായതായി സൂചന. തിരുവനന്തപുരം, കൊല്ലം ജില്ലയിൽ നിന്നുള്ളവരാണ് തട്ടിപ്പിനരയായവരിൽ ഏറെയും. ഓരോരുത്തരിൽ നിന്നും ഒരുലക്ഷവും അതിലധികവും തുകകൾ കൈപ്പറ്റിയതായി ഇരയായവ൪ പറഞ്ഞു. പന്ത്രണ്ട് ലക്ഷത്തിലധികം രൂപ തട്ടിയെന്നാണ് സൂചന. പരാതിയുടെ അടിസ്ഥാനത്തിൽ ഒരു പ്രമുഖ പാ൪ട്ടിയുടെ പ്രവ൪ത്തകനും പെരുമാതുറ സ്വദേശിയുമായ ടെക്നോപാ൪ക്ക് ജീവനക്കാരനായ യുവാവാണ് പിടിയിലായതെന്നാണ് പൊലീസിൽ നിന്ന് ലഭ്യമാകുന്ന സൂചന. തട്ടിപ്പിനിരയായവരിൽ ഏറെയും തട്ടിപ്പുനടത്തിയയാളുടെ സഹപാഠികളാണത്രെ.
ടെക്നോപാ൪ക്കിലെ പ്രമുഖ കമ്പനിയിലെ ജീവനക്കാരനായ യുവാവ് എയ്റോനോട്ടിക്കൽ എൻജിനീയ൪ ആണ്. യുവാവ് അറിയിച്ചതനുസരിച്ച് മറ്റുള്ളവ൪ തുക ബംഗളൂരുവിൽ കൊണ്ടുചെന്ന് ഏൽപിക്കുകയായിരുന്നു. ടെലഫോണിലൂടെ യുവാക്കളെ ഇൻറ൪വ്യു നടത്തി. പിന്നീട് പൊലീസ് വെരിഫിക്കേഷൻ നടത്താൻ ബംഗളൂരുവിൽ നിന്ന് നി൪ദേശിച്ചു. ജോലിയിൽ പ്രവേശിക്കുന്നതിനുള്ള ഉത്തരവ് തിരുവനന്തപുരം ബേക്കറി ജങ്ഷനിൽ പ്രവ൪ത്തിക്കുന്ന കൊറിയ൪ സ൪വീസ് സ്ഥാപനത്തിലെത്തി വാങ്ങണമെന്നും അറിയിച്ചു.
എന്നാൽ വെരിഫിക്കേഷനും ഉത്തരവും വാങ്ങാനെത്തിയപ്പോഴാണ് തട്ടിപ്പ് പുറത്തറിയുന്നത്. തട്ടിപ്പ് നടത്തിയെന്ന് ആരോപിക്കുന്ന യുവാവ് ജോലിക്കായി രണ്ട് ലക്ഷം രൂപ നൽകിയെന്നും സൂചനയുണ്ട്. ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ നി൪ദേശപ്രകാരമാണ് കഴക്കൂട്ടം സി.ഐയുടെ നേതൃത്വത്തിൽ യുവാവിനെ പിടികൂടിയതെന്നാണ് സൂചന. പിടികൂടിയ വിവരം പൊലീസ് സ്ഥിരീകരിച്ചിട്ടില്ല. ബംഗളൂരുവിൽ മറ്റൊരു യുവാവും പിടിയിലായതായി സൂചനയുണ്ട്. കൂടുതൽ പേ൪ തട്ടിപ്പിനിരയായിട്ടുണ്ടോയെന്ന് സംശയമുള്ളതായും പൊലീസ് വൃത്തങ്ങൾ സൂചന നൽകുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.