Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightഹസാര്‍ സലാം

ഹസാര്‍ സലാം

text_fields
bookmark_border
ഹസാര്‍ സലാം
cancel

ജീവനക്കാരെല്ലാം പൊയ്ക്കഴിഞ്ഞ് രാത്രി എട്ടൊമ്പതു മണിയോടെ ദൽഹി നോ൪ത് ബ്ളോക്കിലെ ധനമന്ത്രാലയത്തിലേക്ക് കയറിച്ചെല്ലുന്ന ഒരാളുണ്ടായിരുന്നു-പ്രണബ് മുഖ൪ജി. വിശ്വസ്തരായ രണ്ടോ മൂന്നോ ഉദ്യോഗസ്ഥ൪ ഒപ്പമുണ്ടാവും. പാതിരാ കഴിയുവോളം മന്ത്രി ഓഫിസിലിരുന്ന് ജോലിചെയ്യും. ആസൂത്രണ കമീഷനിലും പ്രതിരോധ മന്ത്രാലയത്തിലുമൊക്കെ പ്രണബ് അങ്ങനെ തന്നെയായിരുന്നു. മിനിറ്റുനേരം പാഴാക്കാനില്ലെന്ന മനോഭാവം. കുടുംബമില്ല; വായനയൊഴികെ വിനോദമില്ല. അത്രക്ക് അമിതാധ്വാനിയാണ് പ്രണബ് മുഖ൪ജി.
ഈ ജോലിഭ്രാന്തുമായി അദ്ദേഹം ഇന്ന് രാഷ്ട്രപതി ഭവനിലേക്ക് കയറുകയാണ്. അവിടെ മുഖ൪ജി എങ്ങനെ അഞ്ചുകൊല്ലം കഴിച്ചുകൂട്ടുമെന്നാണ് സഹപ്രവ൪ത്തകരിൽ പലരുടെയും സംശയം. സജീവരാഷ്ട്രീയത്തിൻെറയും ഭരണത്തിരക്കിൻെറയും പങ്കപ്പാടൊന്നുമില്ല. ഉള്ളതുപറഞ്ഞാൽ വിശ്രമജീവിതം. രാഷ്ട്രപതിയും ഗവ൪ണറുമൊക്കെ അലങ്കാരപ്പദവികളാണ്. സ൪ക്കാ൪ പറയുന്നു, രാഷ്ട്രപതി അതിനൊത്തു നീങ്ങുന്നു.
രാഷ്ട്രപതിഭവനിൽ അഞ്ചുവ൪ഷത്തെ താമസം പൂ൪ത്തിയാക്കി പ്രതിഭാ പാട്ടീൽ പടിയിറങ്ങുന്ന ദിവസവുമാണിന്ന്. 350 മുറികളും 500ൽപരം ഏക്ക൪ വിസ്തൃതിയും സ്വന്തമായ അംഗരക്ഷകരും പരിപാലകവൃന്ദവുമൊക്കെ രാഷ്ട്രപതിഭവൻെറ പകിട്ടാണ്. അവിടെനിന്ന് നാലു കിടക്കമുറികളും അനുബന്ധ സൗകര്യങ്ങളുമുള്ള തുഗ്ളക് ലൈനിലെ ബംഗ്ളാവിലേക്കാണ് ഭ൪ത്താവ് ദേവിസിങ്ങിനും കുടുംബാംഗങ്ങൾക്കുമൊപ്പം പ്രതിഭ പാട്ടീലിൻെറ പടിയിറക്കം. ജനാധിപത്യത്തിൻെറ കരുത്ത് ഈ അധികാര കൈമാറ്റത്തിൽ പ്രതിഫലിക്കുന്നുണ്ട്.
പക്ഷേ, ഒരിക്കൽ വൈസ്രോയിയുടെ കൊട്ടാരമായിരുന്ന രാഷ്ട്രപതി ഭവനെ രാജവാഴ്ചയുടെയും ബ്രിട്ടീഷ് കോളനിവാഴ്ചയുടെയുമൊക്കെ ശേഷിപ്പുകൾ, ഇത്രയും കാലത്തിനു ശേഷവും ചൂഴ്ന്നുനിൽക്കുന്നു. വൈസ്രോയ് ഭവനം ഇന്ത്യ സ്വതന്ത്രമാകുമ്പോൾ ആശുപത്രിയാക്കണമെന്ന് ആഗ്രഹിച്ച ഒരാളുണ്ട് -ഗാന്ധിജി. സ്വാതന്ത്ര്യവും കടന്ന് കൊല്ലം 65 പിന്നിടുമ്പോഴും അശ്വാരൂഢസേന, ബാൻറുമേളക്കാ൪, പരിചാരക വൃന്ദം എന്നിങ്ങനെയെല്ലാമായി, കൊട്ടാരസമാനമാണ് രാഷ്ട്രപതി ഭവൻ. സ൪വസൈന്യാധിപനും നിയമ സംരക്ഷകനുമെല്ലാമായ രാഷ്ട്രപതിക്ക് ചമയങ്ങൾ അനവധി. അതെല്ലാമായി ഒത്തുപോകാൻ ശീലിക്കുന്നത് ഒരു പങ്കപ്പാടാണ്. അതിൻെറ സുഖങ്ങളിൽനിന്ന് എല്ലാം വെച്ചൊഴിയുന്നതും ഒരു പങ്കപ്പാടുതന്നെ. വലിയൊരു മാനസികമാറ്റം തന്നെയാണ് നടക്കുന്നത്.

l രാജവാഴ്ചയുടെ മട്ടും ഭാവവും
രാഷ്ട്രപതിയുടെ സത്യപ്രതിജ്ഞക്ക് രാജവാഴ്ചയുടെ മട്ടുംഭാവവുമാണ്. അശ്വാരൂഢരായ ഭടന്മാ൪, പ്രത്യേക തലപ്പാവേന്തിയ അംഗരക്ഷക൪, കുതിരകളെ പൂട്ടിയ രഥം, മൂന്നു സേനാവിഭാഗങ്ങളുടെയും പ്രാതിനിധ്യം, അധികാരക്കൈമാറ്റം വിളംബരംചെയ്ത് സത്യപ്രതിജ്ഞാ വേളയിൽ 21 ആചാരവെടികൾ എന്നിങ്ങനെയെല്ലാം നിറഞ്ഞ പ്രൗഢഗാംഭീര്യം.
ബുധനാഴ്ച രാവിലെ നിയുക്ത രാഷ്ട്രപതി പ്രണബ് മുഖ൪ജിയെയും ഭാര്യ സുവ്ര മുഖ൪ജിയെയും ഇതുവരെ താമസിച്ച താൽക്കത്തോറ റോഡിലെ 13ാം നമ്പ൪ വസതിയിൽനിന്ന് രാഷ്ട്രപതി ഭവനിൽ എത്തിക്കുന്നതോടെയാണ് ചടങ്ങുകളുടെ തുടക്കം. ഇരുവരെയും പൂമുഖത്ത് രാഷ്ട്രപതി പ്രതിഭ പാട്ടീൽ സ്വീകരിക്കും. ഔചാരികമായ ആശംസ പങ്കുവെക്കൽ. പിന്നെ രാഷ്ട്രപതിയുടെ ആഡംബര കാറിൽ പാ൪ലമെൻറിലേക്ക് നീങ്ങുകയായി.
അതിനുമുമ്പ് ചടങ്ങുകളുണ്ട്. കാറിൽ ഇരുവരും എവിടെയിരിക്കണമെന്ന നിബന്ധനയുമുണ്ട്. ഓഫിസിൽനിന്ന് ഇറങ്ങിയാൽ വടക്കേ മുറ്റംവഴി പൂമുഖത്തേക്ക്. കാറിൻെറ പിൻസീറ്റിൽ ഇടതുവശത്ത് രാഷ്ട്രപതി; വലതുവശത്ത് നിയുക്ത രാഷ്ട്രപതി. പൂമുഖത്തുനിന്ന്, അഭിവാദ്യം സ്വീകരിക്കുന്ന വേദിയിലേക്ക്. സെക്രട്ടറി ക്രിസ്റ്റി ഫെ൪ണാണ്ടസും മറ്റും പിന്നാലെ നീങ്ങും. വേദിയിൽ രാഷ്ട്രപതി ഇടതുവശത്ത്; നിയുക്ത രാഷ്ട്രപതി വലതുവശത്ത്. പ്രതിഭ പാട്ടീൽ അഭിവാദ്യം സ്വീകരിക്കും.
രാഷ്ട്രപതിയുടെ അംഗരക്ഷക൪ അന്നേരം ദേശീയഗാനം ആലപിക്കും. വീണ്ടും കാറിലേക്ക്. പ്രധാന മുറ്റത്ത്, പണ്ട് ജയ്പു൪ രാജാവ് സമ്മാനിച്ച കരിങ്കൽതൂണിൻെറ ചുവട്ടിൽ എത്തുമ്പോൾ ഇരുവരും വീണ്ടും കാറിൽനിന്ന് ഇറങ്ങുന്നു. രാഷ്ട്രപതിയുടെ അംഗരക്ഷകരിൽ പെടുന്ന 28-മദ്രാസ് ഗാ൪ഡിൻെറ അഭിവാദ്യം സ്വീകരിക്കുന്നു. പിന്നെ ഇരുവരുമായി അഞ്ചാം നമ്പ൪ ഗേറ്റ് വഴി വാഹനം പാ൪ലമെൻറ് മന്ദിരത്തിലേക്ക്.

l സത്യപ്രതിജ്ഞയിലേക്ക്
അഞ്ചാം നമ്പ൪ ഗേറ്റ് മുതൽ പാ൪ലമെൻറ് മന്ദിരം വരെയുള്ള ഭാഗത്ത് റോഡിന് ഇരുവശവുമായി ആയിരം സൈനിക൪ നിൽപുണ്ടാവും. കര-നാവിക-വ്യോമസേനയിൽ പെട്ടവ൪. രാഷ്ട്രപതിയെയും നിയുക്ത രാഷ്ട്രപതിയെയും അവ൪ അഭിവാദ്യംചെയ്യുന്നു. അതിനെ ‘ഹസാ൪ സലാം’ (ആയിരം സല്യൂട്ട്) എന്നാണ് വിളിക്കുക.
പാ൪ലമെൻറ് മന്ദിരത്തിലെത്തുമ്പോൾ രാഷ്ട്രപതിയുടെ അംഗരക്ഷക൪ വീണ്ടും അഭിവാദ്യമ൪പ്പിക്കും. അപ്പോഴും പ്രതിഭ പാട്ടീലിൻെറ വലതുഭാഗത്ത് നിയുക്ത രാഷ്ട്രപതി നിൽക്കണമെന്നാണ് കീഴ്വഴക്കം. സെൻട്രൽ ഹാളിലാണ് സത്യപ്രതിജ്ഞാ ചടങ്ങ്. പാ൪ലമെൻറ് മന്ദിരത്തിൽ സ്വീകരിക്കാൻ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എസ്.എച്ച് കപാഡിയ, ഉപരാഷ്ട്രപതി ഹാമിദ് അൻസാരി, പ്രധാനമന്ത്രി മൻമോഹൻസിങ്, ലോക്സഭാ സ്പീക്ക൪ മീരാകുമാ൪ തുടങ്ങിയവ൪ ഉണ്ടാവും. അവരുടെ പ്രോട്ടോകോൾ അകമ്പടിയോടെ രാഷ്ട്രപതിയും പിന്നാലെ നിയുക്ത രാഷ്ട്രപതിയും ഹാളിലേക്ക് കടക്കുമ്പോൾ സംസ്ഥാന ഗവ൪ണ൪മാ൪, കേന്ദ്രമന്ത്രിമാ൪, രാഷ്ട്രീയ നേതാക്കൾ, എം.പിമാ൪ എന്നിവരെല്ലാം ആദരപൂ൪വം ഇരിപ്പിടത്തിൽനിന്ന് എഴുന്നേൽക്കുകയായി.
രാഷ്ട്രപതിയും നിയുക്ത രാഷ്ട്രപതിയും വേദിയിലേക്ക് കയറുന്നതോടെ ദേശീയഗാനം. അതുകഴിഞ്ഞാൽ നടുവിലത്തെ കസേരയിൽ രാഷ്ട്രപതി ഇരിക്കുന്നു. നിയുക്ത രാഷ്ട്രപതിയും സത്യപ്രതിജ്ഞ ചൊല്ലിക്കൊടുക്കുന്ന സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എസ്.എച്ച്. കപാഡിയയും വലതു വശത്ത്. രാജ്യസഭയുടെ അധ്യക്ഷൻ കൂടിയായ ഉപരാഷ്ട്രപതി ഹാമിദ് അൻസാരിയും ലോക്സഭാ സ്പീക്ക൪ മീരാകുമാറും ഇടതുവശത്ത്.

l 21 ആചാരവെടികൾ
പുതിയ രാഷ്ട്രപതിയെ തെരഞ്ഞെടുത്തതു സംബന്ധിച്ച തെരഞ്ഞെടുപ്പു കമീഷൻ വിജ്ഞാപനം ആഭ്യന്തര സെക്രട്ടറി ആ൪.കെ. സിങ് രാഷ്ട്രപതിയുടെ അനുമതിയോടെ വായിക്കുന്നു. വീണ്ടും ദേശീയ ഗാനം. തുട൪ന്ന് സത്യപ്രതിജ്ഞ. അതുകഴിഞ്ഞ് തിരിച്ചെത്തുന്ന പ്രണബ് മുഖ൪ജിക്കായി സ്വന്തം കസേര പ്രതിഭ പാട്ടീൽ ഒഴിഞ്ഞുകൊടുക്കുന്നു. പ്രണബ് മുഖ൪ജി അതുവരെ ഇരുന്ന കസേരയിൽ സ്ഥാനമൊഴിഞ്ഞ രാഷ്ട്രപതി. അന്നേരം, അധികാര കൈമാറ്റം വിളംബരം ചെയ്ത്, പുറത്ത് 21 ആചാര വെടി മുഴങ്ങും. രാഷ്ട്രപതിയുടെ സെക്രട്ടറി കൊണ്ടുവരുന്ന സത്യപ്രതിജ്ഞാ രജിസ്റ്ററിൽ പുതിയ രാഷ്ട്രപതി ഒപ്പുവെക്കുന്നു. പദവി ഏറ്റെടുത്ത് രാഷ്ട്രപതി നടത്തുന്ന പ്രസംഗമാണ് പിന്നീട്.
അതോടെ ചടങ്ങ് അവസാനിക്കുന്നു. അതിന് ആഭ്യന്തര സെക്രട്ടറി പുതിയ രാഷ്ട്രപതിയുടെ അനുവാദംതേടുന്നു. അനുമതി നൽകുന്നതോടെ ദേശീയ ഗാനം. തുട൪ന്ന് പാ൪ലമെൻറിൻെറ അഞ്ചാം ഗേറ്റിലൂടെ തവിട്ടുനിറമുള്ള കുതിരകളെ പൂട്ടിയ രഥത്തിൽ പുതിയ രാഷ്ട്രപതി പ്രഥമ പൗരൻെറ ഭവനത്തിലേക്ക്. സ്ഥാനമൊഴിയുന്ന രാഷ്ട്രപതി, അധികാരമേറ്റ രാഷ്ട്രപതിയെ രാഷ്ട്രപതി ഭവൻെറ പൂമുഖവാതിൽക്കൽ സ്വീകരിച്ച് അകത്തേക്ക് ആനയിക്കുന്നു. വടക്കേ മുറ്റത്തുനിന്ന് പൂമുഖത്തേക്ക് രഥത്തിലെത്തുന്ന രാഷ്ട്രപതിക്ക് പിന്നീട് മൂന്നു സേനാ വിഭാഗങ്ങളും ചേ൪ന്ന് ഗാ൪ഡ് ഓഫ് ഓണ൪ നൽകുന്നു. ഇതിനായി രഥത്തിൽനിന്ന് പ്രണബ് മുഖ൪ജി തുറന്ന ജീപ്പിലേക്ക്. വീണ്ടും പൂമുഖത്തേക്ക്.
45 മിനിട്ട് കഴിഞ്ഞ് ദ൪ബാ൪ ഹാളിന് മുന്നിലേക്ക്. അവിടെ പ്രതിഭ പാട്ടീൽ അവസാനത്തെ ഗാ൪ഡ് ഓഫ് ഓണ൪ സ്വീകരിക്കുന്നു. അതോടെ പടിയിറക്കത്തിൻെറ ചടങ്ങ് തുടങ്ങുകയായി. എല്ലാവരോടും യാത്രപറഞ്ഞ് പ്രതിഭ പാട്ടീൽ ഇറങ്ങുന്നു. അധികാരത്തിൻെറ എല്ലാ പ്രതാപങ്ങളും വിട്ടൊഴിഞ്ഞ പടിയിറക്കമാണത്. തുഗ്ളക് ലെയ്നിലെ രണ്ടാം നമ്പ൪ ബംഗ്ളാവാണ് പുതിയ വസതി. അങ്ങോട്ടുള്ള യാത്രയിൽ പ്രതിഭാ പാട്ടീലിന് രാഷ്ട്രപതി പ്രണബ് മുഖ൪ജി അകമ്പടി പോവും.

l രാഹുലിന് പുതിയ അയൽക്കാരി
രാഹുൽ ഗാന്ധിയുടെ പുതിയ അയൽക്കാരിയാണ് ഇനി പ്രതിഭ പാട്ടീൽ. ഈ റോഡിലെ 12ാം നമ്പ൪ ബംഗ്ളാവിലാണ് രാഹുൽ ഗാന്ധി. പ്രതിഭ പാട്ടീലിനെ പുതിയ വസതിയിലാക്കി തിരിച്ചെത്തുന്നതോടെ പ്രണബ് മുഖ൪ജി ശരിക്കും രാഷ്ട്രപതിഭവൻെറ അധിപനായി. അദ്ദേഹത്തിനൊപ്പം കുടുംബാംഗങ്ങളും രാഷ്ട്രപതി ഭവനിലെ അംഗങ്ങളായി മാറുന്നു.
രാഷ്ട്രപതിക്ക് ഒന്നരലക്ഷം രൂപയാണ് മാസശമ്പളം. എല്ലാവിധ സൗകര്യങ്ങളും പുറമെ. 200ഓളം പരിചാരകരാണ് രാഷ്ട്രപതി ഭവനിലുള്ളത്. അവിടെ താമസിക്കുമ്പോൾതന്നെ ഷിംലയിലും ഹൈദരാബാദിലും സുഖവാസവുമുണ്ട്. വെടിയുണ്ടയേൽക്കാത്ത മെഴ്സിഡസ് ബെൻസാണ് വാഹനം. അംബാസഡറിലായിരുന്നു ഇതു വരെ മുഖ൪ജിയുടെ യാത്ര.
റിട്ടയ൪ ചെയ്യുന്ന പ്രതിഭ പാട്ടീലിന് പ്രതിമാസം 75,000 രൂപ പെൻഷനുണ്ടാവും. താമസിക്കുന്ന ബംഗ്ളാവിന് വാടകയില്ല. രണ്ടു സൗജന്യ ടെലിഫോൺ, ഒരു മൊബൈൽ ഫോൺ, അഞ്ചു പേഴ്സനൽ സ്റ്റാഫ്. പ്രൈവറ്റ് സെക്രട്ടറി, ഔദ്യാഗിക കാ൪, ജീവനക്കാരുടെ ചെലവിലേക്ക് പ്രതിവ൪ഷം 60,000 രൂപ. എവിടെയും സൗജന്യ യാത്ര. ഏതു യാത്രക്കും രണ്ടു വിമാന ടിക്കറ്റ്.
n

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story