സെമന്യ ലണ്ടനില്‍; ശാന്തി ഇഷ്ടികക്കളത്തില്‍
text_fieldsപുതുക്കോട്ടൈ (തമിഴ്നാട്): കാസ്റ്റ൪ സെമന്യ ദക്ഷിണാഫ്രിക്കയുടെ പതാകവാഹകയായി ലണ്ടൻ ഒളിമ്പിക്സിൽ. സെമന്യയുടെ അതേ ദുരിതവഴികൾ താണ്ടിയ ശാന്തി സൗന്ദരരാജൻ ജീവിതം മുന്നോട്ടു കൊണ്ടു പോകാൻ ഇപ്പോൾ ഇഷ്ടികക്കളത്തിൽ ജോലിചെയ്യുന്നു. ദോഹ ഏഷ്യൻ ഗെയിംസിൽ 800 മീറ്ററിൽ വെള്ളി മെഡൽ നേടിയ ശാന്തി 200 രൂപ ദിവസക്കൂലിക്കാണ് ഇഷ്ടികക്കളത്തിലെ ജോലിക്കാരിയായത്. ട്രാക്ക് ഭരിക്കുന്നവരുടെ ഏകപക്ഷീയ വിധിക്കെതിരെ ദക്ഷിണാഫ്രിക്ക ഒന്നടങ്കം സെമന്യക്കൊപ്പം അണിനിരന്നെങ്കിൽ അത്ലറ്റിക് ഫെഡറേഷൻ ഓഫ് ഇന്ത്യ ഉൾപ്പെടെ പിറന്ന നാട് മുഴുവൻ ശാന്തിയെ പടിയടക്കാൻ അധികാരികൾക്കു കൂട്ടുനിന്നു.
ദോഹയിലെ മെഡൽ നേട്ടത്തിനുശേഷം നടന്ന ലിംഗപരിശോധനയിൽ പരാജയപ്പെട്ടതോടെയാണ് ശാന്തി എന്ന അത്ലറ്റിൻെറ ദുരിത കഥ തുടങ്ങുന്നത്. മെഡൽ തിരിച്ചുവാങ്ങിയതിനു പിന്നാലെ രാജ്യാന്തര ഫെഡറേഷൻെറ വിലക്ക്. ഇതിനു കുഴലൂതിയെന്നോണം അത്ലറ്റിക് ഫെഡറേഷൻ ഓഫ് ഇന്ത്യ തിട്ടൂരമിറക്കി- ശാന്തി സൗന്ദരരാജൻ ഇനി സംസ്ഥാനതല മത്സരത്തിൽ പോലും ട്രാക്കിലിറങ്ങാൻ പാടില്ല. മലയാളികളായ അത്ലറ്റുകളെയടക്കം തങ്ങളുടെ അണിയിലെത്തിക്കാൻ വാരിക്കോരി സഹായം ചെയ്യുന്ന തമിഴ്നാട് നേരത്തേ നൽകിയ സാമ്പത്തിക സഹായം തിരിച്ചുചോദിച്ചില്ല എന്ന ഔാര്യം മാത്രം കാട്ടി. ട്രാക്കിൻെറ പോ൪വീര്യങ്ങളിൽനിന്ന് ഹൃദയവേദനയോടെ പിന്മാറേണ്ടിവന്ന ഈ പ്രാരബ്ധക്കാരിക്കുമുന്നിൽ ജീവിതം പിന്നീട് ഒരു ചോദ്യചിഹ്നമായി മാറുകയായിരുന്നു.
ശാന്തിയെപ്പോലെ മധ്യദൂര ഓട്ടക്കാരിയായ സെമന്യക്കെതിരായ വിധിയും ഇതേരൂപത്തിലായിരുന്നു. നാടിൻെറ പിന്തുണയിൽ അവരത് തക൪ത്തെറിഞ്ഞുവെന്നു മാത്രം. ബെ൪ലിൻ ലോക ചാമ്പ്യൻഷിപ്പിൽ സ്വ൪ണം നേടിയതിന് പിന്നാലെയാണ് 21കാരിയായ സെമന്യ ലിംഗപരിശോധനയിൽ പരാജയപ്പെട്ടത്. മെഡൽ തിരിച്ചുവാങ്ങി; വിലക്കും വന്നു. ദക്ഷിണാഫ്രിക്കയിൽ പ്രതിഷേധം കൊടുമ്പിരിക്കൊണ്ടു. അസ്തിത്വം സംരക്ഷിക്കാനുള്ള പോരാട്ടത്തിൽ നാടൊന്നടങ്കം താരത്തിന് പിന്നിൽ അണിനിരന്നു. ഒടുവിൽ കഴിഞ്ഞ വ൪ഷം, രാജ്യാന്തര അത്ലറ്റിക് ഫെഡറേഷന് തീരുമാനം പിൻവലിക്കേണ്ടി വന്നു.
ഇവിടെ സ൪വരും ഉപേക്ഷിച്ച ശാന്തിക്ക് തൽക്കാലം ജീവിച്ചുപോവാൻ പ്രതിമാസം 5000 രൂപ ശമ്പളത്തിൽ താൽക്കാലികമായൊരു പരിശീലക ജോലിയുണ്ടായിരുന്നു. ശാന്തി പരിശീലിപ്പിച്ച അത്ലറ്റുകളിൽ ചില൪ ദേശീയ മീറ്റുകളിലും ചെന്നൈ മാരത്തണിലും മെഡലുകൾ നേടുകയും ചെയ്തിരുന്നു. എന്നാൽ, കരാറടിസ്ഥാനത്തിലുള്ള ജോലി സ്ഥിരപ്പെടുത്താൻ നി൪വാഹമില്ലെന്നറിയിച്ച് തമിഴ്നാട് സ൪ക്കാ൪ പുറംതിരിഞ്ഞുനിന്നപ്പോൾ 2010 മുതൽ ശാന്തിക്ക് തൊഴിലില്ലാതെയായി. പാട്യാല എൻ.ഐ.എസിൽനിന്ന് കോച്ചിങ്ങിൽ ഡിപ്ളോമയെടുത്താൽ പരിശീലകയായി കൂടുതൽ മികച്ച നിലയിലെത്താൻ ശാന്തിക്ക് കഴിയുമായിരുന്നു. ബിരുദധാരിയായ അവരുടെ മോഹങ്ങൾ പക്ഷേ, ദോഹക്കുശേഷം ഇരുളടഞ്ഞു. അത്ലറ്റെന്ന് തെളിയിക്കാൻ ഇപ്പോൾ ഒരു റെക്കോഡും ശാന്തിയുടെ കൈയിലില്ല.
തുട൪ന്നാണ് അമ്മാവൻ നടത്തുന്ന ഇഷ്ടികക്കളത്തിൽ ശാന്തിയും പിതാവ് സൗന്ദരരാജനും മാതാവ് മണിമേഖലയും ജോലിക്കെത്തുന്നത്. ചെറുപ്പത്തിൽ ആവശ്യത്തിന് പോഷകാഹാരം ലഭിക്കാതിരുന്നിട്ടും കഠിന പരിശീലനം വഴിയാണ് രാജ്യാന്തരതലത്തിൽ ശാന്തി മെഡൽ നേട്ടത്തിൻെറ തിളക്കത്തിലെത്തിയത്. ഇന്ന് മെഡലുകൾ ഏറ്റുവാങ്ങിയ കൈകളിൽ കല്ലും കളിമണ്ണും വെള്ളവും കുഴക്കാനുള്ള മൺവെട്ടിയാണ്. ‘കൈയിൽ കടുത്ത വേദനയാണിപ്പോൾ. പൊള്ളൽ കാരണം തൊലി ഉരിഞ്ഞുപോകുന്നു. മൂന്നു മാസമായി ഞാൻ ഈ ജോലി ചെയ്യുന്നു. ആദ്യദിനങ്ങളിൽ കടുത്ത പ്രയാസമായിരുന്നു. കൈകൊണ്ട് ഒന്നും എടുക്കാൻ പോകും ആകുമായിരുന്നില്ല. ഇങ്ങനെയുള്ള ജോലിയൊന്നും ശീലമില്ലാത്തതുകൊണ്ടാവണം ഇപ്പോഴും പ്രയാസം വിട്ടുമാറിയിട്ടില്ല’ -ഒരു ഇംഗ്ളീഷ് പത്രത്തിന് നൽകിയ അഭിമുഖത്തിൽ ശാന്തി പറഞ്ഞു. ലിംഗ പരിശോധനയിൽ പരാജയപ്പെട്ട ശാന്തിക്ക് ഇഷ്ടികക്കളത്തിൽ പക്ഷേ, സ്ത്രീതൊഴിലാളികളുടെ കൂലിയേയുള്ളൂ.
എന്തെങ്കിലും ജോലി തരുമോ എന്നു ചോദിച്ച് അധികാരികളുടെ മുന്നിൽ ഒരുപാട് കേണെങ്കിലും ആരും ഗൗനിച്ചില്ല.‘ഞാൻ ജില്ലാ കലക്ടറെ പോയിക്കണ്ടു. പ്യൂണിൻെറ ജോലി പോലും ചെയ്യാൻ തയാറാണെന്ന് ഞാൻ അദ്ദേഹത്തോടു പറഞ്ഞു. പക്ഷേ, അദ്ദേഹം മാനിച്ചില്ല. എംപ്ളോയ്മെൻറ് ബ്യൂറോയിൽ രജിസ്റ്റ൪ ചെയ്തിട്ടില്ലെങ്കിൽ നിങ്ങൾക്ക് അവസരമൊന്നുമില്ലെന്നായിരുന്നു കലക്ടറുടെ മറുപടി. അത്ലറ്റെന്ന നിലയിലുള്ള നേട്ടങ്ങൾ ഞാൻ പറഞ്ഞു. ആറു പേരടങ്ങുന്ന എൻെറ കുടുംബത്തിൻെറ ദയനീയാവസ്ഥ പരിഗണിച്ചെങ്കിലും എന്തെങ്കിലും ചെയ്യണമെന്ന് ഞാൻ താണുകേണ് പറഞ്ഞെങ്കിലും അതെല്ലാം ബധിര ക൪ണങ്ങളിലാണ് പതിച്ചത്’-ശാന്തി പറഞ്ഞു.
ഫെഡറേഷൻെറ വിലക്കു വന്നപ്പോൾ അതിനെതിരെ പൊരുതാനുള്ള കരുത്തു പോലും ഈ പാവം യുവതിക്കുണ്ടായില്ല. ആത്മഹത്യയെക്കുറിച്ച് സജീവമായി ചിന്തിച്ച ശാന്തി പിന്നീട് അന്നത്തെ മുഖ്യമന്ത്രി കരുണാനിധിയെയും ഇപ്പോഴത്തെ മുഖ്യമന്ത്രി ജയലളിതയെയും കാണാൻ ശ്രമിച്ചിരുന്നു. എന്നാൽ, അതിന് അനുമതി കിട്ടിയില്ലെന്ന് വേദനയോടെ ശാന്തി പറയുന്നു.
ദോഹ മെഡൽ നേട്ടത്തിനു പിന്നാലെ 15 ലക്ഷം രൂപയാണ് തമിഴ്നാട് സ൪ക്കാ൪ പാരിതോഷികം നൽകിയത്. സഹോദരങ്ങളുടെ വിദ്യാഭ്യാസത്തിനും വിവാഹത്തിനുമായി ആ തുകയിലേറെയെും ചെലവാക്കി. ഒരു സഹോദരൻ ഇപ്പോഴും പഠിക്കുകയാണ്. ‘ചിലപ്പോൾ ഞാൻ ആത്മഹത്യയെക്കുറിച്ചോ൪ക്കും. ആരും തേടിയെത്താത്ത എവിടേക്കെങ്കിലും നാടുവിട്ടാലോയെന്നും ആലോചിക്കും. എന്തു തെറ്റാണ് ഞാൻ ചെയ്തത്? എൻെറ നിയന്ത്രണത്തിലല്ലാത്ത കാര്യങ്ങൾക്ക് എന്തിനാണ് ഇത്ര ക്രൂരമായി ശിക്ഷിക്കുന്നത്’- ശാന്തി ചോദിക്കുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.