ജപ്പാന്‍െറ കുതിരയോട്ടക്കാരന് പ്രായം 71
text_fieldsലണ്ടൻ: ഫുട്ബാൾ ഇതിഹാസം പെലെ, ക്രിക്കറ്റിലെ മുടിചൂടാമന്നൻ ജെഫ് ബോയ്കോട്ട്, റഗ്ബിയിലെ സൂപ്പ൪താരം വില്യം ജോൺ മക്ബ്രെയ്ഡ്, ബ്രിട്ടൻെറ വനിതാ ടെന്നിസ് ഇതിഹാസം ക്രിസ്റ്റീൻ ട്രുമാൻ. ഒരു കാലത്ത് കളിക്കളങ്ങളിൽ തീപട൪ത്തിയ ഇവ൪ക്കെല്ലാം ഇന്ന് പ്രായം 71. കാലത്തിനൊപ്പം ഓടിയെത്താനാവാതെ ശരീരം തളരുമ്പോൾ പഴയ വീരഗാഥകളുടെ ഗൃഹാതുര ഓ൪മയിൽ ഇവ൪ക്ക് വിശ്രമ ജീവിതമാണ്. കാൽപന്തു കളിയിലെ തൻെറ സുവ൪ണനാളുകൾ പുതുതലമുറയുമായി താരതമ്യംചെയ്ത് ബ്രസീലിൻെറ പെലെയും ക്രിക്കറ്റിൽ കളിയും കളിപറയലും വിവാദവുമായി ബോയ്കോട്ടും വാ൪ത്തകളിൽ നിറയുമ്പോൾ നല്ല ഓ൪മകളുമായി വീട്ടിലിരിക്കേണ്ട മറ്റൊരു സമപ്രായക്കാരൻ മത്സരച്ചൂടിൽ ലണ്ടനിലുണ്ട്. ജപ്പാൻെറ അശ്വാഭ്യാസി ഹിരോഷി ഹൊകെറ്റ്സുവെന്ന ഒളിമ്പ്യൻ. 30ാമത് ഒളിമ്പിക്സിൻെറ പോരാട്ടങ്ങളിലേക്ക് തീ പടരാൻ ലോകം കാത്തിരിക്കുമ്പോൾ പ്രായത്തെയും തള൪ത്തിയ ആത്മവിശ്വാസത്തോടെ കുതിരയുമായി ഹിരോഷി മഹാനഗരിയുടെ കളിമുറ്റത്ത് അവസാന വട്ട തയാറെടുപ്പിലാണ്.
ലണ്ടനിലെ മത്സരച്ചൂടിന് കൗതുകമാണ് ജപ്പാൻെറ ഇക്വസ്ട്രിയൻ ടീമംഗം ഹിരോഷി ഹൊകെറ്റ്സു. 92 വ൪ഷത്തിനിടയിലെ ഏറ്റവും പ്രായംകൂടിയ ഒളിമ്പ്യനാവാനാണ് ഇദ്ദേഹം ഇക്കുറി ടീമിനൊപ്പം ലണ്ടനിലെത്തിയിരിക്കുന്നത്.
പ്രായം തള൪ത്താത്ത പോ൪വീര്യവുമായി മത്സരക്കളങ്ങളിൽ സജീവമായ ഹിരോഷി ഹൊകെറ്റ്സു നാട്ടുകാ൪ക്ക് ‘കിഴവന്മാരുടെ പ്രതീക്ഷ’യാണ്. ജപ്പാനിലും അമേരിക്കയിലുമായി മരുന്ന് കമ്പനിയുടെ ഡയറക്ടറെന്ന നിലയിലെ തിരക്കേറിയ ഔദ്യാഗിക ജീവിതത്തിനിടയിലാണ്് ഹിരോഷി ആദ്യമായി ഒളിമ്പിക്സിനെത്തുന്നത്. 1964ൽ സ്വന്തം നാടായ ടോക്യോവിൽ ഒളിമ്പിക് മേള വിരുന്നെത്തിയപ്പോൾ 23കാരനായ ഹിരോഷി ദേശീയ ടീമിനുവേണ്ടി മത്സരിക്കാനിറങ്ങി. അന്ന് 40ാം സ്ഥാനത്ത് ഫിനിഷ് ചെയ്ത ഹിരോഷി മാധ്യമങ്ങൾക്കൊന്നും ചൂടു വാ൪ത്തയായിരുന്നില്ല. ഇടവേളകൾക്കുശേഷം 1988ലെ സോൾ ഒളിമ്പിക്സിലായിരുന്നു രണ്ടാം അങ്കം. എന്നാൽ, കുതിരക്ക് രോഗബാധ കാരണം മത്സരിക്കാനാവാതെ ഹിരോഷി നിരാശയോടെ നാട്ടിലേക്ക് മടങ്ങി. വ൪ഷങ്ങൾക്കു ശേഷം 2008ലെ ബെയ്ജിങ് ഒളിമ്പിക്സിന് യോഗ്യത നേടിയപ്പോൾ വാ൪ത്തകളിൽ ഈ ജപ്പാൻ അശ്വാഭ്യാസി നിറഞ്ഞുനിന്നു. ഡ്രസേജ് ടീം, വ്യക്തിഗത വിഭാഗങ്ങളിൽ മത്സരിച്ചെങ്കിലും മെഡൽ പട്ടികയിൽ വരാതെ ആറും 35ഉം സ്ഥാനക്കാരനായി നാട്ടിലേക്ക് മടങ്ങി.
വീണ്ടും ഒരു ഒളിമ്പിക്സ് കാലമെത്തിയപ്പോൾ ഹിരോഷിയും കുതിരയും ലണ്ടനിലേക്ക് ടിക്കറ്റെടുത്തു. ഇക്കുറി വ്യക്തിഗത വിഭാഗത്തിലാണ് മത്സരിക്കുന്നത്. മെഡൽ പട്ടികയിലെത്തുമെന്ന് ഉറപ്പുനൽകുന്നില്ലെങ്കിലും കഴിഞ്ഞ 60 വ൪ഷമായി ശീലമാക്കിയ കുതിര സവാരിയുടെ ഒരു പോരാട്ടം മാത്രമാണിതെന്ന് ഒളിമ്പിക്സുകളുടെ അപ്പൂപ്പൻ പറയുന്നു.
2016ൽ ബ്രസീലിലെ റിയോ ഡെ ജനീറോയിലും മാറ്റുരക്കാനെത്തണമെന്നാണ് ഹിരോഷി ഹൊകെറ്റ്സുവിൻെറ ആഗ്രഹം. എന്നാൽ, തൻെറ വിശ്വസ്തനായ മത്സര കൂട്ടാളി വിസ്പറിന് നാലുവ൪ഷം കഴിയുമ്പോഴേക്കും 19 വയസ്സാകുമെന്ന്് പരിഭവം. അപ്പോൾ തനിക്ക് പ്രായം 74ആകുമെന്നത് ജപ്പാൻെറ കുതിരയോട്ടക്കാരന് ബാധകമല്ല. 1920 ആൻറ്വെ൪പ് ഒളിമ്പിക്സിൽ 72ാം വയസ്സിൽ മത്സരിച്ച് വെള്ളിമെഡൽ നേടിയ സ്വീഡൻെറ ഷൂട്ടിങ് താരം ഓസ്ക൪ ഷ്വാൻ ആണ് ഒളിമ്പിക്സ് ചരിത്രത്തിലെ ഏറ്റവും പ്രായം കൂടിയ മത്സരാ൪ഥി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.