പറവൂര്‍ പീഡനം: പിതാവിന് ജീവപര്യന്തം
text_fieldsകൊച്ചി: പ്രായപൂ൪ത്തിയാകാത്ത മകളെ പീഡിപ്പിക്കുകയും 200 ഓളം പേ൪ക്ക് കാഴ്ചവെക്കുകയും ചെയ്ത കേസിൽ പിതാവിന് ജീവപര്യന്തം തടവും 50,000 രൂപ പിഴയും ശിക്ഷ. മകളുടെ നഗ്നത മൊബൈലിൽ പക൪ത്തി വധഭീഷണി മുഴക്കി പീഡിപ്പിച്ച പറവൂ൪ വാണിയക്കാട് ചൗഡിപ്പറമ്പിൽ സുധീറിനെയാണ് എറണാകുളം അഡീഷനൽ സെഷൻസ് കോടതി ശിക്ഷിച്ചത്.
കോടതിവിധി സമൂഹത്തിൽ സമാന സ്വഭാവം വെച്ചുപുല൪ത്തുന്നവ൪ക്ക് ഒരു പാഠമായിരിക്കണമെന്ന മുഖവുരയോടെയാണ് അഡീഷനൽ സെഷൻസ് ജഡ്ജി പി.ജി.അജിത് കുമാ൪ പ്രതിക്ക് പരമാവധി ശിക്ഷ വിധിച്ചത്. ജീവപര്യന്തം തടവിന് പുറമെ പ്രേരണാകുറ്റത്തിന് ഒരു വ൪ഷം കഠിന തടവും ജുവൈനൽ ജസ്റ്റിസ് ആക്ട് പ്രകാരം ആറ് മാസം തടവും വിധിച്ചിട്ടുണ്ട്. 50,000 രൂപ പിഴ നൽകിയില്ലെങ്കിൽ രണ്ട് വ൪ഷം കഠിന തടവും അനുഭവിക്കണം. 2009 ഏപ്രിലിലാണ് വീട്ടിൽ ആരുമില്ലാതിരുന്ന സമയം സ്വന്തം പിതാവിനാൽ 14 കാരിയായ പെൺകുട്ടി പീഡിപ്പിക്കപ്പെട്ടത്. കുളിച്ചുകൊണ്ടിരിക്കെ മൊബൈലിൽ പക൪ത്തിയ നഗ്ന ദൃശ്യങ്ങൾ കാണിക്കുകയും വഴങ്ങിയില്ലെങ്കിൽ ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്നും പെൺകുട്ടിയെയും സഹോദരനെയും കൊല്ലുമെന്നും ഭീഷണിപ്പെടുത്തിയായിരുന്നു പീഡനം. സിനിമാ മേഖലകളിലുള്ളവ൪ ഇത്തരത്തിൽ ചെയ്യാറുണ്ടെന്നും ആരോടും പറയരുതെന്നും പെൺകുട്ടിയോട് നി൪ദേശിച്ചു.
തന്നെയും അനുജനെയും കൊല്ലുമെന്നും വീഡിയോ രംഗങ്ങൾ പ്രചരിക്കുമെന്നുമുള്ള ഭയം മൂലം പെൺകുട്ടി 2011 മാ൪ച്ച് വരെ വിവരങ്ങൾ ആരോടും വെളിപ്പെടുത്തിയില്ല. പിതാവ് പീഡിപ്പിച്ചുവെന്ന പെൺകുട്ടിയുടെ മൊഴി മാത്രം മതി ഇയാൾ കുറ്റക്കാരനാണെന്ന് ബോധ്യപ്പെടാനെന്ന് കോടതി വിലയിരുത്തി. മകളെ പലവിധ ഭീഷണിയിലൂടെ പീഡിപ്പിക്കുകയായിരുന്നുവെന്ന പ്രോസിക്യൂഷൻെറ വാദങ്ങൾ സംശയരഹിതമായി തെളിയിക്കപ്പെട്ടതായി കോടതി ഉത്തരവിൽ ചൂണ്ടിക്കാടി.
വിധിക്ക് മുമ്പ് ഭാര്യക്കും ഹൃദ്രോഗിയായ മകനുമൊപ്പം താമസിക്കുന്ന തന്നോട് കരുണ കാണിക്കണമെന്ന് പ്രതി കോടതിയോട് ആവശ്യപ്പെട്ടു. എന്നാൽ, നിയമം അനുശാസിക്കുന്ന പരമാവധി ശിക്ഷ പ്രതിക്ക് വിധിക്കണമെന്ന് സ്പെഷൽ പ്രോസിക്യൂട്ട൪ വാദിച്ചു. കോടതി വിധിക്കുന്ന ശിക്ഷ പ്രതിക്ക് മാത്രമുള്ള ന്യായവിധി ആവരുത്, സമൂഹത്തിലെ എല്ലാ പെൺകുട്ടികളും നിയമത്തിൻെറ കൈയിൽ സുരക്ഷിതരാണെന്ന് സന്ദേശം കൂടി ആവണമെന്ന് പ്രോസിക്യൂട്ട൪ ആവശ്യപ്പെട്ടു.
പ്രോസിക്യൂഷൻ ശ്രദ്ധയിൽപെടുത്തിയ സുപ്രീംകോടതി, ഹൈകോടതി വിധികൾ പരിശോധിച്ച അഡീഷനൽ സെഷൻസ് കോടതി മറ്റ് കേസുകളിൽനിന്ന് വിഭിന്നമായി പ്രായപൂ൪ത്തിയാവാത്ത കുട്ടിയാണ് ഇവിടെ പീഡനത്തിനിരയായതെന്ന് വിലയിരുത്തി. പെൺകുട്ടിക്ക് ധാരാളം പ്രതീക്ഷകളും ആഗ്രഹങ്ങളുമുണ്ടായിരുന്നു. അവളെ സ്വതന്ത്രയായി വിട്ടിരുന്നെങ്കിൽ ശാന്തമായ ഒരു ജീവിതം നയിക്കാമായിരുന്നു. ഇതെല്ലാം നഷ്ടപ്പെടുത്തിയ പ്രതി കരുണ അ൪ഹിക്കുന്നില്ലെന്ന് കോടതി വ്യക്തമാക്കി.
2009 മുതൽ 2012 വരെ പെൺകുട്ടിയെ പീഡിപ്പിച്ചവരിൽ 162 പേരെ പൊലീസ് ഇതുവരെ കണ്ടെത്തിയിട്ടുണ്ട്. 50 ലേറെ കുറ്റപത്രങ്ങൾ തയാറാക്കാനുദ്ദേശിക്കുന്ന കേസിൽ ഇതുവരെ 12 എണ്ണത്തിലാണ് അന്വേഷണം പൂ൪ത്തിയായത്. കേരളത്തിന് പുറമെ ക൪ണാടക, തമിഴ്നാട് തുടങ്ങിയിടങ്ങളിലെ വിവിധ സംഘങ്ങൾക്ക് മകളെ കൈമാറി പ്രതി പണം സമ്പാദിച്ചതിന് ക്രൈംബ്രാഞ്ച് രജിസ്റ്റ൪ ചെയ്ത മറ്റ് കേസുകളിലും സുധീ൪ പ്രതിപ്പട്ടികയിലുണ്ട്. ക്രൈംബ്രാഞ്ച് കുറ്റപത്രം നൽകിയ ആദ്യ കേസിലാണ് കോടതി ശിക്ഷ വിധിച്ചത്. 33 സാക്ഷികളെ വിസ്തരിച്ചതിൽ പെൺകുട്ടിയുടെ സഹോദരൻ വിചാരണക്കിടെ കൂറുമാറി. മാതാവിനെ വിസ്താരത്തിൽനിന്ന് പ്രോസിക്യൂഷൻ ഒഴിവാക്കി. വിചാരണ ഘട്ടത്തിൽ 43 രേഖകളും കോടതി പരിശോധിച്ചു. പ്രതി പിഴ അടക്കുകയാണെങ്കിൽ ഇത് പെൺകുട്ടിക്ക് നൽകാനാണ് കോടതി നി൪ദേശം. പീഡനത്തിനിരയായ പെൺകുട്ടിക്ക് ആശ്വാസമായി എത്തിയ അടുത്ത ബന്ധുക്കളെയും വാണിയക്കാട് ജമാഅത്ത് ഭാരവാഹികളെയും പൊലീസ് അധികാരികളെയും കോടതി ഉത്തരവിൽ പ്രശംസിച്ചു. സമൂഹത്തിൽ ഒരു പിതാവിനാലും ഒരു മകളും പീഡിപ്പിക്കപ്പെടാതിരിക്കട്ടെ എന്ന് കോടതി പ്രത്യാശ പ്രകടിപ്പിച്ചു. പ്രോസിക്യൂഷനുവേണ്ടി അഡ്വ. സി.പി.മോഹൻ മേനോൻ, അഡ്വ.ഇ.ഐ.എബ്രഹാം, അഡ്വ.പി.എ.അയൂബ്ഖാൻ എന്നിവ൪ ഹാജരായി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.