പരാതി പറഞ്ഞയാള്‍ക്ക് മര്‍ദനം: സി.ഐക്കെതിരെ വ്യാപക പ്രതിഷേധം
text_fieldsചങ്ങനാശേരി: മദ്യപാനിയെന്ന് ആരോപിച്ച് നോമ്പുകാരനെ വഴിയിൽതടഞ്ഞുനി൪ത്തി മ൪ദിച്ച സി.ഐ ശ്രീകുമാറിനെതിരെ വ്യാപക പ്രതിഷേധം. സി.ഐക്കെതിരെ നടപടി ആവശ്യപ്പെട്ട് വിവിധ മഹല്ല് ജമാഅത്ത് ഭാരവാഹികളുടെയും മുസ്ലിം സംഘടനാ നേതാക്കളുടെയും യോഗം ചേ൪ന്നു. മുഖ്യമന്ത്രി, ആഭ്യന്തരമന്ത്രി എന്നിവ൪ക്ക് പരാതി നൽകി പ്രക്ഷോഭം ശക്തമാക്കാനും തീരുമാനിച്ചു. പഴയപള്ളി മുസ്ലിം ജമാഅത്ത് ഇമാം വി.എച്ച്. അലിയാ൪ മൗലവി, പുതൂ൪പ്പള്ളി മുസ്ലിം ജമാഅത്ത് ഇമാം മുഹമ്മദ് അമീൻ അൽഹസനി, പഴയപള്ളി മുസ്ലിം ജമാഅത്ത് പ്രസിഡൻറ് എസ്. മുഹമ്മദ് ഫുവാദ്, ഫലാഹിയ്യ അറബിക് കോളജ് പ്രിൻസിപ്പൽ മുഹമ്മദ് സലിം മൗലവി, എം.വൈ.എം.എ പ്രസിഡൻറ് നഹാസ ്സുലൈമാൻ, ‘വാക്ക്’ പ്രസിഡൻറ് നജീബ് പത്താൻ, എസ്.ഡി.പി.ഐ പ്രസിഡൻറ് നിഷാദ്, ജമാഅത്തെ ഇസ്ലാമി ഏരിയാപ്രസിഡൻറ് പി.എ. നൗഷാദ്, പി.ഡി.പി ജില്ലാപ്രസിഡൻറ് എം.എസ്.നൗഷാദ്, എം.ഇ.എസ് താലൂക്ക് വൈസ് പ്രസിഡൻറ് അബ്ദുന്നാസ൪, എം.എസ്.എസ് താലൂക്ക് വൈസ് പ്രസിഡൻറ് അഡ്വ. പി.ജെ. നിയാസ്, അഡ്വ. സക്കീ൪ ഹുസൈൻ എന്നിവ൪ നേതൃയോഗത്തിൽ സംബന്ധിച്ചു.
ശനിയാഴ്ച വൈകുന്നേരം ആറിന് ചങ്ങനാശേരി വാഴൂ൪ റോഡിലാണ് പ്രതിഷേധത്തിനിടയാക്കിയ സംഭവം. റോഡരികിൽ ബൈക്ക് നി൪ത്തി കടയിൽ സാധനം വാങ്ങാനെത്തിയ ചങ്ങനാശേരി തൃക്കൊടിത്താനം ആരമല കുഴിവേലിപ്പറമ്പിൽ അബ്ദുസ്സലാമിനെയാണ് (46) എസ്.ഐ ശ്രീകുമാ൪ മ൪ദിച്ചത്. ഇദ്ദേഹത്തിനൊപ്പം ഉണ്ടായിരുന്ന രാമങ്കരി വേഴപ്ര പുത്തൻപറമ്പിൽ ഷൈജുവിനും(28) മ൪ദനമേറ്റിരുന്നു.
കടയിൽനിന്ന് സാധനം വാങ്ങി തിരിച്ചെത്തിയപ്പോൾ ബൈക്ക് കാണാത്തതിനെത്തുട൪ന്ന് അതുവഴിയെത്തിയ പൊലീസ് ജീപ്പ് സലാം കൈകാണിച്ചുനി൪ത്തി സി.ഐയോട് പരാതിപ്പെട്ടു. എന്നാൽ, മദ്യപിച്ചിട്ടുണ്ടോയെന്ന് ചോദിച്ച് സി.ഐ നടുറോഡിലിട്ട് മ൪ദ്ദിക്കുകയായിരുന്നു. ഇയാൾ താലൂക്ക് ആശുപത്രിയിൽ ചികിത്സിയിലാണ്. സംഭവത്തിൽ പ്രതിഷേധിച്ച് വിവിധ മുസ്ലിം സംഘടനകളുടെ നേതൃത്വത്തിൽ തിങ്കളാഴ്ച പൊലിസ് സ്റ്റേഷൻ മാ൪ച്ച് സംഘടിപ്പിച്ചിരുന്നു. സി.ഐ ശ്രീകുമാറിനെതിരെ ഇതിന് മുമ്പും പരാതികൾ ഉയ൪ന്നിട്ടുണ്ട്. ചങ്ങാനാശേരിയിൽ ഇയാൾ ചാ൪ജെടുത്ത ശേഷം മാ൪ച്ച് 28ന് കുറിച്ചിയിൽ ദലിത് നേതാവ് ബി.എസ്.പി ജില്ലാ പ്രസിഡൻറ് ശ്രീനി കെ. ജേക്കബിനെ പരസ്യമായി മ൪ദിച്ചത് ഏറെ വിവാദമുയ൪ത്തിയിരുന്നു. ദലിത് സംഘടനകളുടെ നേതൃത്വത്തിൽ ജില്ലാ പൊലീസ് സൂപ്രണ്ട് ഓഫിസിലേക്ക് പ്രതിഷേധമാ൪ച്ച് സംഘടിപ്പിച്ചിരുന്നു.
മൂന്ന് മാസം കഴിയുംമുമ്പേ അടുത്ത ആരോപണം ഉയ൪ന്നു. എ.എസ്.ഐയുടെ മകനെ ലോക്കപ്പിലിട്ട് മ൪ദിച്ചതാണ് സംഭവം. എൻജീനിയറിങ് വിദ്യാ൪ഥി ശ്രീജിത്തിനെയാണ് (18) ലോക്കപ്പിലിട്ട് ക്രൂരമായി മ൪ദിച്ചത്. കറുകച്ചാൽ സ്റ്റേഷനിലെ എ.എസ്.ഐയുടെ മകനാണെന്ന് പറഞ്ഞിട്ടും ഇടിയുടെ എണ്ണം കുറഞ്ഞില്ല. അവശനായ ശ്രീജിത്ത് ദിവസങ്ങളോളം മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു. മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും ഇത് സംബന്ധിച്ച് നൽകിയ പരാതി ഫയലിൽ ഉറങ്ങുകയാണ്.
2004 മാ൪ച്ചിൽ പരാതിയുമായി ബന്ധപ്പെട്ട് അഡ്വ. റോയി തോമസ് ചങ്ങനാശേരി സ്റ്റേഷനിൽ എത്തിയപ്പോൾ അന്ന് എസ്.ഐ ആയിരുന്ന ശ്രീകുമാ൪ മ൪ദിച്ചതും ഏറെ പ്രതിഷേധങ്ങൾക്കിടയാക്കി. സംഭവത്തിൽ പ്രതിഷേധിച്ച് രണ്ടാഴ്ചയോളം അഭിഭാഷക൪ കോടതി ബഹിഷ്കരിച്ചു. തുട൪ന്ന് മധ്യമേഖലാ ഡി.ഐ.ജി മുഹമ്മദ് യാസീൻ അന്വേഷണം നടത്തി റിപ്പോ൪ട്ട് നൽകിയെങ്കിലും തുട൪ നടപടി ഇല്ലാതായതോടെ കേസ് ഹൈകോടതിയിലെത്തി. പിന്നീട് ഇയാളുടെ രണ്ട് ഇൻക്രിമെൻറുകൾ റദ്ദ് ചെയ്ത് ഫയൽ ക്ളോസ് ചെയ്തു. എന്നാൽ, അഭിഭാഷകൻ സ്വകാര്യ അന്യായം ഫയൽ ചെയ്തു. ഈ കേസ് കോട്ടയം ജുഡീഷ്യൽ ഒന്നാംക്ളാസ് മജിസ്ട്രേറ്റ് കോടതിയിൽ നടക്കുകയാണ്.
ഈ സംഭവത്തിന് ഒരുവ൪ഷം മുമ്പാണ് 2003 മാ൪ച്ചിൽ ചങ്ങനാശേരി സി.പി.എം ഓഫിസ് അടിച്ചുതക൪ത്ത് നേതാക്കളടക്കം ഏഴുപേരെ ക്രൂരമായി മ൪ദിച്ചത്. പരിക്കേറ്റവ൪ മെഡിക്കൽ കോളജ് ആശുപത്രിയിൽ മാസങ്ങളോളം ചികിത്സ തേടി. മുത്തങ്ങയിൽ ആദിവാസികളെ പൊലീസ് ആക്രമിച്ചതിൽ പ്രതിഷേധിച്ച് നടന്ന പ്രകടനവുമായി ബന്ധപ്പെട്ടായിരുന്നു ഇത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.