അമൃതാനന്ദമയിയുടെ ദര്‍ശനസ്ഥലത്ത് ചാടിക്കയറിയ ബീഹാര്‍ സ്വദേശി പിടിയില്‍
text_fieldsകരുനാഗപ്പള്ളി: വള്ളിക്കാവ് അമൃതപുരി ആശ്രമത്തിൽ അമൃതാനന്ദമയിയുടെ ദ൪ശനസ്ഥലത്തേക്ക് ചാടിക്കയറിയ ബീഹാ൪ സ്വദേശിയെ അറസ്റ്റ് ചെയ്തു. ബുധനാഴ്ച ഉച്ചയോടെയാണ് സംഭവം. ലഖ്നോ റാംമനോഹ൪ ലോഹ്യ കോളജിലെ രണ്ടാം വ൪ഷ നിയമവിദ്യാ൪ഥി സത്ത്നംസിങ് മാൻ (24) ആണ് പിടിയിലായത്.
ദ൪ശനത്തിന് കാത്ത് ഭക്ത൪ക്കിടയിൽ ഇരിക്കുകയായിരുന്ന ഇയാൾ ഖു൪ആൻ വചനം ഉരുവിട്ടാണ് അമൃതാനന്ദമയിക്ക് അടുത്തേക്ക് പോകാൻ ശ്രമിച്ചതെന്ന് പൊലീസ് അറിയിച്ചു. സ്ഥലത്തുണ്ടായിരുന്ന പൊലീസുകാ൪ ഇയാളെ കീഴ്പ്പെടുത്തി. ഇതിനുള്ള ശ്രമത്തിനിടെ സിവിൽ പൊലീസ് ഓഫിസ൪ ജോയിയുടെ കൈക്ക് പരിക്കേറ്റു. ഇദ്ദേഹത്തെ കരുനാഗപ്പള്ളി താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു.
സത്ത്നംസിങ്ങിനെ കാണാനില്ലെന്ന് കാട്ടി ബന്ധുക്കൾ പരാതി നൽകിയിട്ടുണ്ടെന്ന് ബീഹാ൪ അധികൃതരുമായി പൊലീസ് ബന്ധപ്പെട്ടപ്പോൾ വ്യക്തമായി. പിതാവ് ഹരീന്ദ്രകുമാ൪ സിങ്ങുമായും പൊലീസ് ടെലിഫോണിൽ സംസാരിച്ചു.
അമൃതാനന്ദമയിയെ ആരോ കാന്തവലയത്തിൽ അകപ്പെടുത്തി വലിച്ചുമുറുക്കുന്നത് കണ്ട താൻ അവരെ രക്ഷപ്പെടുത്താനാണ് പീഠത്തിനരികിലേക്ക് ചാടിക്കയറിയതെന്നാണ് സത്ത്നംസിങ് പൊലീസിനോട് പറഞ്ഞത്. എല്ലാ മതഗ്രന്ഥങ്ങളിലും പ്രാവീണ്യമുള്ളയാളാണ് സത്ത്നം സിങ്ങെന്ന് സംസാരത്തിൽ വ്യക്തമായതായി പൊലീസ് പറയുന്നു.
മേയ് 26ന് നാട്ടിൽ നിന്ന് പുറപ്പെട്ട ഇയാൾ നേരത്തെയും ആശ്രമത്തിലെത്തിയിരുന്നുവെങ്കിലും അമൃതാനന്ദമയി ഇല്ലാതിരുന്നതിനെതുട൪ന്ന് വ൪ക്കലയിലെ ലോഡ്ജിൽ താമസിക്കുകയായിരുന്നു. വിവിധ തീ൪ഥാടന കേന്ദ്രങ്ങൾ സന്ദ൪ശിച്ചശേഷമാണ് ആശ്രമത്തിലെത്തിയത്. മാനസികപ്രശ്നങ്ങളൊന്നും ഉള്ളതായി തോന്നുന്നില്ലെന്നാണ് പൊലീസിൻെറ നിഗമനം. ആഭ്യന്തരമന്ത്രി തിരുവഞ്ചൂ൪ രാധാകൃഷ്ണൻ വൈകുന്നേരത്തോടെ ആശ്രമത്തിലെത്തി വിശദാംശങ്ങൾ അന്വേഷിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.