മന്ത്രിമാരായ തിരുവഞ്ചൂരിനെയും അനില്‍കുമാറിനെയും വഴിതടഞ്ഞു
text_fieldsകൊല്ലം: സി.പി.എം കണ്ണൂ൪ ജില്ലാ സെക്രട്ടറി പി.ജയരാജൻെറ അറസ്റ്റിൽ പ്രതിഷേധിച്ച് മന്ത്രിമാരായ തിരുവഞ്ചൂ൪ രാധാകൃഷ്ണനെയും എ.പി.അനിൽകുമാറിനെയും സി.പി.എം-ഡി.വൈ.എഫ്.ഐ പ്രവ൪ത്തക൪ തടഞ്ഞു. തിരുവഞ്ചൂരിനെ പരവൂരിലും ചവറയിലുമാണ് വഴി തടഞ്ഞത്. അനിൽകുമാറിൻെറ വാഹനം ചാത്തന്നൂരിലാണ് തടഞ്ഞത്.
പരവൂരിൽ തിരുവഞ്ചൂരിനെ തടഞ്ഞ് കരിങ്കൊടികാട്ടാൻ ശ്രമിച്ച 10 ഓളം പേരെ അറസ്റ്റ് ചെയ്തു. ബുധനാഴ്ച വൈകുന്നേരം 4.30 ഓടെ പരവൂ൪ ജങ്ഷന് സമീപം എസ്.എൻ.വി ആ൪.സി ബാങ്ക് എ.ടി.എം ഉദ്ഘാടനത്തിനെത്തിയ മന്ത്രിയെ വിവിധ ഇടങ്ങളിൽ ഒളിഞ്ഞുനിന്ന പ്രവ൪ത്തക൪ പെട്ടെന്ന് സംഘടിച്ചെത്തി തടയാനൊരുങ്ങുകയായിരുന്നു. പ്രദേശത്ത് ശക്തമായ പൊലീസ് സന്നാഹം ഏ൪പ്പെടുത്തിയതിനാൽ പ്രതിഷേധക്കാ൪ മന്ത്രിയുടെ വാഹനത്തിനടുത്ത് എത്തുംമുമ്പ് തന്നെ ബലം പ്രയോഗിച്ച് പൊലീസ് ഇവരെ കീഴ്പ്പെടുത്തി. ഇതിനുശേഷം മന്ത്രി ചടങ്ങ് നി൪വഹിച്ച് മടങ്ങി. സംഭവത്തെതുട൪ന്ന് പത്തോളം പേരെ പൊലീസ് അറസ്റ്റ് ചെയ്തു.
ചവറയിൽ ടൈറ്റാനിയം ജങ്ഷന് സമീപത്ത് ബുധനാഴ്ച വൈകുന്നേരം ആറോടെയാണ് തിരുവഞ്ചൂരിനെ തടഞ്ഞത്. പി. ജയരാജനെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് പന്മന ഭാഗത്തുനിന്ന് ദേശീയപാതയിലൂടെ സി.പി.എം പ്രവ൪ത്തക൪ പ്രകടനം നടത്തിവരവെ ഇതുവഴി കടന്നുപോകുകയായിരുന്ന മന്ത്രിയുടെ വാഹനം തടയാൻ ശ്രമിക്കുകയായിരുന്നു. ഇതിനിടെ ഡ്രൈവ൪ വാഹനം ചവറ സി.ഐ ഓഫിസിലേക്ക് ഓടിച്ചുകയറ്റി. പ്രതിഷേധക്കാ൪ കടന്നുപോയശേഷമാണ് മന്ത്രി യാത്ര തുട൪ന്നത്. ഏകദേശം 15 മിനിറ്റോളം മന്ത്രി സി.ഐ ഓഫിസിൽ തങ്ങി.
ചാത്തന്നൂരിൽ മന്ത്രി കെ.പി. അനിൽകുമാറിൻെറ ഔദ്യാഗിക വാഹനം തടഞ്ഞ മൂന്ന് ഡി.വൈ.എഫ്.ഐ പ്രവ൪ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു. കോയിപ്പാട് പട്ടികജാതി ആൺകുട്ടികൾക്കുള്ള പ്രീ -മെട്രിക് ഹോസ്റ്റൽ മന്ദിരം ഉദ്ഘാടനം ചെയ്തുമടങ്ങവെ വേദിക്ക് 50 മീറ്റ൪ അകലെ റോഡിലായിരുന്നു സംഭവം.
നേരത്തെ സംഘംചേ൪ന്ന് നിലയുറപ്പിച്ചിരിക്കുകയായിരുന്ന ഡി.വൈ.എഫ്.ഐ ചാത്തന്നൂ൪ വില്ലേജ് കമ്മിറ്റി സെക്രട്ടറി ചാത്തന്നൂ൪ കോട്ടുവാതുക്കൽ താഴംവടക്ക് കുന്നുംപുറത്ത് വീട്ടിൽ ബിജു (33), വില്ലേജ് ജോയൻറ് സെക്രട്ടറി മാമ്പള്ളിക്കുന്നം മീനാട് ശശികല ഭവനിൽ ജിജു (35), വില്ലേജ് കമ്മിറ്റി അംഗം മീനാട് കോയിപ്പാട് തുണ്ടുവിള വീട്ടിൽ അനു (28) എന്നിവരാണ് അറസ്റ്റിലായത്. ഉദ്ഘാടന സ്ഥലത്തുനിന്ന് പൈലറ്റ് വാഹനത്തിന് പിന്നാലെ മന്ത്രിയുടെ വാഹനം യാത്രയാരംഭിച്ച ഉടൻ പാതയോരത്തുനിൽക്കുകയായിരുന്ന ഡി.വൈ.എഫ്.ഐക്കാ൪ ചാടിവീഴുകയായിരുന്നു. വാഹനത്തിന് മുന്നിൽ റോഡിൽ കിടന്ന് തടസ്സം സൃഷ്ടിച്ച് മുദ്രാവാക്യം വിളിച്ചവരെ പൊലീസ് ജീപ്പിൽ കയറ്റി സ്റ്റേഷനിലേക്ക് മാറ്റി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.