അസം: സര്‍ക്കാറിന് കടുത്ത വിമര്‍ശം
text_fieldsന്യൂദൽഹി: ബഹുഭൂരിപക്ഷം വരുന്ന ന്യൂനപക്ഷങ്ങൾ അടക്കം ലക്ഷങ്ങൾക്ക് വീടുവിട്ടോടി രക്ഷാകേന്ദ്രങ്ങളിൽ അഭയം പ്രാപിക്കേണ്ടിവരുകയും നിരവധി പേ൪ കൊല്ലപ്പെടുകയും ചെയ്ത അസം കലാപപ്രശ്നം മഴക്കാല സമ്മേളനത്തിൻെറ തുടക്കദിവസം പാ൪ലമെൻറിൻെറ ഇരുസഭകളും സ്തംഭിപ്പിച്ചു. കലാപം അമ൪ച്ചചെയ്യുന്നതിലും അതിനിരയായവരെ സംരക്ഷിക്കുന്നതിലും ഗുരുതരമായ വീഴ്ചവരുത്തിയെന്ന് ആരോപിച്ച് പ്രതിപക്ഷം കേന്ദ്ര-സംസ്ഥാന സ൪ക്കാറുകളെ പ്രതിക്കൂട്ടിൽ നി൪ത്തി.
സഭാസമ്മേളനത്തിൻെറ ഒന്നാം ദിവസം മറ്റു നടപടികളിലേക്ക് കടക്കുന്നതിനു മുമ്പ് അസം പ്രശ്നം ച൪ച്ചചെയ്യണമെന്ന ആവശ്യമാണ് പ്രതിപക്ഷം ഉയ൪ത്തിയത്. സ൪ക്കാ൪ ച൪ച്ചക്ക് വഴങ്ങി. എന്നാൽ, ചോദ്യോത്തരവേളക്കുശേഷം ച൪ച്ചയാകാമെന്ന സ്പീക്കറുടെ നിലപാട് പ്രതിപക്ഷം അംഗീകരിച്ചില്ല. ഇതോടെയാണ് ആദ്യം സഭാസ്തംഭനം ഉണ്ടായത്. വീണ്ടും സമ്മേളിച്ചപ്പോൾ പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയം അനുവദിച്ച് ച൪ച്ചയിലേക്ക് കടന്നതോടെ ബഹളം അടങ്ങി. എന്നാൽ, വൈകീട്ട് ആറുവരെ ച൪ച്ചചെയ്തിട്ടും പ്രമേയം പാസായില്ല.
മുതി൪ന്ന ബി.ജെ.പി നേതാവ് എൽ.കെ. അദ്വാനിയാണ് അടിയന്തരപ്രമേയം അവതരിപ്പിച്ചത്. ലക്ഷക്കണക്കിന് കുടുംബങ്ങൾ പലായനം ചെയ്യേണ്ടിവന്നത് ദു$ഖകരമാണെങ്കിലും ബംഗ്ളാദേശിൽനിന്നുള്ള നുഴഞ്ഞുകയറ്റം തടയാത്തതാണ് അസം പ്രശ്നത്തിൻെറ യഥാ൪ഥ കാരണമെന്നായിരുന്നു അദ്വാനിയുടെ പക്ഷം. ഇത് ഹിന്ദു-മുസ്ലിം പ്രശ്നമാക്കി വ൪ഗീയവത്കരിക്കരുത്. പൗരന്മാരും നുഴഞ്ഞുകയറ്റക്കാരും തമ്മിലുള്ള വിഷയമാണ്. ബംഗ്ളാദേശി മുസ്ലിം നുഴഞ്ഞുകയറ്റം രാജ്യത്തിനാകെ ഭീഷണിയാണ്. നുഴഞ്ഞുകയറ്റക്കാരെ പുറത്താക്കണമെന്ന സുപ്രീംകോടതി വിധി നടപ്പാക്കുകയാണ് കേന്ദ്രം ചെയ്യേണ്ടതെന്ന് അദ്വാനി പറഞ്ഞു.
അദ്വാനി പറയുന്നതുപോലെ അസമിലെ മുസ്ലിംകളെല്ലാം ബംഗ്ളാദേശി കുടിയേറ്റക്കാരല്ലെന്ന് അസമിൽനിന്നുള്ള അംഗമായ കേന്ദ്രമന്ത്രി സവൻസിങ് ഘടോവ൪ പറഞ്ഞു. കൊക്രജറിലും പരിസര ജില്ലകളിലുമുള്ള മുസ്ലിംകൾ സ്വാതന്ത്ര്യത്തിനുമുമ്പുതന്നെ അവിടെ താമസിക്കുന്നവരാണ്. അവ൪ക്ക് ഇന്ത്യൻ പൗരത്വവും ഭൂമിയും സ്വന്തമായുണ്ട്. അവരെയെല്ലാം വിദേശികളെന്ന് മുദ്രകുത്തി നാടുകടത്താനാകില്ലെന്ന് കേന്ദ്രമന്ത്രി വ്യക്തമാക്കി. നുഴഞ്ഞുകയറ്റക്കാരായി ചിത്രീകരിച്ച് അസമിലെ മുസ്ലിംകളെ വേട്ടയാടുകയാണെന്ന് ഇ.ടി. മുഹമ്മദ് ബഷീ൪, അസദുദ്ദീൻ ഉവൈസി തുടങ്ങിയവ൪ ചൂണ്ടിക്കാട്ടി.
ഭവനരഹിതരായ ലക്ഷക്കണക്കിന് പേ൪ താമസിക്കുന്ന ദുരിതാശ്വാസ ക്യാമ്പുകളിൽ അവശ്യസാധനങ്ങളും പ്രാഥമിക സൗകര്യവുമില്ലാത്ത ദയനീയാവസ്ഥ എം.പിമാ൪ വിവരിച്ചു. ബംഗാളി സംസാരിക്കുന്ന മുസ്ലിംകളെല്ലാം ബംഗ്ളാദേശി നുഴഞ്ഞുകയറ്റക്കാരല്ലെന്ന് ബസുദേവ ആചാര്യ പറഞ്ഞു. ബോഡോ മേഖലയിൽ 27 ശതമാനം മാത്രമുള്ള ബോഡോകൾ ന്യൂനപക്ഷങ്ങളെയും ആദിവാസികളെയും ആട്ടിയോടിച്ച് പ്രത്യേക സംസ്ഥാനത്തിനായി ശ്രമിക്കുകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ബംഗ്ളാദേശി നുഴഞ്ഞുകയറ്റക്കാരെ ഇന്ത്യൻ മുസ്ലിംകളായി കാണാൻ സാധിക്കില്ലെന്നാണ് ശിവസേനയിലെ അനന്ത് ഗീഥെ അഭിപ്രായപ്പെട്ടത്. രണ്ടുകോടി ബംഗ്ളാദേശുകാ൪ ഇന്ത്യയിൽ അനധികൃതമായി കഴിയുന്നുണ്ടെന്ന് മുൻമന്ത്രി ശശി തരൂ൪ ഈയിടെ പറഞ്ഞെങ്കിലും സ൪ക്കാ൪ മുഖവിലക്കെടുക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ബോഡോകളെയും ന്യൂനപക്ഷങ്ങളെയും തമ്മിലടിപ്പിച്ച് രാഷ്ട്രീയ നേട്ടമുണ്ടാക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും അതിന് പിന്നിൽ ആരാണെന്ന് ജനങ്ങൾക്കറിയാമെന്നും ലാലു പ്രസാദ് യാദവ് പറഞ്ഞു. ലുങ്കിയും തൊപ്പിയും ധരിച്ച് താടി വള൪ത്തി നടക്കുന്നവരെയെല്ലാം ബംഗ്ളാദേശി നുഴഞ്ഞുകയറ്റക്കാരായി ചിത്രീകരിക്കേണ്ട. ന്യൂനപക്ഷത്തെ ആട്ടിപ്പായിക്കാനാണ് കലാപമുണ്ടാക്കിയതെന്ന് ലാലു പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.