പ്രാര്‍ഥനകള്‍ വിഫലം; കിട്ടിയത് ജ്യോത്സ്നയുടെ ചലനമറ്റ ശരീരം
text_fieldsതിരുവമ്പാടി: ബന്ധുക്കളുടെയും നാട്ടുകാരുടെയും പ്രാ൪ഥനകൾ സഫലമാവാതെ ആനക്കാംപൊയിൽ ജി.എൽ.പി സ്കൂൾ നാലാം ക്ളാസ് വിദ്യാ൪ഥിനി ജ്യോത്സ്നയുടെ (ഒമ്പത്) ചലനമറ്റ ദേഹം ഇരുവഴിഞ്ഞിപ്പുഴയിൽ കണ്ടെത്തി. ഒഴുക്കിൽപ്പെട്ട തോടിൻെറ നാലു കിലോമീറ്റ൪ താഴെ ഇലന്ത് കടവിനടുത്ത കുമ്പിളിക്കുന്ന് പുഴയിലെ തുരുത്തിലാണ് മൃതദേഹം കണ്ടെത്തിയത്. വള്ളിപ്പട൪പ്പിൽ കിടക്കുകയായിരുന്ന മൃതദേഹം വ്യാഴാഴ്ച രാവിലെ 11ഓടെ സമീപത്തെ വീട്ടുകാരൻെറ ശ്രദ്ധയിൽപ്പെടുകയായിരുന്നു.
ആനക്കാംപൊയിൽ പടന്നമാക്കിൽ ബിനു-ഷീബ ദമ്പതികളുടെ മകളായ ജ്യോത്സ്നയെ ഉരുൾപൊട്ടലിനിടെ ഒഴുക്കിൽപ്പെട്ടാണ് കാണാതായത്. തിങ്കളാഴ്ച വൈകീട്ട് അഞ്ചോടെ അച്ഛനും അമ്മക്കുമൊപ്പം വീടിന് സമീപത്തെ തോട് മുറിച്ചുകടക്കവെ മാതാപിതാക്കളുടെ കൈവിട്ടാണ് ജ്യോത്സ്ന ഒഴുക്കിൽപ്പെട്ടത്. ബിനുവും ഷീബയും പരിക്കോടെ രക്ഷപ്പെട്ടു. ജ്യോത്സ്നക്കായി കഴിഞ്ഞ രണ്ടുദിവസമായി നാട്ടുകാരും അഗ്നിശമനസേനയും തിരച്ചിൽ നടത്തിവരുകയായിരുന്നു.
ഉച്ചയോടെ മൃതദേഹം ജ്യോത്സ്നയുടെ വിദ്യാലയമായ ആനക്കാംപൊയിൽ ജി.എൽ.പി സ്കൂളിൽ പൊതുദ൪ശനത്തിനെത്തിച്ചു. സഹപാഠികളും അധ്യാപകരും നാട്ടുകാരുമുൾപ്പെടെ നിരവധിപേ൪ അന്ത്യാഞ്ജലിയ൪പ്പിക്കാനെത്തി.
എം.ഐ. ഷാനവാസ് എം.പി, സി. മോയിൻകുട്ടി എം.എൽ.എ, തിരുവമ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഏലിയാമ്മ ജോ൪ജ്, താമരശ്ശേരി രൂപത വികാരി ജനറൽ മോൺ തോമസ് നാഗപറമ്പിൽ, ജനപ്രതിനിധികൾ തുടങ്ങിയവ൪ അന്ത്യോപചാരമ൪പ്പിച്ചു.
2.45ഓടെ സംസ്കാരത്തിനായി പുല്ലൂരാംപാറ സെൻറ് ജോസഫ്സ് ദേവാലയത്തിൽ മൃതദേഹമെത്തിച്ചു. സംസ്കാര ശുശ്രൂഷക്ക് താമരശ്ശേരി രൂപത വികാരി ജനറൽ മോൺ തോമസ് നാഗപറമ്പിൽ, സെൻറ് ജോസഫ്സ് ദേവാലയ വികാരി ഫാ. അഗസ്റ്റ്യൻ കാഞ്ഞിരക്കാട്ടുകുന്നേൽ എന്നിവ൪ കാ൪മികത്വം വഹിച്ചു. നാലുമണിയോടെ സെൻറ് ജോസഫ് സെമിത്തേരിയിൽ സംസ്കരിച്ചു. നൈജിൽ, അഖിൽ, അലൻ എന്നിവരാണ് ജ്യോത്സ്നയുടെ സഹോദരങ്ങൾ.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.