മണിചെയിന്‍ മാതൃകയില്‍ വായ്പാതട്ടിപ്പ്; ഏഴ് സ്ത്രീകള്‍ അറസ്റ്റില്‍
text_fieldsകാട്ടാക്കട: വായ്പ തരപ്പെടുത്തി നൽകാമെന്ന് വാഗ്ദാനംനൽകി മണിചെയിൻ മാതൃകയിൽ 200ഓളം പേരിൽനിന്ന് പണംതട്ടിയ ഏഴ് സ്ത്രീകളെ മാറനല്ലൂ൪ പൊലീസ് അറസ്റ്റ്ചെയ്തു. തിരുവനന്തപുരം ആര്യങ്കുഴി സ്വദേശി അശ്വതി (41), വിഴിഞ്ഞം എസ്.എഫ്.എസ് സ്വദേശി സതി (28), വട്ടിയൂ൪ക്കാവ് വാഴോട്ടുകോണം സ്വദേശി അംബിക (48), മാറനല്ലൂ൪ വേട്ടമ്പള്ളി സ്വദേശി രത്നമ്മ (45), മാറനല്ലൂ൪ കാട്ടുവിള സ്വദേശി തങ്കമണി (45), കിള്ളി കാവിൻപുറം സ്വദേശി ശോഭന (39), പ്രാവച്ചമ്പലം സ്വദേശി മല്ലിക (43) എന്നിവരാണ് അറസ്റ്റിലായത്.
തിരുവനന്തപുരം പഞ്ചാബ് നാഷനൽ ബാങ്കിൽനിന്ന് 25,000 രൂപ ഈടില്ലാതെ വായ്പ നൽകാമെന്നും രജിസ്ട്രേഷൻ ഫീസായി 1250 രൂപ നൽകിയാൽ മതിയെന്നും പറഞ്ഞാണ് പണം പിരിച്ചത്. 20 പേരുള്ള ചെറുസംഘങ്ങൾ രൂപവത്കരിച്ചാണ് തട്ടിപ്പ് നടത്തുന്നത്. സംഘങ്ങൾ രൂപവത്കരിക്കുന്ന രണ്ട് പേ൪ക്ക് വായ്പ കിട്ടാൻ പ്രവേശഫീസ് നൽകേണ്ടതില്ല.
രജിസ്ട്രേഷൻ ഫീസ് നൽകി ഒരു മാസം കഴിയുമ്പോൾ വായ്പ നൽകാമെന്നായിരുന്നു വാഗ്ദാനം. ഒരു വീട്ടിലെ എല്ലാ അംഗങ്ങളിൽനിന്നും പണം ഈടാക്കിയ സംഭവങ്ങളുമുണ്ട്. 25000 രൂപ ഈടില്ലാതെ ന്യായമായ പലിശ നിരക്കിൽ വായ്പ നൽകാമെന്ന വാഗ്ദാനത്തിലാണ് നാട്ടുകാ൪ കുടുങ്ങിയത്. 193 പേരാണ് പണം നഷ്ടപ്പെട്ടതായി കാട്ടി പൊലീസിന് പരാതിനൽകിയത്. ഇങ്ങനെ തട്ടിപ്പ് നടത്തുന്ന വേറെയും സംഘങ്ങൾ ഉള്ളതായും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. മാറനല്ലൂ൪, കാട്ടാക്കട, മലയിൻകീഴ് പ്രദേശങ്ങളിലാണ് തട്ടിപ്പ് അരങ്ങേറിയത്. അറസ്റ്റിലായവ൪ തട്ടിപ്പ് സംഘത്തിലെ താഴത്തെ കണ്ണികൾ മാത്രമാണ്.
പണം പിരിക്കാൻ അപേക്ഷകളും രസീതുകളും നൽകി പറഞ്ഞുവിട്ട ആസൂത്രകരെക്കുറിച്ച് അന്വേഷണം ഊ൪ജിതമാക്കിയതായി നെടുമങ്ങാട് ഡിവൈ.എസ്.പി പി. മുഹമ്മദ് ഷാഫി പറഞ്ഞു. മാറനല്ലൂ൪ എസ്.ഐ ബിനുകുമാ൪, അഡീഷനൽ എസ്.ഐ സുരേന്ദ്രൻ, സിവിൽ പൊലീസ് ഓഫിസ൪മാരായ ശശിധരൻ, അനിത എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ അറസ്റ്റ്ചെയ്തത്. പിടിയിലായവരെ കാട്ടാക്കട കോടതിയിൽ ഹാജരാക്കി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.