കിളിമാനൂരില്‍ കടകള്‍ പൊളിക്കുന്നതിനെച്ചൊല്ലി സംഘര്‍ഷം, പഞ്ചായത്തംഗത്തിന് നേരെ കൈയേറ്റം
text_fieldsകിളിമാനൂ൪: പഴയകുന്നുമ്മേൽ ഗ്രാമപഞ്ചായത്ത് വക കിളിമാനൂ൪ ബസ് സ്റ്റാൻഡിലെ കടകൾ പൊളിച്ചുമാറ്റിയത് സംഘ൪ഷത്തിനിടയാക്കി. പൊലീസ് സഹായത്തോടെയാണ് കടകൾ പൊളിച്ചത്.
ഇതിനിടെ പൊളിച്ചുമാറ്റുന്നതിനെതിരെ കട ഉടമകൾ ഹൈകോടതി ഡിവിഷൻ ബെഞ്ചിനെ സമീപിച്ചതിനെത്തുട൪ന്ന് താൽകാലികമായി പൊളിക്കുന്നത് തടഞ്ഞു. ഉത്തരവ് എത്തും മുമ്പ് 60 ശതമാനത്തിലധികം പൊളിച്ചിരുന്നു. സംഭവത്തിനിടെ പഞ്ചായത്തംഗത്തെ കൈയേറ്റം ചെയ്തതായി പരാതിയുണ്ട്. ഇതുസംബന്ധിച്ച് അംഗം ഹരീഷ് ആറ്റിങ്ങൽ ഡിവൈ.എസ്.പിക്ക് പരാതി നൽകി.
വെള്ളിയാഴ്ച പകൽ 11ഓടെയാണ് പൊളിക്കൽ ആരംഭിച്ചത്. ഇത് തടയാൻ ഒരു സംഘം ആ൪.എസ്.എസ്, ബി.ജെ.പി പ്രവ൪ത്തക൪ ശ്രമിച്ചതാണ് സംഘ൪ഷത്തിന് കാരണമായത്. സ്റ്റാൻഡിലെ വിശ്രമകേന്ദ്രത്തിൽ കടകൾ നടത്താനുള്ള അനുമതി വ്യവസ്ഥകൾക്ക് വിധേയമായി ഒരു വ൪ഷത്തേക്ക് കൃഷ്ണൻകുട്ടിക്കും സന്തോഷിനും നൽകിയിരുന്നു. കാലാവധി തീ൪ന്ന മുറയ്ക്ക് ഒഴിയാൻ ആവശ്യപ്പെട്ടെങ്കിലും ഇവ൪ ഹൈകോടതിയെ സമീപിച്ചു.
എന്നാൽ കോടതി പഞ്ചായത്ത് തീരുമാനത്തെ അനുകൂലിച്ച് ഉത്തരവിറക്കി. ഇവ൪ കലക്ട൪ക്ക് പരാതി നൽകിയെങ്കിലും കലക്ട൪ വിളിച്ചപ്പോൾ പരാതിക്കാ൪ എത്തിയില്ല. തുട൪ന്ന് കലക്ടറും നടപടിയുമായി മുന്നോട്ട് പോകാൻ പഞ്ചായത്തിന് അനുമതി നൽകി.
പൊളിച്ചുമാറ്റാൻ കക്ഷികൾക്ക് പഞ്ചായത്ത് നോട്ടീസ് നൽകിയെങ്കിലും നടപടിയില്ലാത്തതിനെ തുട൪ന്നാണ് പൊലീസിൻെറ സഹായത്തോടെ പൊളിക്കൽ ആരംഭിച്ചത്.
തുട൪ന്ന് കടയുടമകൾ ഡിവിഷൻ ബെഞ്ചിനെ സമീപിച്ച് ഉത്തരവ് വാങ്ങുകയായിരുന്നു. വൈകുന്നേരം അഞ്ചോടെ ഉത്തരവിൻെറ പക൪പ്പ് പഞ്ചായത്ത് സെക്രട്ടറിക്ക് നൽകിയതിൻെറ അടിസ്ഥാനത്തിൽ നടപടി നി൪ത്തി. ഇതിനിടെയാണ് അംഗത്തെ കൈയേറ്റം ചെയ്യാൻ ശ്രമിച്ചത്.
പഞ്ചായത്ത് സെക്രട്ടറി സലിൻകുമാ൪, പ്രസിഡൻറ് രഘുനാഥൻ നായ൪ എന്നിവരുടെ നേതൃത്വത്തിലായിരുന്നു നടപടി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.