ബാലുവിനെ കൊന്നതും ഞങ്ങള്‍ -എം.എം. മണി
text_fieldsതൊടുപുഴ: പീരുമേട്ടിൽ അയ്യപ്പദാസിനെ കോൺഗ്രസുകാ൪ കൊന്നതിന് പ്രതികാരമായാണ് ബാലുവിനെ വധിച്ചതെന്ന് സി.പി.എം ഇടുക്കി മുൻ ജില്ലാ സെക്രട്ടറി എം.എം. മണി. മണക്കാട്ടെ വിവാദ പ്രസംഗത്തിൻെറ അടിസ്ഥാനത്തിൽ അന്വേഷണം നേരിടുന്നതിനിടെയാണ് വീണ്ടും വിവാദ പ്രസംഗവുമായി മണി രംഗത്തു വന്നത്. അടിമാലി പത്താം മൈലിൽ വെള്ളിയാഴ്ച നടത്തിയ രാഷ്ട്രീയ വിശദീകരണ യോഗത്തിലെ മണിയുടെ വാക്കുകൾ കേൾവിക്കാ൪ മൊബൈൽ ഫോണിൽ പക൪ത്തി ചാനലുകൾക്ക് നൽകുകയായിരുന്നു.
‘സി.പി.എം ലോക്കൽ കമ്മിറ്റി അംഗമായിരുന്ന അയ്യപ്പദാസിനെ വെട്ടിക്കൊന്ന കോൺഗ്രസുകാരാണ് ഇപ്പോൾ സി.പി. എമ്മിനെ കൊലപാതക പാ൪ട്ടിയെന്ന് വിളിക്കുന്നത്. ബാലുവിനെ ഞങ്ങളുടെ പ്രവ൪ത്തകരാണ് കൊന്നത്. അതിൽ എട്ടുപേരെ അറസ്റ്റ് ചെയ്തിരുന്നു.ഇപ്പോൾ കേസ് നടക്കുകയാണ്. ഞാൻ ഉൾപ്പെടെയുള്ള നേതാക്കളെ കൊലക്കേസുകളിൽപെടുത്താനാണ് കോൺഗ്രസിൻെറ ശ്രമം. മണക്കാട് നടത്തിയ പ്രസംഗത്തിൻെറ പേരിൽ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമാണ് എനിക്കെതിരെ കേസെടുത്തത്. എന്നെ ഒന്നാം പ്രതിയാക്കാനുള്ള ശ്രമം വിലപ്പോകില്ല.
30 വ൪ഷം മുമ്പ് മരിച്ച ആളാണ് അഞ്ചേരി ബേബി. ആ മനുഷ്യനെ ഞാൻ അറിയില്ല. സംഘട്ടനത്തിൽ കൊല്ലപ്പെട്ടതാണെന്ന് കേട്ടിട്ടുണ്ട്. വയലാ൪ രവിയുടെ പൊലീസാണ് കേസന്വേഷിച്ചതും പ്രതികളെ കണ്ടെത്തിയതുമെല്ലാം.പിന്നീട് തെളിവില്ലെന്നു പറഞ്ഞ് ഇവരെ കോടതി വെറുതെവിട്ടു. എന്നിട്ടിപ്പോൾ ഞങ്ങളെ കുറ്റപ്പെടുത്തുന്നതിൻെറ അ൪ഥമെന്താണ്.
പിന്നെയുള്ളത് മുള്ളൻചിറ മത്തായി.ഇയാളെയും അറിയില്ല. 16 കേസിൽ പ്രതിയാണെന്ന് അറിയാം. ഇയാളെയാണ് ഇപ്പോൾ മിശിഹയായി അവതരിപ്പിക്കുന്നത്. മുട്ടുകാട് നാണപ്പൻ കുടുംബ വഴക്കിനിടെയാണ് മരിച്ചത്. ഈ വഴക്കിൽ മൂന്നുപേ൪ കൊല്ലപ്പെട്ടിരുന്നു. രണ്ടുപേരെ വെടിവെച്ചും ഒരാളെ കുത്തിയുമാണ് കൊന്നത്. ഇതെല്ലാം ഞങ്ങളുടെ തലയിൽ കെട്ടിവെക്കാനാണ് നോക്കുന്നത്.
ശത്രുക്കൾ ആക്രമിക്കുമ്പോൾ കൂടെയുള്ളവ൪ക്ക് ഞങ്ങളുടെ ചോര കുടിക്കാനാണ് ഇഷ്ടം. ചതിയൻ ചന്തുവിൻെറ സ്വഭാവമാണ് സി.പി.ഐക്ക്. കൊലപാതക പാ൪ട്ടിയെന്ന് പറഞ്ഞ് ഞങ്ങളിൽനിന്ന് ആരെയെങ്കിലും അട൪ത്തിയെടുക്കാമോ എന്നാണ് അവ൪ നോക്കുന്നത്. ഇതാണ് അവരുടെ വ൪ഗബോധം. പന്ന്യൻെറ ഈ നിലപാട് വഞ്ചനാപരമാണ്. ഇതുകൊണ്ട് സി.പി.എമ്മിൽ നിന്ന് പത്തുപേരെ കിട്ടുമെന്ന് കരുതരുത്.’
അതേസമയം താൻ ഇങ്ങനെയൊന്നും പറഞ്ഞിട്ടില്ലെന്നാണ് എം.എം. മണിയുടെ നിലപാട്. ചാനലുകളിൽ വാ൪ത്തയും ശബ്ദരേഖയും വന്ന സാഹചര്യത്തിൽ മൂന്നാറിൽ ഞായറാഴ്ച വാ൪ത്താസമ്മേളനം വിളിച്ച് കാര്യങ്ങൾ വിശദീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേ൪ത്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.