ഓണം: സംസ്ഥാനത്തേക്ക് സ്പിരിറ്റ് ഒഴുകുന്നു
text_fieldsകട്ടപ്പന: ഓണം വിപണി ലക്ഷ്യമാക്കി അന്യസംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലേക്ക് സ്പിരിറ്റ് കടത്തുന്നു. തമിഴ്നാട് അതി൪ത്തി ചെക് പോസ്റ്റുകളായ കമ്പംമെട്ട്, ബോഡിമെട്ട്, കുമളി എന്നിവിടങ്ങളിലൂടെയാണ് സ്പിരിറ്റ് എത്തുന്നത്. ക൪ണാടക, തമിഴ്നാട് സംസ്ഥാനങ്ങളിലെ ഡിസ്റ്റിലറികളിൽ നിന്ന് ശേഖരിക്കുന്ന സ്പിരിറ്റ് തമിഴ്നാട്ടിലെ കേന്ദ്രങ്ങളിൽ സൂക്ഷിച്ച ശേഷം ലോറികളിലെ രഹസ്യ അറകളിൽ നിറച്ചും ആഡംബര വാഹനങ്ങളിലുമാണ് കേരളത്തിലേക്ക് കടത്തുന്നത്.
35 ലിറ്ററിൻെറ കന്നാസിൽ നിറച്ച ആയിരക്കണക്കിന് ലിറ്റ൪ സ്പിരിറ്റ് കഴിഞ്ഞ 15 ദിവസത്തിനിടെ അതി൪ത്തി ചെക്പോസ്റ്റുകളിലൂടെ കേരളത്തിൽ എത്തിയതായാണ് വിവരം. ഇവയിലേറെയും കോട്ടയം, എറണാകുളം,ആലപ്പുഴ,പത്തനംതിട്ട, കൊല്ലം ജില്ലകളിലേക്കാണ് കടത്തിയത്. ഉദ്യോഗസ്ഥ൪ക്ക് പടി നൽകി പരിശോധനകൾ ഒഴിവാക്കിയാണ് കടത്ത്.
അതി൪ത്തി ചെക്പോസ്റ്റിലേക്ക് വാഹനമെത്തുന്നതിന് മുമ്പ് തന്നെ ഏജൻറുമാ൪ ഇവിടെയെത്തി നിരീക്ഷണം നടത്തും. സാഹചര്യം അനുകൂലമാണെന്ന് കണ്ടാൽ മൊബൈൽ ഫോണിൽ വിവരം കൈമാറും. തുട൪ന്ന് വാഹനം ചെക്പോസ്റ്റിലെത്തിയാലുടൻ ഉദ്യോഗസ്ഥ൪ക്ക് പടി നൽകി കടന്നുപോകും.
സ്പിരിറ്റുമായി പോകുന്ന വാഹനത്തിൻെറ മുന്നിൽ പിറകിലും മറ്റൊരു സംഘം സഞ്ചരിക്കും. വഴിയിൽ പരിശോധനയില്ലെന്ന് ഉറപ്പ് വരുത്തിയാണ് വാഹനം ഓരോ പോയൻറും കടക്കുന്നത്. അവിചാരിതമായി പൊലീസ് വാഹനം വഴിയിൽ കണ്ടാൽ മുമ്പേപോയ വാഹനം സന്ദേശം കൈമാറി സ്പിരിറ്റ് വണ്ടി ഇടവഴികളിലേക്ക് മാറ്റിയിടും.
സ്പിരിറ്റിൽ വെള്ളവും എസെൻസും ചേ൪ത്ത് വിദേശ മദ്യമാക്കിയാണ് വിൽപ്പന. കേരളത്തിൽ വിദേശ മദ്യ വിൽപ്പന വില വ൪ധിപ്പിച്ചതോടെ അന്യസംസ്ഥാനങ്ങളിൽ നിന്നുള്ള സ്പിരിറ്റ് കടത്ത് കൂടി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.