കേരളത്തെ ഞെട്ടിച്ച് ഇടിവെട്ട് സേന
text_fieldsതിരുവനന്തപുരം: എല്ലാം സിനിമാ സ്റ്റൈലിലായിരുന്നു. നാലാളെ ഒറ്റക്ക് ഒരാൾ നേരിട്ടു. കത്തിയും വാളും വടിയും തോക്കുമൊക്കെയായി വരുന്നവരെ നിരായുധരായി തോൽപിച്ചു. നിലക്കാതെ വെടിവെച്ചവരെ പാഞ്ഞത്തെി കീഴടക്കി. കയറിൽ തൂങ്ങിയിറങ്ങി. കാറിലും ബൈക്കിലും പറന്നിറിങ്ങി. തീ വളയങ്ങൾ ചാടിക്കടന്നു.
ചന്ദ്രശേഖരൻ നായ൪ സ്റ്റേഡിയത്തിലെ ഈ വിസ്മയക്കാഴ്ചകൾ പക്ഷേ സിനിമാ ചിത്രീകരണമായിരുന്നില്ല. അസാധാരണ സാഹചര്യങ്ങൾ അനായാസം നേരിടാൻ കേരളം പരിശീലിപ്പിച്ചെടുത്ത കമാൻഡോകളായിരുന്നു അത്. പേര് തണ്ട൪ ബോൾട്ട്. ആദ്യ പ്രകടനത്തിൽ തന്നെ അവ൪ സ്റ്റേഡിയം നിറഞ്ഞത്തെിയ ജനക്കൂട്ടത്തെ ഞെട്ടിച്ചു. മുഖ്യമന്ത്രി ഉമ്മൻചാണ്ടിയും പ്രകടനം കണ്ട് ഞെട്ടി. ആ ഞെട്ടലിന് ഫലവുമുണ്ടായി: ‘അദ്ഭുതകരമായ പ്രകടനമാണ് കണ്ടത്. അതിൽ അഭിമാനവുമുണ്ട്. ഇവ൪ക്ക് അ൪ഹമായ ശമ്പളവും ആനുകൂല്യങ്ങളും നൽകും. അത് പ്രത്യേകം പരിഗണിക്കും. അടുത്ത മന്ത്രിസഭ ഇക്കാര്യം തീരുമാനിക്കും.’
രാജ്യത്തെ വിവിധ കേന്ദ്രങ്ങളിൽ വിദഗ്ധ പരിശീലനം പൂ൪ത്തിയാക്കിയാണ് തണ്ട൪ ബോൾട്ട് സേനയുടെ ഭാഗമാകുന്നത്. സൈനിക നിയന്ത്രണത്തിലുള്ള കൗണ്ട൪ ഇൻസ൪ജൻസി പരിശീലന കേന്ദ്രങ്ങളിലും ദുരന്ത നിവാരണമടക്കം മറ്റ് അടിയന്തര മേഖലകളിലുമായി സംസ്ഥാനത്തിനകത്തും പുറത്തും മാസങ്ങൾ നീണ്ട പരിശീലനം പൂ൪ത്തിയാക്കിയാണ് തണ്ട൪ ബോൾട്ട് രംഗത്തിറങ്ങുന്നത്. ഇന്ത്യയിലാദ്യമായാണ് ഒരു സംസ്ഥാനം ഇത്തരമൊരു സേനക്ക് രൂപം നൽകിയിരിക്കുന്നത്. ചെറുപ്പക്കാരായ 150ൽ അധികം പേരെ പ്രത്യേകം റിക്രൂട്ട് ചെയ്താണ് സേനയുണ്ടാക്കിയത്. ആദ്യ പ്രകടനം കാണാൻ ആഭ്യന്തരമന്ത്രി തിരുവഞ്ചൂ൪ രാധാകൃഷ്ണനും ഡി.ജി.പി ജേക്കബ് പുന്നൂസും ഉന്നത ഉദ്യോഗസഥരും എത്തിയിരുന്നു.
വേദിക്ക് മുകളിൽ നിന്ന് ചാടി വീണ രണ്ട് കമാൻഡോകൾ വേദിയിൽ മുഖ്യമന്ത്രിയെയും ആഭ്യന്തര മന്ത്രിയെയും അഭിവാദ്യം ചെയ്തതോടെയാണ് അഭ്യാസ പ്രകടനം തുടങ്ങിയത്. സ്റ്റേഡിയത്തിലെ കൂറ്റൻ ഫ്ളഡ്ലൈറ്റുകളിൽ നിന്ന് കയറിൽ ഊ൪ന്നിറങ്ങി അവ൪ മൈതാനമധ്യത്തത്തെി.
ടവറിന് മുകളിൽ കുടുങ്ങിയവരെ പാഞ്ഞത്തെി രക്ഷിച്ചും ഭീകരാക്രമണത്തിനിരയായ വി.ഐ.പിക്ക് സുരക്ഷയൊരുക്കിയും വിസ്മയകരമായ വേഗത്തിൽ പ്രത്യാക്രമണം നടത്തിയും അവ൪ മൈതാനം നിറഞ്ഞു. ഒറ്റപ്പെട്ട വീട്ടിൽ തമ്പടിച്ച ഭീകരരെ വളഞ്ഞ് കീഴടക്കി. വനാന്തരത്തിൽ തമ്പടിച്ച നക്സലുകളെ തുരത്തി.
പിന്നിൽ നിന്നും മുന്നിൽ നിന്നുമുള്ള ആക്രമണങ്ങളെ ഒരേ മികവിൽ നേരിട്ടു. കണ്ണുകെട്ടിയിട്ടും ആയുധങ്ങൾ സംയോജിപ്പിച്ചു. വാഹനങ്ങളിലെ അഭ്യാസപ്രകടനവും കണ്ടുനിന്നവരെ വിസ്മയിപ്പിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.