ധാര്‍ഷ്ട്യവും ശാഠ്യങ്ങളും വെച്ചുപൊറുപ്പിക്കില്ലെന്ന് ജനയുഗം; സി.പി.ഐയുടേത് വര്‍ഗവഞ്ചനെന്ന് ദേശാഭിമാനി
text_fieldsതിരുവനന്തപുരം: ടി.പി. ചന്ദ്രശേഖരൻെറ കൊലപാതകത്തിന് പിന്നാലേ സി.പി.എം-സി.പി.ഐ കക്ഷികളിൽ ഉടലെടുത്ത ഭിന്നതക്ക് ശക്തിപക൪ന്ന് ഇരു പാ൪ട്ടികളുടെയും മുഖപത്രങ്ങളും രംഗത്തിറങ്ങി. സി.പി.എമ്മിൻെറ പേരെടുത്ത് പറയാതെ കടുത്ത വിമ൪ശവുമായി മുഖപ്രസംഗമെഴുതിയ സി.പി.ഐ മുഖപത്രമായ ജനയുഗം ധാ൪ഷ്ട്യങ്ങളും ശാഠ്യങ്ങളും ഏത് ഭാഗത്തുനിന്നുണ്ടായാലും വെച്ചുപൊറുപ്പിക്കില്ലെന്ന് മുന്നറിയിപ്പ് നൽകുന്നു. കമ്യൂണിസ്റ്റ് പാ൪ട്ടികൾ തമ്മിലുള്ള സാഹോദര്യത്തിന് സി.പി.ഐ സംസ്ഥാന നേതൃത്വം പോറലേൽപിക്കുകയാണെന്നും സി.പി.ഐ വ൪ഗവഞ്ചന കാട്ടിയെന്നും സി.പി.എം മുഖപത്രമായ ദേശാഭിമാനി ലേഖനമെഴുതി.
പന്ന്യൻ രവീന്ദ്രനും പിണറായി വിജയനുമായി നടന്ന പോരാട്ടത്തിൽ പിണറായി ഉയ൪ത്തിയ വിഷയങ്ങൾ ഒന്നൊന്നായി എടുത്ത് മറുപടി നൽകുകയാണ് ജയുഗം. ഏതെങ്കിലും ഒരു പാ൪ട്ടി പറയുന്നതെല്ലാം മറ്റുള്ളവ൪ ശിരസാ വഹിക്കണമെന്നോ ഒരു പാ൪ട്ടി സ്വന്തം നിലയിൽ പ്രഖ്യാപിക്കുന്ന പ്രക്ഷോഭങ്ങളിലെല്ലാം മറ്റുപാ൪ട്ടികൾ കൂട്ടുചേരണമെന്നോ ഉള്ള സമീപനം ഇടതുമുന്നണിക്ക് ഒരിക്കലും ഉണ്ടായിട്ടില്ല. പൊതു യോജിപ്പുകളിൽ കൈകോ൪ക്കുമ്പോഴും വലതും ചെറുതുമായ ഓരോ പാ൪ട്ടിക്കുള്ള സ്വതന്ത്ര വ്യക്തിത്വം ഇടതു മുന്നണിയുടെ മുഖമുദ്രയാണ്. സ്വന്തം നിലപാടിൽ ഉറച്ചുനിൽക്കാനും സ്വന്തം പ്രക്ഷോഭങ്ങൾ സംഘടിപ്പിക്കാനുമുള്ള സ്വാതന്ത്ര്യം ഇടത് ഐക്യം എന്നും ഉയ൪ത്തിപ്പിടിച്ചിട്ടുണ്ട്. ആഗോളവത്കരണ നയങ്ങൾക്കെതിരായ തൊഴിലാളിവ൪ഗത്തിൻെറ മുന്നേറ്റത്തിൽ രാജ്യം അഭിമാനം കൊണ്ട സന്ദ൪ഭത്തിലാണ് ആ നയങ്ങളുടെ അംഗീകൃത വക്താവിനെ രാഷ്ട്രപതിസ്ഥാനത്തേക്ക് പിന്തുണക്കാൻ ഒരു ഇടതുപാ൪ട്ടി തീരുമാനിച്ചത്. ഒന്നാം യു.പി.എ സ൪ക്കാറിൻെറ കാലത്ത് സ്പീക്ക൪പദവി ഏറ്റെടുക്കാൻ തങ്ങളുടെ പരിണിതപ്രജ്ഞനായ കേന്ദ്ര കമ്മിറ്റി അംഗത്തിൻെറ സേവനം വിട്ടുകൊടുത്തതും ഇതേ ഇടത് പാ൪ട്ടിയായിരുന്നു. രാഷ്ട്രീയമായ വ്യത്യസ്ത വീക്ഷണങ്ങൾ പാ൪ട്ടികൾ നടപ്പാക്കിയ പല സന്ദ൪ഭങ്ങളുമുണ്ടായിട്ടുണ്ട്. ഇടത് പ്രസ്ഥാനത്തിൻെറ നേതാക്കളിൽ ചില൪ എന്തുകൊണ്ടോ യാഥാ൪ഥ്യങ്ങൾ മറന്നുപോകുന്നത് നി൪ഭാഗ്യകരമാണ്. തങ്ങൾ പറയുന്ന വഴിക്ക് എല്ലാവരും സഞ്ചരിക്കണമെന്ന നിലപാട് ഇടതുമുന്നണിയുടേതല്ല. അല്ലാത്ത പക്ഷം മുന്നണി ദു൪ബലപ്പെടുമെന്ന വാദവും മുന്നണിയുടെ സംസ്കാരത്തിന് നിരക്കുന്നില്ല. ഇടതുപക്ഷ രാഷ്ട്രീയ സത്യത്തിനും ചരിത്രത്തിനും മുന്നിൽ പിടിച്ചുനിൽക്കാൻ കഴിയാത്ത ദു൪ബല വാദങ്ങൾക്ക് എരിവു കൂട്ടാൻ ചില൪ ദശാബ്ദങ്ങൾ പുറകോട്ട് സഞ്ചരിക്കുകയാണ്. അവ൪ അതിലൂടെ ചികഞ്ഞെടുക്കുന്നതൊന്നും ഇടത് മുന്നേറ്റത്തിന് കരുത്തേകില്ലെന്ന്അവ൪ക്കുതന്നെ അറിയാമെന്നും ജനയുഗം പിണറായിക്ക് മറുപടി നൽകുന്നു.
ഇടത് ഐക്യം ശക്തിപ്പെടുത്തണമെന്ന കാലഘട്ടത്തിൻെറ ആവശ്യം വിസ്മരിക്കുകയാണ് സി.പി.ഐ സംസ്ഥാന സെക്രട്ടറി പന്ന്യൻ രവീന്ദ്രനും മറ്റുമെന്ന് ദേശാഭിമാനി ആരോപിച്ചു. എം.എൻ. ഗോവിന്ദൻനായ൪, എൻ.ഇ. ബലറാം, പി.കെ. വാസുദേവൻ നായ൪, വെളിയം ഭാ൪ഗവൻ തുടങ്ങിയ നേതാക്കൾ തെളിച്ച പാതയെ വിസ്മരിക്കുന്ന സമീപനമാണ് സി.പി.ഐയിലെ ഇന്നത്തെ ഒരുവിഭാഗം നേതാക്കൾക്ക്. പന്ന്യൻെറ അഭിപ്രായങ്ങൾ ഇരട്ടത്താപ്പാണ്. വാക്കും പ്രവൃത്തിയും ഒന്നാണോയെന്ന് സി.പി.ഐ നേതൃത്വം ആത്മപരിശോധന നടത്തണം. സി.പി.എമ്മിനെതിരായ ഉമ്മൻചാണ്ടി സ൪ക്കാറിൻെറ നീക്കങ്ങൾക്ക് പ്രത്യേക്ഷമായോ പരോക്ഷമായോ സഹായിക്കുന്ന സമീപനമാണ് സി.പി.ഐക്ക്. സ൪ക്കാറിനെതിരെ സമരം വളരുമ്പോൾ സ൪ക്കാരിൻെറ പതനം അനിവാര്യമാകുമെന്നിരിക്കെ അതിനെ തടയുന്ന വ൪ഗവഞ്ചനയാണ് സി.പി.ഐ കാട്ടിയത്. എ.കെ.ജി.സെൻറ൪ ആക്രമണ ഘട്ടത്തിൽ സി.പി.ഐയും യോജിച്ച് പ്രക്ഷോഭത്തിന് അണിനിരന്ന കാര്യവും ദേശാഭിമാനി സി.പി.ഐയുടെ ഇപ്പോഴത്തെ നേതൃത്വത്തെ ഓ൪മിപ്പിക്കുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.