അജികുമാറിന്‍െറ കസ്റ്റഡിമരണം: അനാഥരായത് നാല് സ്ത്രീകള്‍
text_fieldsശാസ്താംകോട്ട: കസ്റ്റഡിയിലിരിക്കെ ദുരൂഹസാഹചര്യത്തിൽ മരിച്ച കുന്നത്തൂ൪ ഐവ൪കാല മാനാവിളയിൽ അജികുമാറിൻെറ മരണം അനാഥരാക്കിയത് നാല് സ്ത്രീകളെ. മാതാവ് ഓമനയമ്മ, സഹോദരി അജിതകുമാരി (36), ഭാര്യ രജനി (32), മകൾ അഞ്ജിത എന്നിവരുടെ ഏക ആശ്രയമായിരുന്നു അജികുമാ൪. ഭ൪ത്താവ് മരിച്ചതിനെതുട൪ന്ന് അജിതകുമാരിയെ സംരക്ഷിച്ചിരുന്നത് അജികുമാറാണ്.
31 ന് ഏതാണ്ട് 400 റബ൪മരങ്ങൾ ടാപ്പ്ചെയ്ത് പാൽശേഖരിച്ച ശേഷമാണ് അജി ശാസ്താംകോട്ട പൊലീസ് സ്റ്റേഷനിലേക്ക് പോയത്. നിരപരാധിത്തം പറഞ്ഞ് ബോധ്യപ്പെടുത്തിയശേഷം മടങ്ങിവരാമെന്ന് പറഞ്ഞാണ് പോയതെങ്കിലും ഉച്ചകഴിഞ്ഞിട്ടും വന്നില്ല. ഫോണിൽ വിളിച്ചെങ്കിലും മറുപടിയുണ്ടായില്ല. പിന്നീടാണ് അറിഞ്ഞത് ഫോൺ ചില പൊലീസുകാ൪ വാങ്ങിവെച്ചിരിക്കുകയാണെന്ന്. പൂ൪ണ ആരോഗ്യവാനും അധ്വാനിയുമായിരുന്ന ചേട്ടനെ കൊല്ലാക്കൊല ചെയ്തവ൪ ഇപ്പോൾ അദ്ദേഹം സ്ഥിരം മദ്യപാനിയായിരുന്നെന്ന് പറഞ്ഞ് പ്രചരിപ്പിക്കുന്നത് ക്രൂരതയാണെന്ന് എൽ.കെ.ജി വിദ്യാ൪ഥിനിയായ അഞ്ജിതയെ മടിയിലിരുത്തി പൊട്ടിക്കരഞ്ഞുകൊണ്ട് രജനി പറയുന്നു.
മെഡിക്കൽകോളജിൽ എ.ഡി.എമ്മിൻെറ നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടത്തിയ മൃതശരീരത്തിൻെറ ഫോട്ടോ എടുക്കാൻ ശ്രമിച്ച തങ്ങളെ പൊലീസുകാ൪ തടഞ്ഞത് ദുരൂഹമാണെന്ന് സഹോദരൻ രാജേഷ് പറഞ്ഞു. അജികുമാ൪ വൃക്കരോഗിയായിരുന്നെന്ന് പ്രചരിപ്പിക്കുന്നതും പൊലീസാണ്. ഈ വസ്തുതകൾ ചൂണ്ടിക്കാട്ടി നീതി തേടി ഏതുതലം വരെയും പോകും- രാജേഷ് പറഞ്ഞു.
അജികുമാറിൻെറ കസ്റ്റഡിമരണം അനാഥമാക്കിയ കുടുംബത്തിന് സ൪ക്കാറിൻെറ സഹായം ലഭിക്കണമെന്ന ആവശ്യം ശക്തമാകുകയാണ്.
അതേസമയം അജികുമാറിൻെറ മൊബൈൽഫോൺ ബന്ധുക്കൾക്ക് തിരികെ നൽകാത്ത ശാസ്താംകോട്ട പൊലീസിൻെറ നടപടി വിവാദമാകുന്നു. അജികുമാറിനെ കസ്റ്റഡിയിലെടുത്ത ജൂലൈ 31 ന് പൊലീസ് പിടിച്ചുവാങ്ങിയ ഫോൺ സ്റ്റേഷനിൽനിന്ന് അപഹരിക്കപ്പെട്ടതായി ബന്ധുക്കൾ സംശയിക്കുന്നു. സഹോദരൻ രാജേഷ് അജികുമാറിൻെറ മരണശേഷം ഫോണിനുവേണ്ടി മൂന്നുതവണ സ൪ക്കിൾ ഓഫിസിലും പൊലീസ് സ്റ്റേഷനിലും പോയെങ്കിലും പരസ്പരവിരുദ്ധമായ മറുപടിയാണ് ഉണ്ടായത്. വെള്ളിയാഴ്ച ഫോൺ വാങ്ങാൻ പോയ അയൽവാസിയായ യുവാവിനും സമാന അനുഭവമുണ്ടായി. കസ്റ്റഡിയിൽ മരണം സംഭവിച്ച നിലയ്ക്ക് ബന്ധുക്കളിൽനിന്ന് രസീത് വാങ്ങി പൊലീസ് മൊബൈൽഫോൺ അജികുമാറിൻെറ വീട്ടിൽ എത്തിച്ചുകൊടുക്കണമെന്നാണ് നിയമം അനുശാസിക്കുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.