Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightവിജയാഘോഷം

വിജയാഘോഷം

text_fields
bookmark_border
വിജയാഘോഷം
cancel

വീണ്ടുമൊരു പെരുന്നാളിനെക്കൂടി കേരളം വരവേൽക്കുകയാണ്. പ്രാദേശിക തനിമകളെ ഉൾക്കൊണ്ടാണ് മലയാളികൾ പെരുന്നാൾ ആലോഷിക്കുന്നതെങ്കിലും പെരുന്നാളിൻെറ അ൪ഥകൽപനകൾ ദേശാന്തരീയമാണ്. ലോകമെമ്പാടുമുള്ള മനുഷ്യ൪ (മനുഷ്യ൪ എന്നുതന്നെയാണ് പറയുന്നത്, മുസൽമാൻ എന്നല്ല, മനുഷ്യസമുദായത്തിന് മൊത്തത്തിൽ തന്നെ കൈവന്നിട്ടുള്ളതാണ് വ്രതശുദ്ധിയുടെ ആത്മസമ൪പ്പണം. സ്വീകരിക്കേണ്ടവ൪ക്കൊക്കെ അതു സ്വീകരിക്കാം. ഇതരസമുദായത്തിൽപെട്ട എത്രയോ ആളുകൾ പരിശുദ്ധ റമദാൻ മാസത്തിൽ നോമ്പെടുക്കുന്നു) മഹത്തായൊരു സന്ദേശത്താൽ ഐക്യപ്പെടുകയാണ്.
നോമ്പുപെരുന്നാൾ ഒരു ദിവസത്തിൻെറ ആഘോഷമല്ല. ഒരു ചാന്ദ്രമാസത്തെ വ്രതശുദ്ധി നൽകിയ ആത്മീയമായ ഉണ൪വിനുശേഷമുള്ള ആഘോഷമാണത്. ഇന്ദ്രിയങ്ങളുടെ പ്രലോഭനങ്ങളെ മനസ്സിൻെറ ശക്തികൊണ്ട് കീഴടക്കിയ വിജയാഘോഷമാണത്. പ്യൂപ്പക്കകത്തെ ചിത്രശലഭം അതിൻെറ ആവരണം പൊട്ടിച്ച് വ൪ണഭംഗികളോടെ വെയിലിലേക്ക് പറന്നുയരുന്നതുപോലെയാണ് വ്രതശുദ്ധിയുടെ പുണ്യം നേടിയവ൪ പെരുന്നാളിലേക്ക് പ്രവേശിക്കുന്നത്. പെരുന്നാളുകൾ ചലനാത്മകവും ചാക്രികവുമാണ്. അതിനാലത് ഓരോ ഋതുക്കളെയും തൊട്ടുപോവും. ഇതര സമുദായങ്ങളുടെ ആഘോഷങ്ങൾക്കൊന്നുമില്ലാത്ത സവിശേഷതയാണത്. മഴയെയും മഞ്ഞിനെയും വേനലിനെയും തൊട്ടുപോകുന്ന പ്രാ൪ഥനകൾ എത്ര കാവ്യമോഹനമായ ഭാവനയിൽനിന്നാവും പിറവികൊണ്ടത്.
പെരുന്നാൾ എനിക്കു തന്നത് വ്രതനാളുകൾ സമ്മാനിച്ച വിസ്മയമാണ്. ഞാൻ ജനിച്ചുവള൪ന്ന ഏറനാടൻ ഗ്രാമം മുസൽമാന്മാ൪ തിങ്ങിപ്പാ൪ക്കുന്ന പ്രദേശമായിരുന്നു. മുസൽമാന്മാ൪ ഏറെയും കൃഷിക്കാ൪. വ്രതശുദ്ധിയോടെ അവ൪ വയലുകളിൽ പണിയെടുക്കുന്നത് എന്നെ അദ്ഭുതപ്പെടുത്തിയിരുന്നു. അന്നപാനീയങ്ങൾ ഉപേക്ഷിച്ചും അവ൪ വയലിൽ പണിയെടുത്തിരുന്നത് വിശ്വാസത്തിൻെറ ശക്തിയാലാണെന്ന് കാലംകൊണ്ട് എനിക്ക് ബോധ്യമായി. ഇഫ്താ൪ മീറ്റുകളുടെ കാലമായിരുന്നില്ല അത്. നോമ്പിൻെറ പേരിലുള്ള തീറ്റമഹോത്സവങ്ങളും അന്നില്ലായിരുന്നു. കുട്ടികളായ ഞങ്ങൾ നോമ്പുദിനങ്ങൾ എണ്ണിക്കൊണ്ടിരുന്നത് ഇരുപത്തേഴാം രാവ് വരാൻ വേണ്ടിയാണ്. അയൽപക്കത്തെ മുസൽമാന്മാരുടെ വീടുകളിൽനിന്ന് നെയ്യപ്പം തേക്കിലയിൽ പൊതിഞ്ഞുകൊണ്ടു വന്നിരുന്നത് അന്നാണ്. പെരുന്നാളിൻെറ രുചിയായി അതിപ്പോഴും എൻെറ ഓ൪മയിലുണ്ട്.
റമദാൻ മാസമെന്നത് വ്രതശുദ്ധിയുടെയും പ്രാ൪ഥനകളുടെയും മാസം മാത്രമല്ല. മുസ്ലിംസമുദായത്തിൻെറ ഉദാരത വഴിഞ്ഞൊഴുകുന്ന മാസം കൂടിയാണത്. പത്രങ്ങളിലെല്ലാം റിലീഫ് പ്രവ൪ത്തനങ്ങളുടെ വാ൪ത്തകളാണ്. ദാനധ൪മങ്ങളെ പുണ്യമായി കരുതുകയും മതവിശ്വാസത്തിൻെറ ഭാഗമായി സ്വീകരിക്കുകയും ചെയ്യുന്ന ഒരു സമുദായത്തിൻെറ നിശ്ശബ്ദമായ സേവനങ്ങൾ ഇതര സമുദായങ്ങൾ മാതൃകയാക്കണം. ഇങ്ങനെ ദാനം കൊടുക്കുന്നത് പൊതുമുതലിൽനിന്ന് എടുത്തിട്ടല്ല. സ്വന്തം വിയ൪പ്പുകൊണ്ട് സമ്പാദിക്കുന്ന ധനത്തിൻെറ ഒരു ഭാഗമാണ് ദാനധ൪മങ്ങൾക്കായി ഉപയോഗിക്കുന്നത്. എന്നാൽ, അതിൻെറ ഗുണഫലങ്ങൾ അനുഭവിക്കുന്നത് ഇതര സമുദായങ്ങൾ കൂടിയാണ്. കേരളത്തിൽ മുസ്ലിം സമുദായത്തിൻെറ റിലീഫ് പ്രവ൪ത്തനങ്ങൾ വളരെ മതേതരമാനമുള്ളതുകൂടിയാണ്. രാഷ്ട്രീയവും സാമൂഹികവുമായ കാരണംകൊണ്ട് ധ്രുവീകരണത്തിൻെറ പലതരം ഭീഷണികൾ നേരിടുന്ന ഒരു രാജ്യത്ത് ഐക്യത്തിൻെറ സന്ദേശമാണ് റിലീഫ് പ്രവ൪ത്തനം മുന്നോട്ടുവെക്കുന്നത്. പുണ്യമാസത്തിലെ ഈ നിശ്ശബ്ദ വിപ്ളവം പൊതുസമൂഹം വേണ്ടത്ര ശ്രദ്ധിക്കുന്നുവെന്ന് തോന്നുന്നില്ല. മതവിശ്വാസം വിശപ്പിനും പാ൪ശ്വവത്കരണത്തിനും പരിഹാരമല്ല എന്ന കേവല യുക്തിവാദികളുടെ വിമ൪ശങ്ങളെയാണ് റിലീഫ് പ്രവ൪ത്തനങ്ങളിലൂടെ വിശ്വാസികൾ പ്രതിരോധിക്കുന്നത്. മതവിശ്വാസിയാണ് എന്നതുകൊണ്ട് ആരുടെയും നന്മകൾ ഇല്ലാതാവുന്നില്ല. യുക്തിവാദിയോ മാ൪ക്സിസ്റ്റോ ആയതുകൊണ്ട് നന്മ ഉണ്ടാകണമെന്നുമില്ല. മനുഷ്യവിമോചനത്തിൻെറ സാധ്യതകൾ മതവിശ്വാസത്തിനകത്തുനിന്നുകൊണ്ടും അന്വേഷിക്കാം. വിപ്ളവങ്ങൾ ചോരയുടെ ഗന്ധം പരത്തുന്നതിനേക്കാൾ അഭികാമ്യം മുല്ലപ്പൂവിൻെറ ഗന്ധം പരത്തുന്നതാണ്.
റിലീഫ് പ്രവ൪ത്തനങ്ങൾ ദേശത്തിൻെറ അതിരുവിട്ട് പോകേണ്ട സാഹചര്യം ഇത്തവണത്തെ റമദാൻ മാസത്തിൽ വന്നുചേ൪ന്നു. മ്യാന്മറിൽ റോഹിങ്ക്യകളും അസമിൽ അഹേറം മുസ്ലിംകളും വംശീയവൈരത്തിൻെറ ഇരകളായി അഭയാ൪ഥിത്വമെന്ന തീരാസങ്കടത്തെ നേരിടുമ്പോൾ സകാത്തിൻെറ നീ൪ച്ചാൽ അവരിലേക്കുകൂടി ചെന്നെത്തേണ്ടതുണ്ടെന്നും തിരിച്ചറിയപ്പെട്ട പുണ്യമാസമാണിത്. ഭരണകൂടങ്ങളുടെ ഉദാസീനതകൾക്ക് മനുഷ്യചരിത്രത്തിലെ ആഴമേറിയ കരച്ചിലുകൾ കേൾക്കാൻ കഴിഞ്ഞില്ല. എന്നാൽ, വ്രതശുദ്ധിയിലൂടെ കടന്നുപോകുന്ന വിശ്വാസികൾ അതു കേൾക്കുകതന്നെ വേണം.
പച്ചക്കുനേരെ പകനിറഞ്ഞ മുറുമുറുപ്പുകൾ കേട്ടുതുടങ്ങിയ കാലംകൂടിയാണിത്. ചെറിയ തോതിലാണെങ്കിലും ഇതും വംശീയവിരോധത്തിൻെറ പ്രകടനംതന്നെയാണ്. ഇസ്ലാം ഒരു ഇക്കോ റിലീജ്യൻ ആയതുകൊണ്ടാണ് പച്ചയെ അത് ആത്മാവിലേക്ക് ആവാഹിച്ചത്. ഈ പച്ചയെ കൈവിട്ടുകൂടാ. ഈ പച്ചയിൽനിന്നുകൊണ്ട് മനുഷ്യകേന്ദ്രീകൃതമായ അഹങ്കാരങ്ങളെ ഉപേക്ഷിക്കണം. പൂക്കൾക്കും പുഴുക്കൾക്കും മീനുകൾക്കും പറവകൾക്കുംവേണ്ടി സംസാരിക്കാൻ നോമ്പിൻെറയും പെരുന്നാളിൻെറയും ധ്യാനപാഠങ്ങൾ വിശ്വാസികളെ പരിശീലിപ്പിക്കേണ്ടതാണ്. കാലാവസ്ഥാ വ്യതിയാനം മാനവരാശിയുടെ നിലനിൽപിനെത്തന്നെ പ്രതിസന്ധിയിലെത്തിക്കുമ്പോൾ മതത്തിൻെറ ഹരിതഭാവങ്ങൾ കൂടുതൽ കൂടുതൽ പ്രകടിപ്പിക്കേണ്ടിവരും. യഥാ൪ഥ ഹരിതരാഷ്ട്രീയത്തിൻെറ രൂപവത്കരണത്തിന് മതവിശ്വാസത്തിനും വലിയ സംഭാവനകൾ നൽകാൻ കഴിയും എന്ന തിരിച്ചറിവിൻെറ കാലംകൂടിയാണത്. ഭൂമിയിലെ സുജീവനത്തിന് എല്ലാ വിശ്വാസസംഹിതകളുടെയും സാധ്യത ആരായേണ്ടിവരും. കേവലമായ ആഘോഷങ്ങൾക്കപ്പുറം മാനവരാശിയുടെ പ്രതിസന്ധികൾ കൂടി ആരായാൻ നോമ്പും പെരുന്നാളുമൊക്കെ കാരണമാവണം.
വിവിധ മതവിഭാഗത്തിൽപെട്ടവ൪ ഇടതിങ്ങിപ്പാ൪ക്കുന്നതാണ് കേരളത്തിൻെറ സവിശേഷത. ബഹുസ്വരതകളെ അംഗീകരിക്കുമ്പോൾ സംഘ൪ഷങ്ങൾ ഇല്ലാതാവും. വലിയ വ൪ഗീയകലാപങ്ങളൊന്നും കേരളത്തിൽ സംഭവിക്കാത്തത് ബഹുസ്വരത സൃഷ്ടിച്ച സ്നേഹവും സഹിഷ്ണുതയും മൂലമാണ്. ഓരോ പെരുന്നാളും സ്നേഹത്തിൻെറ വസന്തം തീ൪ക്കണം. ആത്മാന്വേഷണത്തിൻെറ മഹായാത്രയിലായിരിക്കണം ഓരോ വിശ്വാസിയും. ഓരോ പെരുന്നാളും യാത്രിക൪ക്കു മുന്നിലെ തണൽമരമാണ്. അൽപനേരം വിശ്രമിച്ച് പിന്നെയും യാത്ര തുടരണം. ഏവ൪ക്കും ഹൃദ്യമായ പെരുന്നാൾ ആശംസകൾ!

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story