വെരി വെരി സാഡ്
text_fieldsകണ്ണടച്ച് ബാറ്റു വീശിയ അക്കാലത്ത് കൃഷ്ണമാചാരി ശ്രീകാന്തിനെ വാഴ്ത്തിപ്പാടാൻ ആളുണ്ടായിരുന്നു. ഇന്ത്യൻ ക്രിക്കറ്റിലെ ഇന്ത്യാനാ ജോൺസെന്ന് ഈ ഓപണിങ് ബാറ്റ്സ്മാന് അവ൪ വിശേഷണം ചാ൪ത്തിക്കൊടുത്തു. പ്രതിരോധത്തിൻെറ ബാക്ക്ഫൂട്ടിലിറങ്ങി ഒച്ചിഴയും പോലെ ബാറ്റുവീശുന്നവ൪ക്കിടയിൽ താരതമ്യേന ആക്രമണാത്മകമായി കളിച്ചതുകൊണ്ടാണ് തമിഴ്നാട്ടുകാരനായ ശ്രീകാന്തിന് അന്ന് അൽപം കൈയടി കൂടുതൽ കളിച്ചത്. എന്നാൽ, സ്ഥിരത എന്നത് ആ കരിയറിൽ വലിയൊരളവിൽ ഉണ്ടായിരുന്നില്ല. 43 ടെസ്റ്റിൽ 29.88 മാത്രം ശരാശരിയിൽ 2062 റൺസ് സമ്പാദ്യം. 146 ഏകദിനങ്ങളിൽ 29.01 ശരാശരിയിൽ 4091 റൺസ്. ടെസ്റ്റിൽ രണ്ടും ഏകദിനത്തിൽ നാലും സെഞ്ച്വറികളുടെ മികവു മാത്രം.
*******
വാംഗിപുരപ്പു വെങ്കട് സായ് ലക്ഷ്മൺ ശ്രീകാന്തിനെപ്പോലെ കാടൻ പുള്ളുകളുടെയും ഫ്ളൂക്ക് ഫ്ളിക്കുകളുടെയും കുട്ടുകാരനല്ല. ക്രീസിൽ പൂ൪ണതയിൽ കത്തിത്തെളിയുന്ന ലക്ഷ്മൺ ക്രിക്കറ്റിൽ കാണേണ്ട ഏറ്റവും മികച്ച കാഴ്ചകളിലൊന്നാണ്. കാലം കാത്തുവെക്കുന്ന കളിയുടെ മായികക്കാഴ്ചകളിൽ ആ റിസറ്റ് വ൪ക്കിൻെറ മാസ്മരികതയും ടൈമിങ്ങും താളവും സമഞ്ജസം മേളിക്കുന്ന ചാരുതയാ൪ന്ന ഡ്രൈവുകളുമൊക്കെയുണ്ടാകും. വില്ലോത്തടിയുടെ താളത്തിൽ റണ്ണുകളിലേക്ക് പതികാലത്തിൽ കൊട്ടിത്തെളിഞ്ഞാൽ സചിൻ ടെണ്ടുൽകറിനെ വെല്ലുന്ന സ്കോറിങ് മെഷീനായി ലക്ഷ്മൺ രൗദ്രത പ്രാപിക്കും. അപ്പോൾ, ഫോളോഓണിൻെറ വക്കിൽനിന്ന് ഇന്ത്യ ചരിത്ര വിജയത്തിൻെറ ആവേശനിമിഷങ്ങളിലേക്ക് വെട്ടിത്തിരിയും. പ്രതിസന്ധി ഘട്ടത്തിലെ അപാരമായ ചങ്കുറപ്പിൽ ‘ലച്ചു മാമ’ അജയ്യനായി നിൽക്കുമ്പോൾ ഇന്ത്യക്ക് അപകടമുനമ്പിൽ പദമൂന്നാൻ പതിവു ഭീതിയുണ്ടായിരുന്നില്ല. ഒരിന്ത്യക്കാരൻെറ ഏറ്റവും മികച്ച ടെസ്റ്റ് ഇന്നിങ്സെന്ന് കളിയുടെ പണ്ഡിറ്റുകൾ മിക്കവരും വിലയിരുത്തുന്ന ഈഡൻ ഗാ൪ഡനിലെ 281 പോലെ എണ്ണിപ്പറയാൻ ഒട്ടേറെ പ്രകടനങ്ങൾ ബാക്കിവെച്ച് ഒടുവിൽ ലക്ഷ്മൺ പാഡഴിക്കുകയാണ്. രാജ്യാന്തര ക്രീസിൽ കരവിരുത് കൊണ്ട് കവിത രചിച്ച 16 വ൪ഷം നീണ്ട കരിയറിന് ഒടുവിൽ അവസാനമാകുന്നു. അവസരങ്ങളുടെ പ്രാധാന്യവും എതി൪ ബൗളിങ്ങിൻെറ കരുത്തും പ്രതികൂല സാഹചര്യവും ഒത്തുചേരുന്ന വേളകളിൽ ഇന്ത്യയുടെ ഏറ്റവും മികച്ച ബാറ്റ്സ്മാൻ ലക്ഷ്മൺ തന്നെയായിരുന്നു.
*******
ബാറ്റിങ്ങിനെ ആയാസരഹിതമാക്കിയ അതികായൻെറ ഒന്നര ദശാബ്ദത്തിലേറെ നീണ്ട പക൪ന്നാട്ടങ്ങൾക്ക് തിരശ്ശീല വീഴുന്നത് പക്ഷേ, ക്രിക്കറ്റ് പ്രേമികൾ കാണാൻ കൊതിച്ച രീതിയിലായിരുന്നില്ല. 134 ടെസ്റ്റിൽ 17 ടെസ്റ്റുകളുടെയും 56 അ൪ധശതകങ്ങളുടെയും അകമ്പടിയിൽ 45.97 ശരാശരിയിൽ 8781 റൺസെടുത്ത ഈ ഹെദരാബാദുകാരന് മനമിടറിയാണ് മടക്കമെന്നത് സത്യമാണ്. ഇതിൻെറ പിന്നിൽ പ്രവ൪ത്തിച്ച കുബുദ്ധികളിൽ പ്രധാനി നേരത്തേ പറഞ്ഞ ശ്രീകാന്താണെന്നതു കൊണ്ടാണ് ടിയാൻെറ കരിയറിനെ അക്കങ്ങളിൽ വരച്ചുകാട്ടിയത്. ഏകദിനത്തിൽ വലിയ പുള്ളിയായിരുന്നുവെന്ന് വീരസ്യം പറയുന്ന ശ്രീകാന്തിൻെറ അതേയളവിൽ ആക്രമണവീര്യം ലക്ഷ്മൺ കാഴ്ചവെച്ചിട്ടുണ്ട്. 86 ഏകദിനങ്ങളിൽ 2338 റൺസടിച്ച ലക്ഷ്മൺ ശരാശരിയിൽ ശ്രീകാന്തിനേക്കാൾ മുന്നിലാണ്. 30.76 ആണ് ലക്ഷ്മണിൻെറ ആവറേജ്. ശ്രീകാന്തിൻെറ സ്ട്രൈക് റേറ്റ് 71.74 ആണെങ്കിൽ ലക്ഷ്മണിൻേറത് 71.23.
*******
സ്വന്തം നാടായ ഹൈദരാബാദിൽ ന്യൂസിലൻഡിനെതിരെ വ്യാഴാഴ്ച ഒന്നാം ടെസ്റ്റ് തുടങ്ങാനിരിക്കേ ലക്ഷ്മണിന് വിടവാങ്ങാൻ ഏറ്റവും നല്ല അവസരം ഒരുങ്ങിയതായിരുന്നു. ഇത്രനാൾ ഇന്ത്യൻ ക്രിക്കറ്റിനെ അകമഴിഞ്ഞ് സേവിച്ച സ്പെഷ്യൽ ബാറ്റ്സ്മാന് ഒരു ടെസ്റ്റിൻെറ ആയുസ്സ് കൂടി നീട്ടി നൽകി മാന്യമായി പടിയിറങ്ങുന്നതിന് അവസരമൊരുക്കാൻ മേൽപറഞ്ഞ ശ്രീകാന്ത് ചെയ൪മാനായ സെലക്ഷൻ കമ്മിറ്റി തയാറായില്ല. വിടവാങ്ങൽ പ്രഖ്യാപനത്തിൽ ‘ െഹാവ് ഡിസൈഡഡ് ടു റിട്ടയ൪ ഫ്രം ഇൻറ൪നാഷനൽ ക്രിക്കറ്റ്’ എന്നു പറഞ്ഞ ശേഷം അൽപ സമയം നി൪ത്തിയതിനുശേഷമാണ് ‘വിത്ത് ഇമ്മീഡിയറ്റ് ഇഫക്ട്’ എന്ന് ലക്ഷ്മൺ മുഴുമിച്ചത്. തൻെറ മാന്യത കൊണ്ട് ലക്ഷ്മൺ അത് തുറന്നു പറഞ്ഞില്ലെങ്കിലും ശ്രീകാന്തിൻെറ സെലക്ഷൻ കമ്മിറ്റി നി൪ബന്ധിച്ചിട്ടാണ് ഉടൻ പ്രാബല്യത്തോടെ വിരമിക്കുന്നതായി ലക്ഷ്മണിന് കൂട്ടിച്ചേ൪ക്കേണ്ടി വന്നതെന്ന് വ്യക്തം. വാ൪ത്താ സമ്മേളനത്തിൽ ഹാജരുണ്ടായിരുന്ന പ്രിയപത്നി പോലും അതുകേട്ട് ഞെട്ടുകയും കണ്ണീ൪ വാ൪ക്കുകയും ചെയ്തു. സൗരവ് ഗാംഗുലിക്കും രാഹുൽ ദ്രാവിഡിനും പിന്നാലെ ലക്ഷ്മണിനും (കളത്തിൽനിന്ന് വിടപറയാൻ അവസരം പോലും നൽകാതെ) സങ്കടകരമായി പടിയിറങ്ങേണ്ടി വന്നത് ഒരുപാട് ചോദ്യങ്ങൾ സെലക്ഷൻ കമ്മിറ്റിക്കുനേരെ ഉയ൪ത്തുന്നുണ്ട്. ഏറെ അനുകൂല സാഹചര്യങ്ങളുണ്ടായിട്ടും സ്വന്തം നാട്ടിൽ ഒരു പബ്ളിക് ഫെയ൪വെൽ പാ൪ട്ടി വേണ്ടെന്ന് ലക്ഷ്മൺ തീരുമാനിച്ചിട്ടുണ്ടെങ്കിൽ അതിനു പിന്നിൽ വ്യക്തമായും ചില കാരണങ്ങളുണ്ടാകും. ഇന്നത്തെ സാഹചര്യത്തിൽ അതു വ്യക്തമാക്കേണ്ടത് ലക്ഷ്മണും സെലക്ട൪മാരും തന്നെയാണ്. സെലക്ട൪മാരെന്ന ഈ കോമാളികളെക്കുറിച്ച് നിങ്ങൾക്ക് ഒന്നുമറിയില്ലെന്ന് എപ്പോഴും സൂചന നൽകുന്ന ശ്രീകാന്തിനും കൂട്ട൪ക്കും ടീം തെരഞ്ഞെടുപ്പെന്ന പൊറാട്ടു നാടകം വഴി വ൪ഷം തോറും ലഭിക്കുന്ന പ്രതിഫലം 45 ലക്ഷം രൂപ വീതമാണെന്നോ൪ക്കണം.
ഒരു യുവതാരത്തിൻെറ അവസരം ലക്ഷ്മൺ നിഷേധിക്കുകയാണെന്നു ചൂണ്ടിക്കാട്ടി ചില൪ അദ്ദേഹത്തിൻെറ രക്തത്തിനുവേണ്ടി മുറവിളി കൂട്ടിത്തുടങ്ങിയിരുന്നു. ലക്ഷ്മണിനേക്കാൾ പ്രായവും മങ്ങിയ ഫോമുമുള്ള ചില൪ ടീമിൽ ‘അവിഭാജ്യ’ ഘടകമായി തുടരുന്നതിൻെറ ഗുട്ടൻസ് അവ൪ ഇതുവരെ ചോദ്യം ചെയ്തിട്ടില്ല.
ലക്ഷ്മണിനെ നി൪ബന്ധപൂ൪വം പാഡഴിപ്പിക്കുകയായിരുന്നുവെന്ന തോന്നലുകൾക്ക് ശക്തി പകരുന്നത് അദ്ദേഹത്തിന് പകരം വന്ന താരത്തെ അറിയുമ്പോഴാണ്. യുവരക്തത്തിന് വേണ്ടി ലക്ഷ്മണിനെ ബലി കൊടുത്തിട്ട് ശ്രീകാന്തിൻെറ സ്വന്തം നാട്ടുകാരനായ സുബ്രഹ്മണ്യം ബദരീനാഥിനെ 32ാം വയസ്സിൽ ഇന്ത്യൻ ടീമിൽ വാഴിക്കുന്നതു കാണുമ്പോൾ ഈ സ്വജന താൽപര്യത്തിൻെറ കള്ളി വെളിച്ചത്താകും. രണ്ടാമതും രഞ്ജി ചാമ്പ്യന്മാരായ രാജസ്ഥാൻ ടീമിലെ പ്രതിഭാധനരായ യുവതാരങ്ങൾക്ക് ഒരിക്കൽപോലും അവസരം കിട്ടാതിരിക്കുമ്പോഴാണ് കരിയറൽ രണ്ടു ടെസ്റ്റിൻെറ മാത്രം പാകതയുള്ള അണ്ണന്മാ൪ അസ്തമയ കാലത്ത് ടീമിലെത്തുന്നത്. ഇ൪ഫാൻ പത്താന് തൻെറ മാറ്റു തെളിയിക്കുന്നതിന് അവസാന അവസരം കിട്ടാൻ വിനയ് കുമാറിന് പരിക്കേൽക്കേണ്ടി വന്നുവെങ്കിൽ നിരന്തരം ഫോം ഔായിട്ടും രോഹിത് ശ൪മ ടീമിൽ സ്ഥാനം നിലനി൪ത്തുന്നത് മുംബൈ ലോബിയെ തൃപ്തിപ്പെടുത്താനല്ലെങ്കിൽ മറ്റെന്താണ്?
സെലക്ട൪മാരുടെ പാപ്പരത്തത്തിലേക്ക് സൂചന നൽകുന്ന മുൻ ക്യാപ്റ്റൻ സൗരവ് ഗാംഗുലി ഉന്നയിക്കുന്ന ചോദ്യം പ്രസക്തമാണ്. ലക്ഷ്മണിനെയോ മറ്റേതെങ്കിലും കളിക്കാരനെയുമോ ഫോമില്ലായ്മ കാരണം പുറത്താക്കുമ്പോൾ അതേ നിയമം മറ്റുള്ളവ൪ക്കും ബാധകമാക്കേണ്ടതില്ലേയെന്ന് ഗാംഗുലി ചൂണ്ടിക്കാട്ടുമ്പോൾ അതിൽ കഴമ്പില്ലെന്ന് ഒരിക്കലും പറയാനാകില്ല.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.