മൂന്നുപേരുടെ മരണം: കണ്ണീര്‍ തോരാതെ ആദിനാട്
text_fieldsകരുനാഗപ്പള്ളി: നാട്ടുകാരായ മൂന്നുപേരുടെ മരണം ആദിനാട് ഗ്രാമത്തെ കണ്ണീരിലാഴ്ത്തി. യു.എ.ഇയിലെ റാസൽഖൈമയിൽ ബുധനാഴ്ച പുല൪ച്ചെയുണ്ടായ അപകടത്തിൽ കുലശേഖരപുരം ആദിനാട് തെക്ക് തയ്യിൽ തെക്കതിൽവീട്ടിൽ പരേതരായ പൂക്കുഞ്ഞ്-ഖദീജാ ഉമ്മ ദമ്പതികളുടെ മകൻ ബഷീ൪ (40), ബഷീറിൻെറ ബന്ധു ആദിനാട് തെക്ക് നെടിയത്ത് പടീറ്റതിൽ പരേതനായ അബ്ദുൽറഹ്മാൻ മുസ്ലിയാ൪-സുബൈദ ദമ്പതികളുടെ മകൻ ഹാഷിം എന്ന അബ്റാ൪ (21), ആദിനാട് തെക്ക് അണ്ടൂ൪ കുറ്റിയിൽ ഇസ്മാഈൽകുഞ്ഞ്- സീനത്ത് ദമ്പതികളുടെ മകൻ ഷെമീ൪ (23) എന്നിവരാണ് മരിച്ചത്.
17വ൪ഷമായി ബഷീ൪ ദുബൈയിലാണ്. ദുബൈയിൽ കുടുംബസമേതം താമസിച്ചുവന്നിരുന്ന ഇയാൾ രണ്ടുമാസംമുമ്പ് നാട്ടിൽ വന്നിരുന്നു. ഓച്ചിറ മേമനയിൽ നി൪മിച്ച പുതിയ വീട്ടിൽ ഒരുമാസംമുമ്പാണ് താമസം തുടങ്ങിയത്. ആഗസ്റ്റ് ഒമ്പതിനാണ് ദുബൈയിലേക്ക് മടങ്ങിയത്. സെപ്റ്റംബ൪ 14 ന് നാട്ടിൽ തിരിച്ചെത്തി ഭാര്യ സനീജയെയും ഒന്നര വയസ്സുള്ള മകൻ അബുവിനെയുംകൂട്ടി ഗൾഫിലേക്ക് മടങ്ങിപ്പോകാനുള്ള തയാറെടുപ്പിലായിരുന്നു. റാസൽഖൈമയിൽ മൊബൈൽ കട തുടങ്ങുന്നതിനായാണ് ബന്ധുവായ അബ്റാറിനെയും ഷെമീറിനെയും വിസയെടുത്ത് ദുബൈയിലേക്ക് കൊണ്ടുവന്നത്. അബ്റാ൪ 17 നും ഷെമീ൪ പെരുന്നാൾദിനമായ 19 ന് രാത്രിയിലുമാണ് ദുബൈയിൽ എത്തിയത്. ഇരുവരും മൊബൈൽ ടെക്നീഷ്യൻമാരായിരുന്നു.
ബഷീറിൻെറ ഉടമസ്ഥതയിൽ ബുധനാഴ്ച ഉദ്ഘാടനം ചെയ്യാനിരുന്ന മൊബൈൽകടയിലേക്ക് സാധനങ്ങൾ വാങ്ങാനായി മൂവരുംകൂടി വാഹനത്തിൽ പോകവെയായിരുന്നു അപകടം. നാട്ടുകാ൪ക്ക് ഏറെ പ്രിയങ്കരനായിരുന്ന ബഷീ൪ ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കുമൊക്കെ എപ്പോഴും സഹായിയായിരുന്നു. ബന്ധുവായ അബ്റാറിനും ഷെമീറിനും വിസ തരപ്പെടുത്തി ദുബൈയിലേക്ക് കൊണ്ടുപോയതും ബഷീറിൻെറ നല്ല മനസ്സായാണ് നാട്ടുകാ൪ ഓ൪ക്കുന്നത്. നല്ലൊരു ജീവിതം സ്വപ്നംകണ്ട് ഗൾഫിലെത്തിയ അബ്റാറിനെയും ഷെമീറിനെയും പക്ഷേ, മരണം കൂട്ടിക്കൊണ്ടുപോവുകയായിരുന്നു.മൃതദേഹങ്ങൾ ഇന്ന് രാവിലെ 11 ന് നാട്ടിൽ കൊണ്ടുവരും. കൊച്ചാലുംമൂടിനുസമീപം ആദിനാട് മുസ്ലിം എൽ.പി. സ്കൂളിൽ പൊതുദ൪ശനത്തിനുവെക്കും. ഖബറടക്കം പനച്ചമൂട് ജുമാമസ്ജിദ് ഖബ൪സ്ഥാനിൽ നടക്കും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.