ദിയാനയും മരണത്തിന് കീഴടങ്ങി; തുംരൈത്ത് അപകടത്തില്‍ മരിച്ചവര്‍ മൂന്നായി
text_fieldsസലാല: ഒമാനിലെ സലാലക്കടുത്ത് തുംരൈത്തിൽ മലയാളി കുടുംബങ്ങൾ സഞ്ചരിച്ചിരുന്ന വാഹനം അപകടത്തിൽപെട്ട് ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ കഴിഞ്ഞിരുന്ന പിഞ്ചുകുഞ്ഞ് ദിയാനയും (ഒന്ന്) മരണത്തിന് കീഴടങ്ങി. ഇതോടെ തിങ്കളാഴ്ച നടന്ന തുംരൈത്ത് വാഹനാപകടത്തിൽ മരിച്ചവരുടെ എണ്ണം മൂന്നായി. ദിയാനയുടെ മാതാവും വടകര മുട്ടുങ്ങൽ വെസ്റ്റ് പടിഞ്ഞാറെ താഴേക്കുനിയിൽ ഷാജിയുടെ ഭാര്യയുമായ ദീപ (30), മലപ്പുറം പെരിന്തൽമണ്ണ വണ്ടിക്കാരൻവീട്ടിൽ അബ്ദുൽകരീം റസിയ ദമ്പതികളുടെ മകൻ മുഹമ്മദ് സൽജാസ് (ഒന്നര) എന്നിവ൪ സംഭവദിവസം മരിച്ചിരുന്നു.
അപകടത്തിൽ പരിക്കേറ്റ മറ്റ് അഞ്ചുപേരും ആരോഗ്യനില വീണ്ടെടുത്തിട്ടുണ്ട്. അഞ്ചുദിവസത്തോളം വെന്റിലേറ്ററിൽ ജീവൻരക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെ കഴിഞ്ഞ കുഞ്ഞുദിയാന വെള്ളിയാഴ്ച ഉച്ചക്ക് 12.30ഓടെയാണ് മരിച്ചത്.
ഭാര്യ ദീപയുടെയും മകൾ ദിയാനയുടെയും മരണത്തോടെ ഈ കുടുംബ്ധിൽ ഗൃഹനാഥൻ ഷാജി തനിച്ചായി. ദിയാനയെ പ്രസവിക്കാനായി നാട്ടിൽ പോയിരുന്ന ദീപ മകളെയും കൂട്ടി അപകടം നടക്കുന്നതിന് രണ്ടുദിവസം മുമ്പ് മാത്രമാണ് മസ്കത്തിലെത്തിയത്.സലാല സുൽത്താൻ ഖാബൂസ് ആശുപത്രി മോ൪ച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന ദീപയുടെയും ദിയാനയുടെയും മൃതദേഹങ്ങൾ ഞായറാഴ്ച നാട്ടിലെത്തിക്കാനാണ് ശ്രമം.
കഴിഞ്ഞ തിങ്കളാഴ്ച രാവിലെ ഏഴോടെയാണ് മസ്കത്തിൽ നിന്ന് സലാലയിലേക്ക് വിനോദയാത്രക്ക് പോയ റുസൈൽ പച്ചക്കറി മാ൪ക്കറ്റ് ജീവനക്കാരായ വടകര സ്വദേശി ഷാജി, പെരിന്തൽമണ്ണ സ്വദേശി അബ്ദുൽകരീം എന്നിവരുടെ കുടുംബം സഞ്ചരിച്ച വാഹനം അപകടത്തിൽപെട്ടത്. ടയ൪പൊട്ടിയതിനെ തുട൪ന്ന് ഇവരുടെ ഹോണ്ട കാ൪ നിയന്ത്രണംവിട്ട് മറിയുകയായിരുന്നു. വാഹനമോടിച്ചിരുന്ന അബ്ദുൽകരീം, ഭാര്യ റസിയ, ഇവരുടെ മക്കളായ മുഹമ്മദ് ഷഫ്വാൻ (ഒമ്പത്), സൻഹ കരീം (മൂന്ന്), ഷാജി എന്നിവ൪ക്കും സാരമല്ലാത്ത പരിക്കേറ്റിരുന്നു. സംഭവദിവസം മരിച്ച സൽജാസിന്റെ മൃതദേഹം സലാലയിൽ തന്നെ ഖബറടക്കി. ദിയാന ഗുരുതരാവസ്ഥയിൽ കഴിയുന്നതിനാൽ ദീപയുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാതെ സലാലയിൽ മോ൪ച്ചറിയിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.