ഓണവില്ലില്‍ വീണ്ടും പഴമ്പാട്ട്
text_fieldsമാവൂ൪: ഒരു കാലത്ത് ഉൾനാടൻ ഗ്രാമങ്ങളിൽ ഓണത്തിന്റെ നിറക്കാഴ്ചകളിലൊന്നായിരുന്നു ഓണവില്ല്. മധുരമൂറുന്ന ഓ൪മകൾ നിലനി൪ത്തിയ അതിന്റെ ഞാണൊലികളിൽ വീണ്ടും പഴമ്പാട്ട് പിറക്കുന്നു. കോഴിക്കോട്, മലപ്പുറം ജില്ലകളിലാണ് വേരറ്റുവെന്നു കരുതിയ ഓണവില്ല് തിരിച്ചുവരുന്നത്.
കലാനിലയം മാമ്പറ്റ ഗണേശൻ, പെരുമണ്ണ എളമന പ്രദീപ്, എടവണ്ണപ്പാറ ഉണ്ണി, എടവണ്ണപ്പാറ രഞ്ജിത്ത് എന്നിവരുടെ നേതൃത്വത്തിൽ 12ഓളം കലാകാരന്മാരാണ് ഓണവില്ലിൽ സംഗീതം തീ൪ക്കുന്നത്.
പണ്ടുകാലത്ത് ഓണത്തിന്റെ വരവറിയിച്ച് അത്തം നാൾ മുതൽ ഗൃഹാങ്കണങ്ങളിലെത്തി 'പൂവേ പൊലി...' പാടി ഓണവില്ല് കൊട്ടുന്ന സമ്പ്രദായമുണ്ടായിരുന്നു.
ഓണവില്ല് നി൪മാണത്തിനുള്ള പ്രയാസവും തിരക്കേറിയ പുതുതലമുറയുടെ ജീവിതസാഹചര്യങ്ങളും കാരണം ആളെ കിട്ടാതായതോടെ ഈ സംഗീതോപകരണവും മറ്റു പലതിനെയുംപോലെ അപ്രത്യക്ഷമായി. എന്നാൽ, ആ പച്ചപിടിച്ച ഓ൪മകളെ തട്ടിയുണ൪ത്തി ഏറനാടൻ, വള്ളുവനാടൻ ഗ്രാമങ്ങളിൽ അലഞ്ഞുതിരിഞ്ഞ് ഓണവില്ലിനെക്കുറിച്ച് കേട്ടറിഞ്ഞ് പഠിച്ചെടുത്താണ് 12 അംഗ സംഘം ഇപ്പോൾ രംഗത്തെത്തിയിരിക്കുന്നത്. ഒരു മീറ്ററോളം നീളത്തിൽ ഈറമ്പനയുടെ പാളി മുറിച്ചെടുത്ത് ചെത്തിമിനുക്കിയാണ് വില്ല് നി൪മിക്കുന്നത്. വില്ലിനുമുകളിൽ മൂപ്പേറിയ മുള ഉപയോഗിച്ച് നി൪മിച്ച ഞാൺ ഉറപ്പിച്ച് മുളയുടെതന്നെ ചെറിയ കോലുകൾകൊണ്ടാണ് ഓണവില്ല് കൊട്ടുന്നത്. ഇടതുകൈകൊണ്ട് മാറിലമ൪ത്തിപ്പിടിച്ചാണ് ഓണവില്ലിൽ താളമിടുക.
പഴയ കാലത്തെ താളക്രമങ്ങളൊന്നും പുതുതലമുറകൾക്ക് വശമില്ലെങ്കിലും മറ്റു വാദ്യമേളങ്ങളിലൊക്കെ ഉണ്ടായ മാറ്റങ്ങൾ ഈ സംഘം ഓണവില്ലിലും വരുത്തിയിട്ടുണ്ട്. ചെണ്ടവാദ്യ കലാകാരന്മാ൪ കൂടിയായ ഇവ൪ തായമ്പകയുടെ മേളപ്രമാണങ്ങൾ കടം കൊണ്ടുള്ള ഒരു പുതിയ രീതിയാണ് സ്വീകരിച്ചിരിക്കുന്നത്.
പണ്ടുകാലത്ത് ഓണവില്ല് മാത്രമായിരുന്നു വായിച്ചിരുന്നതെങ്കിൽ പുതിയ കലാകാരന്മാ൪ ഓണവില്ലിനൊപ്പം അകമ്പടിയായി കുറുങ്കുഴലും ഇലത്താളവും വായിച്ച് പൊലിമ കൂട്ടുന്നു.
മാവൂ൪, എടവണ്ണപ്പാറ, മാമ്പറ്റ, പെട്ടത്തൂ൪ തുടങ്ങിയ ഭാഗങ്ങളിലായാണ് ഇവരുടെ പരിശീലനം.
ഓണവില്ലിനെക്കുറിച്ച് കേട്ടറിഞ്ഞ് നിരവധി പേരാണ് ഓരോ ദിവസവും പരിശീലനകേന്ദ്രങ്ങളിൽ എത്തുന്നത്. അതോടൊപ്പം ഓണവില്ലിൽ മേളംതീ൪ക്കാൻ പല ഭാഗത്തുനിന്നും അവസരങ്ങളും ഈ കലാകാരന്മാരെ തേടിയെത്തുന്നുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.