മൂന്നാറില്‍ കുടിവെള്ള പദ്ധതികള്‍ അവതാളത്തില്‍ ; ചെലവിട്ടത് കോടികള്‍
text_fieldsമൂന്നാ൪: കുടിവെള്ള വിതരണ പദ്ധതികൾക്കായി കോടികൾ ചെലവഴിച്ചിട്ടും മൂന്നാ൪ മേഖലയിലെ പ്രധാന കേന്ദ്രങ്ങളിൽ ശുദ്ധജലം കിട്ടാക്കനിയാകുന്നു. ദേവികുളം, മൂന്നാ൪, പള്ളിവാസൽ ഗ്രാമ പഞ്ചായത്തുകളിൽ കുടിവെള്ള വിതരണത്തിന് പത്തുവ൪ഷത്തിനിടെ 20 കോടിയിലധികമാണ് ത്രിതല പഞ്ചായത്തുകൾ ചെലവഴിച്ചത്.
രാഷ്ട്രീയ- ഉദ്യോഗസ്ഥ കൂട്ടുകെട്ടിലൂടെ വ൪ഷന്തോറും വൻതുക സ൪ക്കാ൪ ഖജനാവിൽ നിന്നും തട്ടിയെടുക്കുന്ന സംഘം മൂന്നാ൪ മേഖലയിൽ സജീവമായതാണ് പദ്ധതികൾ അട്ടിമറിക്കാൻ കാരണം. ആയിരക്കണക്കിനാളുകൾ തിങ്ങിപ്പാ൪ക്കുന്ന മൂന്നാ൪ കോളനിയിലാണ് കുടിവെള്ളക്ഷാമം ഏറ്റവും രൂക്ഷം. പ്രധാന റോഡിനോട് ചേ൪ന്ന പരിമിതമായ ടാപ്പുകളിൽ നിന്നുവേണം കോളനി നിവാസികൾ വെള്ളം ശേഖരിക്കാൻ. ഇത് തികയാത്തതിനാൽ മലമുകളിലെ വെള്ളച്ചാട്ടങ്ങളിൽ നിന്ന് പ്ളാസ്റ്റിക് പൈപ്പിലും ഹോസുകളിലും എത്തിക്കുന്ന വെള്ളത്തിനെയാണ് ആശ്രയിക്കുന്നത്. ഇതിനാകട്ടെ മാസന്തോറും വൻ തുകയും നൽകണം.
മാലിന്യം നിറഞ്ഞ വെള്ളം പണം കൊടുത്തു വാങ്ങേണ്ട ഗതികേടിലാണ് കോളനിയിലെ പാവങ്ങൾ. ദേവികുളം, മൂന്നാ൪ ടൗണുകളിലും ഇതുതന്നെയാണ് ഗതി. ചെറുകിട ചായക്കടകൾ മുതൽ വൻകിട ഹോട്ടലുകൾ വരെ റോഡരികിലെ തോടുകളിൽ നിന്നും ജാറുകളിൽ ശേഖരിക്കുന്ന വെള്ളമാണ് ഉപയോഗിക്കുന്നത്. വിനോദ സഞ്ചാരികളും തൊഴിലാളികളും ആരോഗ്യത്തിന് ഭീഷണിയാകുന്ന മലിന ജലം ഉപയോഗിക്കുന്നത് വ൪ഷങ്ങളായി തുടരുകയാണ്.
അതേസമയം, കുടിവെള്ള പദ്ധതികൾ നടപ്പാക്കാൻ ജില്ലാ, ബ്ളോക്, ഗ്രാമ പഞ്ചായത്തുകൾ മത്സരിച്ചാണ് തുക ചെലവഴിക്കുന്നത്. മൂന്നുലക്ഷം മുതൽ അഞ്ചുകോടിയുടെ വരെ പദ്ധതികൾ പലവ൪ഷം കൊണ്ട് നടപ്പാക്കിയിട്ടും പ്രശ്നപരിഹാരം ഉണ്ടാകാത്തത് അഴിമതി മൂലമാണെന്നാണ് ആരോപണം. കോളനിക്ക് മുകൾ ഭാഗത്തായി മൂന്നോളം വലിയ ടാങ്കുകൾ ഉപയോഗ ശൂന്യമായി കിടക്കുകയാണ്. ചെറുതും വലുതുമായ നിരവധി കുളങ്ങളും ടാങ്കുകളും ഉണ്ട്. അശാസ്ത്രീയമായി നി൪മിക്കുന്ന ടാങ്കുകൾ പലതും ഒരു വ൪ഷം കൊണ്ട് തകരും. എസ്റ്റിമേറ്റിൽ കാണിക്കുന്നതിൻെറ നാലിലൊന്നുപോലും ഗുണനിലവാരവും വിലയുമില്ലാത്ത അനുബന്ധ ഉപകരണങ്ങളും കൂടിയാകുമ്പോൾ പദ്ധതി പ്രവ൪ത്തിച്ച് തുടങ്ങും മുമ്പ് അവസാനിക്കുകയാണെന്ന് നാട്ടുകാ൪ പറയുന്നു.
ലക്ഷക്കണക്കിന് രൂപ അടങ്കൽ തുകയുള്ള വൻകിട കുടിവെള്ള പദ്ധതികളിൽ പലതിനും ഉപയോഗിക്കുന്നത് വിലകുറഞ്ഞ ഹോസുകളാണ്. തുക ചെലവഴിച്ച ശേഷം പരിശോധന നടത്തേണ്ട പഞ്ചായത്തധികൃത൪ സ്വാധീനങ്ങൾക്ക് വഴങ്ങി കണ്ണടക്കുന്നതാണ് പൊതുജനങ്ങൾക്ക് വിനയാകുന്നത്. ഉന്നത രാഷ്ട്രീയ നേതാക്കളും ജനപ്രതിനിധികളുടെ ബിനാമികളും കരാറുകാരായ രംഗത്ത് വരുന്നതാണ് പല പദ്ധതികൾക്കും ശാപം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.