ടെസ്റ്റ്: ഇന്ത്യക്ക് ഇന്നിങ്സിനും 115 റണ്‍സിനും ജയം
text_fields- 12 വിക്കറ്റ്; അശ്വിൻ കളിയിലെ കേമൻ
ഹൈദരാബാദ്: ഇന്ത്യയൊരുക്കിയ സ്പിൻ ചുഴിയിൽ കയമറിയാതെ കുരുങ്ങിയ കിവികൾക്ക് ദയനീയ അന്ത്യം. ഒന്നാം ടെസ്റ്റിൽ ഒരു ദിനം ബാക്കിനിൽക്കേ എം.എസ്. ധോണിയും സംഘവും ന്യൂസിലൻഡിനെ ഇന്നിങ്സിനും 115 റൺസിനും തോൽപിച്ച് നാണക്കേടിന്റെ നടുക്കടലിൽ വീഴ്ത്തി. രണ്ട് ഇന്നിങ്സിലായി ന്യൂസിലൻഡിന്റെ 20ൽ 18 വിക്കറ്റും ചുഴറ്റിയെറിയപ്പെട്ടത് സ്പിന്ന൪മാരുടെ വിരുതിനു മുന്നിൽ. രണ്ട് ഇന്നിങ്സിലുമായി 12 വിക്കറ്റ് വീഴ്ത്തിയ ആ൪. അശ്വിൻ മുന്നിൽനിന്ന് പടനയിച്ചപ്പോൾ ആറ് വിക്കറ്റുകൾ വീഴ്ത്തിയ പ്രഗ്യാൻ ഓജ ശക്തമായ പിന്തുണ നൽകി.
മഴ ഇടക്കിടെ ക്ഷണിക്കാത്ത അതിഥിയായെത്തിയ നാലാം ദിനത്തിൽ ആകെ പന്തെറിഞ്ഞത് 62 ഓവ൪ മാത്രം. ഇതിനിടയിൽ ന്യൂസിലൻഡിന്റെ ഒമ്പത് വിക്കറ്റും വീഴ്ത്തിയാണ് ഇന്ത്യ പരമ്പരയിലെ ഒന്നാം ടെസ്റ്റ് തക൪പ്പൻ ജയത്തോടെ സ്വന്തമാക്കിയത്.
ഇന്ത്യയുടെ ഒന്നാം ഇന്നിങ്സ് സ്കോറായ 438 റൺസിന് മറുപടി ബാറ്റിങ്ങിനിറങ്ങിയ ന്യൂസിലൻഡ് ഒന്നാം ഇന്നിങ്സിൽ ഫോളോ ഓൺ വഴങ്ങി 159ന് പുറത്തായപ്പോൾ രണ്ടാം ഇന്നിങ്സിലും 164 എന്ന നിലയിൽ ദയനീയമായി കീഴടങ്ങി. ഫോളോ ഓൺ ചെയ്യാൻ നി൪ബന്ധിക്കപ്പെട്ട ന്യൂസിലൻഡ് ഇന്നലെ ഒന്നിന് 41 റൺസെന്ന നിലയിലാണ് കളി ആരംഭിച്ചത്. മഴകാരണം രണ്ട് മണിക്കൂ൪ വൈകിയാണ് തുടങ്ങിയത്. തലേദിവസം പുറത്തായ മാ൪ടിൻ ഗുപ്റ്റിലിന്റെ വിക്കറ്റ് മാത്രം നഷ്ടമായ സന്ദ൪ശക൪ പൊരുതാനുറച്ചാണ് നനഞ്ഞ പിച്ചിലേക്ക് ബാറ്റുമായെത്തിയതെങ്കിലും ഇന്ത്യ രചിച്ച തിരക്കഥക്കൊത്ത് ആടാൻ മാത്രമേ കഴിഞ്ഞുള്ളൂ. ബ്രണ്ടൻ മക്കല്ലമും (42), കെയ്ൻ വില്യംസനും (52) രണ്ടാം വിക്കറ്റിൽ പിടിച്ചുനിന്ന് കളിച്ചെങ്കിലും ശീട്ടുകൊട്ടാരം കണക്കെയാണ് പിന്നീട് വിക്കറ്റുകൾ വീണത്. മക്കല്ലത്തെ അൽപം വിവാദമായ എൽ.ബി.ഡബ്ല്യൂവിലൂടെ ഉമേഷ് യാദവ് പുറത്താക്കി. ഇതോടെ കെട്ടുപൊട്ടിയ മുത്തുമാലപോലെയായി കിവികളുടെ അവസ്ഥ. ക്യാപ്റ്റൻ റോസ് ടെയ്ലറെ (7) അശ്വിനും വില്യംസിനെ ഓജയും മടക്കിയയച്ചു. ഇരുവരും മാറിമാറി പന്തെറിഞ്ഞപ്പോൾ ക്രീസിനുള്ളിൽ നട്ടംതിരിയുകയായിരുന്നു കിവീസ് മധ്യനിര. അശ്വിന്റെ ഓഫ് ബ്രേക്കുകളും ഉപരിതലത്തിൽ പന്ത് നന്നായി ബൗൺസ് ചെയ്യിച്ച ഓജയും ചേ൪ന്ന് സന്ദ൪ശക ബാറ്റിങ്ങിനെ പൂ൪ണമായും വരിഞ്ഞുകെട്ടി. പന്തുകളെ നേരിടാൻ ഭയന്നുകളിച്ചപ്പോഴായിരുന്നു പലപ്പോഴും വിക്കറ്റുകൾ കളഞ്ഞുകുളിച്ചത്. ഒടുവിൽ ഒന്നിനു പിന്നാലെ ഒന്നായി ഓരോരുത്തരും പവലിയൻ തേടി മടങ്ങിയതോടെ ഒന്നാം ടെസ്റ്റിൽ ഇന്ത്യയുടെ വിജയം തീ൪ത്തും ആധികാരികമായി.
രണ്ടിന്നിങ്സിലും ആറു വീതം വിക്കറ്റ് വീഴ്ത്തിയ അശ്വിനാണ് മാൻ ഓഫ് ദ മാച്ച്. വി.വി.എസ് ലക്ഷ്മണിന്റെ വിരമിക്കലോടെ ഹൈദരാബാദുകാ൪ കൈയൊഴിഞ്ഞ ടെസ്റ്റിൽ കൂടുതൽ ആവേശകരമായ ജയത്തോടെ തിരിച്ചടിച്ചാണ് ഇന്ത്യ തുട൪ പരാജയ കഥകൾ തിരുത്തിയെഴുതിയത്. പരമ്പരയിലെ രണ്ടാം ടെസ്റ്റ് 31 മുതൽ ബംഗളൂരുവിൽ നടക്കും.
സ്കോ൪ ബോ൪ഡ്
ഇന്ത്യ ഒന്നാം ഇന്നിങ്സ്: 438
ന്യൂസിലൻഡ്: ഒന്നാം ഇന്നിങ്സ് 159
രണ്ടാം ഇന്നിങ്സ്: മാ൪ടിൻ ഗുപ്റ്റിൽ എൽ.ബി.ഡബ്ല്യൂ ബി ഓജ 16, ബ്രണ്ടൻ മക്കല്ലം എൽ.ബി.ഡബ്ല്യൂ ബി യാദവ് 42, വില്യംസൻ സി സെവാഗ് ബി ഓജ 52, റോസ് ടെയ്ല൪ ബി അശ്വിൻ 7, ഡാനിയൽ ഫ്ളിൻ എൽ.ബി.ഡബ്ല്യൂ ബി അശ്വിൻ 11, ഫ്രാങ്ക്ലിൻ സി സെവാഗ് ബി അശ്വിൻ 5, വാൻവിക് എൽ.ബി.ഡബ്ല്യൂ ബി അശ്വിൻ 13, ബ്രെയ്സ്വെൽ സി കൊഹ്ലി ബി ഓജ 1, ജീതൻ പട്ടേൽ നോട്ടൗട്ട് 6, ട്രെന്റ് ബോൾട്ട് സി സെവാഗ് ബി അശ്വിൻ 0, മാ൪ടിൻ എൽ.ബി.ഡബ്ല്യൂ ബി അശ്വിൻ 0, എക്സ്ട്രാസ് 11, ആകെ 164ന് ഓൾഔട്ട്. വിക്കറ്റ് വീഴ്ച: 1-26, 2-98, 3-105, 4-138, 5-142, 6-145, 7-148, 8-160, 9-164, 10-164. ബൗളിങ്: പ്രഗ്യാൻ ഓജ 28 9 48 3, സഹീ൪ ഖാൻ 13 5 17 0, ഉമേഷ് യാദവ് 10 1 32 1, ആ൪. അശ്വിൻ 26.5 9 54 6, സുരേഷ് റെയ്ന 2 1 2 0.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.