ഭരണിക്കാവിലെ മദ്യശാല ജനത്തെ ലഹരിയില്‍ മുക്കുന്നു
text_fieldsശാസ്താംകോട്ട: ഭരണിക്കാവിലെ ബിവറേജസ് കോ൪പറേഷൻ മദ്യവിൽപനശാല നാടിന് ബാധ്യതയാകുന്നു. എക്സൈസ് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുന്നത് മുതൽ രാത്രി ഒമ്പതുമണിക്കുശേഷം മദ്യം മൊത്തമായി വിതരണംചെയ്യുന്നതുവരെ ക്രമക്കേടുകളുടെ പരമ്പരയാണ് ഇവിടം കേന്ദ്രീകരിച്ച് നടക്കുന്നത്. വിജിലൻസ് പരിശോധനയിൽ 1.8 കോടി രൂപയുടെ മദ്യം വിറ്റ വിവരം പുറത്തുവന്നതിനെതുട൪ന്ന് നടത്തിയ അന്വേഷണത്തിൽ വഴിവിട്ട വിപണനരീതിയുടെ കഥകളാണ് പുറത്തുവരുകയാണ്. ഒന്നര ലിറ്റ൪ ബോട്ടിൽ സ്ഥിരം ഇടപാടുകാ൪ക്ക് നൽകുന്നത് പതിവായിരിക്കുകയാണ്. ഉച്ചക്കും രാത്രി ഒമ്പതിനും ശേഷമാണ് ചില്ലറ വിൽപനക്കാ൪ക്ക് മദ്യം മൊത്തമായി നൽകുന്നത്. ഈ സമയം വിൽപനശാലയിലെ ചില ജീവനക്കാ൪ പുറത്തിറങ്ങി പരിസരം നിരീക്ഷിക്കും. ആരും ശ്രദ്ധയെത്താത്ത ദിവസങ്ങളിൽ ഇടപാടുകാരെ ഫോണിൽ വിളിച്ചുവരുത്തുന്നതും പതിവാണ്.
ഈയിടെ മദ്യവിപണനം നിരീക്ഷിക്കാനെത്തിയ എക്സൈസ് ഗാ൪ഡിനെ വിൽപനശാലയിലെ ജീവനക്കാ൪ സംഘംചേ൪ന്ന് അസഭ്യം പറഞ്ഞിരുന്നു. ഇത് മുകളിലേക്ക് റിപ്പോ൪ട്ട് ചെയ്തെങ്കിലും തുട൪നടപടിയുണ്ടായില്ല. കുന്നത്തൂരിലെ മിക്ക മുറുക്കാൻ കടകളും കേന്ദീകരിച്ച് മദ്യംലഭ്യമാണ്. വയൽപ്രദേശങ്ങളിൽ നിരവധി സംഘങ്ങളാണ് മദ്യം വിൽക്കുന്നത്. ഇവിടങ്ങളിലേക്കെല്ലാം മദ്യം എത്തുന്നത് ഭരണിക്കാവിലെ വിൽപനശാലയിൽനിന്നാണെന്ന് പറയപ്പെടുന്നു.
ശാസ്താംകോട്ടയിൽ കൺസ്യൂമ൪ഫെഡ് മദ്യശാലയുണ്ടെങ്കിലും ഇതിൻെറ പത്തിലൊന്നുപോലും വിൽപനയില്ല. ഭരണിക്കാവ് മദ്യശാലയിലെ ജീവനക്കാരിൽ ചിലരും കച്ചവടക്കാരും തമ്മിലുള്ള അവിശുദ്ധബന്ധമാണ് നാടിന് നാണക്കേടും ഭീതിയും ഉണ്ടാക്കുന്ന വിറ്റുവരവിന് കാരണമായി ചൂണ്ടിക്കാട്ടുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.