മത്സ്യത്തിനൊപ്പം കടത്തിയ 1890 ലിറ്റര്‍ സ്പിരിറ്റ് പിടികൂടി
text_fieldsപുനലൂ൪: മിനിലോറിയിൽ മത്സ്യത്തിനൊപ്പം കേരളത്തിലേക്ക് കടത്തിയ 1890 ലിറ്റ൪ സ്പിരിറ്റ് ആര്യങ്കാവ് സംയുക്ത ചെക്പോസ്റ്റിൽ പിടികൂടി. പരിശോധനക്കിടെ ലോറിഡ്രൈവ൪ ഓടി രക്ഷപ്പെട്ടു. ഓണക്കാല കച്ചവടത്തിനായി തമിഴ്നാട്ടിൽനിന്ന് ആര്യങ്കാവ് ചെക്പോസ്റ്റ് വഴി വൻതോതിൽ സ്പിരിറ്റ് കടത്തിയതായി കഴിഞ്ഞദിവസം ഇവിടെ നടന്ന വിജിലൻസ് റെയ്ഡിൽ കണ്ടെത്തിയിരുന്നു. ഇതിനുപിന്നാലെയാണ് ഞായറാഴ്ച പുല൪ച്ചെ ചെക്പോസ്റ്റിൽ യാദൃച്ഛികമായി സ്പിരിറ്റ് പിടികൂടിയത്. തമിഴ്നാട്ടിൽനിന്ന് മത്സ്യം കയറ്റി പതിവായി ചെക്പോസ്റ്റ് കടന്നുപോകുന്ന മിനിലോറിയാണ് ഇന്നലെ പിടിയിലായതെന്ന് അധികൃത൪ തിരിച്ചറിഞ്ഞു.
ഞായറാഴ്ച പുല൪ച്ചെ അഞ്ചരയോടെയാണ് കെ.എൽ. 46 ഇ- 4499 നമ്പ൪ മിനിലോറിയിൽ സ്പിരിറ്റ് കൊണ്ടുവന്നത്. മീൻപെട്ടിയിൽ സ്പിരിറ്റ് നിറച്ച കന്നാസ് പാടെ ഇട്ടശേഷം ഇതിനുമുകളിൽ മത്സ്യവും ഐസും നിറച്ച നിലയിലായിരുന്നു. 35 ലിറ്റ൪ വീതം കൊള്ളുന്ന 54 കന്നാസുകളിലായാണ് സ്പിരിറ്റ് നിറച്ചിരുന്നത്. എക്സൈസ് ചെക്പോസ്റ്റിലും ചേ൪ന്നുള്ള വാണിജ്യനികുതി ചെക്പോസ്റ്റിലും ഈ വാഹനം പരിശോധനക്ക് വിധേയമാക്കി. അസാധാരണമായി ഒന്നും കണ്ടെത്താത്തതിനെതുട൪ന്ന് വണ്ടി കടത്തിവിടാൻ ടോക്കണും നൽകി. ഡ്രൈവറുടെ പരിഭ്രമം ഓഫിസിനുപുറത്തുനിന്ന ചെക്പോസ്റ്റ് ജീവനക്കാരുടെയും ശ്രദ്ധയിൽപ്പെട്ടു. ഇതേതുട൪ന്ന് ഇവ൪ വണ്ടി വിശദമായി പരിശോധിച്ചപ്പോഴാണ് മത്സ്യത്തിനടിയിൽ സ്പിരിറ്റ് കന്നാസുകൾ കണ്ടെത്തിയത്. ഇതിനിടെ ഡ്രൈവ൪ ഓടി രക്ഷപ്പെട്ടുവെന്നാണ് അധികൃത൪ പറഞ്ഞത്. വണ്ടിയിൽനിന്ന് അഞ്ചൽ അഗസ്ത്യകോട് സ്വദേശിയുടെ ഒരു പാസ്ബുക്കും ഫോട്ടോയും കണ്ടെടുത്തു. ചെക്പോസ്റ്റിൽ ഡ്രൈവ൪ ഹാജരാക്കിയ രേഖകൾപ്രകാരം തൂത്തുക്കുടിയിൽനിന്ന് ബിനോയ്രാജൻ എന്നയാൾ തൃശൂ൪ സ്വദേശിയായ വിജയന് കയറ്റിവിട്ടതാണ് വണ്ടിയിലുണ്ടായിരുന്ന മത്സ്യം. ഇതിനെക്കുറിച്ചും കണ്ടെടുത്ത പാസ്ബുക്കിനെ പിന്തുട൪ന്നും എക്സൈസ് അധികൃത൪ അന്വേഷണം തുടങ്ങി. അഞ്ചൽ സ്വദേശി സതീശനെതിരെ എക്സൈസ് കേസെടുത്തിട്ടുണ്ട്.
ഈമാസം മൂന്നുദിവസം മറ്റൊരു മിനിലോറിയിൽ ഇതുവഴി സ്പിരിറ്റ് കടത്തിയത് പൊലീസ് വിജിലൻസ് കണ്ടെത്തിയിരുന്നു. ഇതിൽ ഒരു ലോഡ് തിരുവല്ലക്കുസമീപം പൊലീസ് പിടിച്ചിരുന്നു.
ഈ സ്പിരിറ്റ് കടത്തുമായി ബന്ധപ്പെട്ട് ആ ദിവസങ്ങളിൽ ചെക്പോസ്റ്റിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ആറ് എക്സൈസ് ഉദ്യോഗസ്ഥരെ ശനിയാഴ്ച സ്ഥലംമാറ്റി. ഇവ൪ക്കുപകരം മറ്റു ചിലരെ ഇവിടെ നിയമിച്ചതിനുപിന്നാലെയാണ് ഞായറാഴ്ച സ്പിരിറ്റ് പിടിച്ചത്. ഇതോടെ ഇതുവഴി വരുന്ന എല്ലാ വാഹനങ്ങളും ക൪ശനമായി പരിശോധിക്കുകയാണ്. എന്നാൽ മത്സ്യം, പച്ചക്കറി, പൂവ്, പാൽ തുടങ്ങിയവ കയറ്റിവരുന്ന വാഹനങ്ങൾ സൂഷ്മമായി പരിശോധിക്കാൻ കഴിയാത്ത സാഹചര്യമാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.