പഴയറോഡില്‍ കുടിവെള്ളം നിലച്ചിട്ട് രണ്ടാഴ്ച
text_fieldsതിരുവനന്തപുരം: മെഡിക്കൽ കോളജ് പഴയറോഡിൽ കുടിവെള്ളവിതരണം സ്തംഭിച്ചിട്ട് രണ്ടാഴ്ച. നൂറുകണക്കിന് ആൾക്കാ൪ ദുരിതത്തിൽ. മെഡിക്കൽ കോളജ് ജങ്ഷനു സമീപത്തുനിന്നാരംഭിച്ച് മുറിഞ്ഞപാലത്ത് അവസാനിക്കുന്ന പഴയറോഡ് പ്രദേശത്ത് ജലഅതോറിറ്റിയുടെ പൈപ്പിലൂടെയുള്ള കുടിവെള്ളവിതരണം സ്തംഭിച്ചിട്ട് 15 ദിവസം കഴിഞ്ഞു.
നിരവധി ലബോറട്ടറികൾ, സ്കാനിങ് സെൻററുകൾ, പള്ളികൾ, കാൻസ൪ രോഗികളെ ഉൾപ്പെടെ സൗജന്യമായി താമസിപ്പിക്കുന്ന സ്ഥാപനങ്ങൾ, ഹോട്ടലുകൾ, ലോഡ്ജുകൾ തുടങ്ങി നൂറുകണക്കിന് സ്ഥാപനങ്ങളും വീടുകളും ഉൾപ്പെട്ട പ്രദേശമാണ് പഴയറോഡ്. നിരവധി തവണ ജല അതോറിറ്റി അധികൃതരെ വിവരം അറിയിച്ചെങ്കിലും ഉദ്യോഗസ്ഥരുടെ അനാസ്ഥകാരണം പ്രശ്നം പരിഹരിക്കാനായില്ല. ജനരോഷം ഉയ൪ന്നതോടെ നാമമാത്രമായി ടാങ്ക൪ലോറികളിൽ കുടിവെള്ളമെത്തിച്ചെങ്കിലും ദുരിതത്തിനും ജലക്ഷാമത്തിനും പരിഹാരമില്ല.
ഓണമെത്തിയതോടെ പ്രദേശവാസികളുടെയും സ്ഥാപന ഉടമകളുടെയും ലോഡ്ജുകളിൽ താമസക്കാരായ രോഗികളുടെയുമെല്ലാം നില പരുങ്ങലിലായി. നിരവധിതവണ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽ പ്രശ്നം ചൂണ്ടിക്കാട്ടിയിട്ടും നടപടികളില്ലാത്തതിനാൽ പഴയറോഡ് നിവാസികൾ ഒന്നടങ്കം മുഖ്യമന്ത്രി ഈ പ്രശ്നത്തിൽ ഇടപെട്ട് പോംവഴി കണ്ടെത്തണമെന്നാവശ്യപ്പെട്ട് പരാതി നൽകിയിട്ടുണ്ട്.
സി.പി.ഐ ഉള്ളൂ൪ ലോക്കൽ കമ്മിറ്റിയും ഇതിനെതിരെ രംഗത്തെത്തി. മുഖ്യമന്ത്രിയുടെ സുതാര്യ കേരളത്തിലേക്ക് സി.പി.ഐ നേതാക്കളായ പി.കെ. രാജു, ആ൪. മഹേന്ദ്രബാബു, എം. ജയപ്രകാശ് എന്നിവരുടെ നേതൃത്വത്തിൽ പരാതി നൽകി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.