ദുരന്തത്തിലേക്ക് ഒരു ഡിവൈഡര്‍
text_fieldsകണ്ണൂ൪: അശാസ്ത്രീയമായി നി൪മിച്ച ഡിവൈഡറാണ് ചാല ബൈപാസിൽ പാചകവാതക ടാങ്ക൪ അപകടത്തിൽപ്പെടാൻ കാരണമെന്ന് നാട്ടുകാ൪. ഡിവൈഡറിൽ തട്ടി റോഡിൻെറ വലതുഭാഗത്തേക്ക് മറിഞ്ഞാണ് അപകടം.
ഉയരം കുറഞ്ഞതും റിഫ്ളക്ടറോ സൂചനാബോ൪ഡോ സ്ഥാപിക്കാത്തതും കാരണം ഡിവൈഡ൪ ഡ്രൈവ൪മാരുടെ ശ്രദ്ധയിൽപ്പെടുന്നില്ല. തിങ്കളാഴ്ച അ൪ധരാത്രി ടാങ്ക൪ലോറി പൊട്ടിത്തെറിക്കുന്നതിന് അൽപം മുമ്പ് മറ്റൊരു ടാങ്ക൪ ഡിവൈഡറിൽ ഇടിച്ചിരുന്നതായി നാട്ടുകാ൪ പറഞ്ഞു. ടാങ്ക൪ ശൂന്യമായതിനാൽ ദുരന്തം സംഭവിച്ചില്ല. ഒന്നരമാസം മുമ്പാണ് ബസ് ഡിവൈഡറിൽ ഇടിച്ച് നിയന്ത്രണംവിട്ട് വായനശാലയിലേക്ക് കയറിയത്. ആറുമാസം മുമ്പ് വിറക് കയറ്റിയ ലോറിയും അപകടത്തിൽപ്പെട്ടു. ഏതാനും മാസംമുമ്പ് നിയന്ത്രണം തെറ്റിയ ടാങ്ക൪ പറമ്പിലൂടെ ഓടിയിരുന്നു. റെയിൽപാതയിൽ പതിക്കാതെ തെല്ലിട വ്യത്യാസത്തിലാണ് നിന്നത്.
താഴെചൊവ്വ മുതൽ ചാലക്കുന്ന് വരെ റോഡിന് നല്ല വീതിയുണ്ട്. ബൈപാസ് ജങ്ഷൻ വരെ വീതി കുറവാണ്. ഇറക്കവും നേരിയ വളവുമുള്ള സ്ഥലത്താണ് ഡിവൈഡ൪. വളവ് നിവ൪ത്തി റോഡ് നേരെയാക്കേണ്ട ആവശ്യകത ഇതിൻെറ ഉദ്ഘാടനവേളയിൽ തന്നെ ചൂണ്ടിക്കാണിക്കപ്പെട്ടതാണ്. ചിലരുടെ താൽപര്യത്തിന് വഴങ്ങി സ്ഥലം അക്വയ൪ ചെയ്യാതിരുന്നതാണ് വളവ് നിലനിൽക്കാൻ കാരണം. വളവ് നിലനി൪ത്തി റോഡ്, ഗതാഗതത്തിന് തുറന്നപ്പോൾ തന്നെ ചില സ്ഥലമുടമകളുടെ അവിഹിത ഇടപെടലിനെക്കുറിച്ച് പരാതി ഉയ൪ന്നിരുന്നു. അന്നുമുതൽ തുട൪ച്ചയായി ഇവിടെ അപകടം ആവ൪ത്തിക്കുകയായിരുന്നു.
അപകടം ആവ൪ത്തിക്കുന്നതിനാൽ ഡിവൈഡറിൻെറ ഉയരം കൂട്ടുകയും റിഫ്ളക്ടറും സൂചനാബോ൪ഡും സ്ഥാപിക്കുകയും ചെയ്യണമെന്ന് നാട്ടുകാ൪ ആവശ്യപ്പെട്ടിരുന്നു. അതും പരിഗണിക്കപ്പെട്ടില്ല. പൊതുമരാമത്ത്, പൊലീസ് അധികൃതരോ റോഡ് സുരക്ഷാസമിതിയോ ഈ ആവശ്യം അവഗണിച്ചു.
മൊയ്തുപാലം ദു൪ബലമായതോടെ ചരക്കുവാഹനങ്ങൾ മമ്പറം വഴിയാണ് ഓടുന്നത്. ദേശീയപാതയിലെ കുരുക്ക് കാരണം ബൈപാസിലൂടെയാണ് ടാങ്ക൪ ലോറികളുൾപ്പെടെ ഗതാഗതം. കോഴിക്കോട് ഭാഗത്തേക്കുള്ള ദീ൪ഘദൂര ബസുകളും ഇതുവഴിയാണ് പോകുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.