സംസ്ഥാന നീന്തല്‍: തിരുവനന്തപുരത്തിന് കിരീടം
text_fieldsവെഞ്ഞാറമൂട്: പിരപ്പൻകോട് അന്താരാഷ്ട്ര നീന്തൽ കുളത്തിൽ നടക്കുന്ന 60ാമത് സംസ്ഥാന സീനിയ൪ നീന്തൽ ചാമ്പ്യൻഷിപ്പിൽ 449 പോയൻറുകൾ നേടി തിരുവനന്തപുരം ജില്ല ഓവറോൾ കിരീടം ചൂടി. 238 പോയൻറുകൾ നേടി തൃശൂ൪ രണ്ടും 183 പോയൻറുകൾ നേടിയ എറണാകുളം മൂന്നാംസ്ഥാനവും നേടി.
രണ്ടാം ദിവസമായ ഞായറാഴ്ച നാല് സംസ്ഥാന റെക്കോഡുകൾ കൂടി തക൪ത്തു. ഒന്നാംദിവസം പുരുഷന്മാരുടെ 1500 മീറ്റ൪, 200 മീറ്റ൪ ഫ്രീസ്റ്റൈൽ ഇനങ്ങളിൽ എറണാകുളത്തിനുവേണ്ടി റെക്കോഡ് നേടിയ 16കാരനായ ആനന്ദ് എ.എസ്, ഇന്നലെ 800 മീറ്റ൪ ഫ്രീ സ്റ്റൈലിൽ 2011ൽ തിരുവനന്തപുരത്തിനായി താൻ തന്നെ നേടിയ 09:14:53 എന്ന റെക്കോഡ് 09:10:50 എന്ന സമയത്തിൽ തിരുത്തി. കൂടാതെ 400 മീറ്റ൪ പുരുഷന്മാരുടെ ഫ്രീസ്റ്റൈലിൽ 2011ലെ തിരുവനന്തപുരത്തെ ടി.ആ൪. രാഹുലിൻെറ 04:27:37 എന്ന റെക്കോഡിനെ 04:27:34 കൊണ്ട് തക൪ത്ത് പുതിയ റെക്കോഡ് സൃഷ്ടിച്ചു.
16ാം വയസ്സിൽ സീനിയ൪ മത്സരത്തിൽ നാല് റെക്കോഡുകളുമായാണ് പിരപ്പൻകോട് സ്വദേശി കൂടിയായ ആനന്ദ് എറണാകുളത്തേക്ക് പോകുക. 50 മീറ്റ൪ ബ്രൈസ്റ്റ് സ്ട്രോക്കിൽ 2008ൽ റെയിൽവേ ഇൻസ്റ്റിറ്റ്യൂട്ടിലെ അനൂപ് അഗസ്റ്റ്യൻെറ റെക്കോഡ് തക൪ത്ത് (സമയം 00:31:71) തിരുവനന്തപുരം ജില്ലയിലെ അരുൺ.എസ് 06:31:63 എന്ന സമയം കൊണ്ട് പുതിയ സംസ്ഥാന റെക്കോഡ് സൃഷ്ടിച്ചു.
സ്ത്രീകളുടെ ബാക്സ്ട്രോക്ക് മത്സരങ്ങളിൽ പതിറ്റാണ്ടുകളായി മുഴുവൻ റെക്കോഡുകളും സ്വന്തം പേരിലാക്കിയ കോട്ടയം ജില്ലയിലെ ഡോ. സോണി സിറിയക് 2005ൽ 100 മീറ്റ൪ ബാക്ക്സ്ട്രോക്കിൽ 01:13:67 എന്ന സ്വന്തം റെക്കോഡ് 01:11:80 എന്ന സമയം കൊണ്ട് തിരുത്തി പുതിയ സംസ്ഥാന റെക്കോഡ് സൃഷ്ടിച്ചു. 4x100 മീറ്റ൪ സ്ത്രീകളുടെ ഫ്രീ സ്റ്റൈൽ റിലേയിൽ 04:35:35 എന്ന 1997ലെ തൃശൂ൪ ജില്ലയിലെ റെക്കോഡ് 04:31:86 എന്ന സമയം കൊണ്ട് തിരുവനന്തപുരം ജില്ലയിലെ സന്ധ്യ .എസ്, രാഗി .ഐ.വി, ശ്രീക്കുട്ടി .ജെ, നിത്യ.എം.ആ൪ എന്നിവ൪ ചേ൪ന്ന് പുതിയ റെക്കോഡിട്ടു. ഏഴ് പുതിയ റെക്കോഡുകളുമായാണ് ഇത്തവണത്തെ സീനിയ൪ അക്വാട്ടിക് മത്സരങ്ങൾ സമാപിച്ചത്.
വിജയികൾക്ക് പാലോട് രവി എം.എൽ.എ ട്രോഫികൾ വിതരണം ചെയ്തു. നീന്തൽ കുളത്തിന് സമീപം നടന്ന സമാപനസമ്മേളനത്തിൽ മുൻ മന്ത്രിയും അക്വാട്ടിക് അസോസിയേഷൻ സംസ്ഥാന പ്രസിഡൻറുമായ എം. വിജയകുമാ൪ അധ്യക്ഷനായിരുന്നു. മുരളീധരൻ, കെ. തങ്കപ്പൻ നായ൪, അഡ്വ. വെമ്പായം അനിൽ കുമാ൪, എ. നൗഷാദ്, എസ്. രമ, കന്യാകുളങ്ങര നുജുമുദ്ദീൻ എന്നിവ൪ സംസാരിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.