കോടികള്‍ പൊടിച്ച് ഓണം വാരാഘോഷം
text_fieldsതിരുവനന്തപുരം: സംസ്ഥാന ടൂറിസം വകുപ്പിൻെറ നേതൃത്വത്തിൽ തലസ്ഥാനനഗരിയിൽ സംഘടിപ്പിച്ച ഓണം വാരാഘോഷത്തിന് കൊടിയിറങ്ങുമ്പോൾ അനുവദിച്ച തുക ചെലവിട്ടതിൽ അവ്യക്തത. ആഘോഷത്തിന് ഒരു കോടി രൂപയിലേറെ ചെലവായതായാണ് പ്രാഥമിക കണക്ക്. അത്ര ചെലവുള്ള കലാപരിപാടികൾ ഇക്കുറി നടത്തിയിട്ടുമില്ല.
വിവിധ വേദികളിൽ നടന്ന കലാപരിപാടികൾ തട്ടിക്കൂട്ടായിരുന്നു. ചന്ദ്രശേഖരൻനായ൪ സ്റ്റേഡിയത്തിലെ വേദിയിലാണ് പ്രധാന പരിപാടികൾ നടന്നത്. അതാകട്ടെ വിവിധ മാധ്യമസ്ഥാപനങ്ങളുടെ നേതൃത്വത്തിൽ സംഘടിപ്പിച്ചതും. 28ന് ഉദ്ഘാടനദിനത്തിൽ മാത്രമാണ് സംഘാടക൪ക്ക് പണച്ചെലവുണ്ടായത്. നടൻ മധുവിനെ ആദരിച്ച ചടങ്ങും തുട൪ന്നുള്ള കലാപരിപാടികളുമായിരുന്നു ചെലവുണ്ടാക്കിയത്. എന്നാൽ കലാപരിപാടികളിൽ ജയ്ഹിന്ദ് ടി.വിയുടെ പങ്കാളിത്തവുമുണ്ടായിരുന്നു. മറ്റ് വേദികളിലെല്ലാം നടന്ന കലാപരിപാടികളിൽ ഭൂരിഭാഗവും വഴിപാട് ആയിരുന്നുവെന്ന് വ്യക്തം. നൃത്ത-സംഗീത സ്കൂളുകളിലെ കുട്ടികളുടെ അരങ്ങേറ്റമായിരുന്നു ഓണാഘോഷ വേദികൾ. നിലവാരമുള്ള ട്രൂപ്പുകളുടെ കലാപരിപാടികൾ വിരളമായിരുന്നു.
ഒരുകാലത്ത് പിന്നണിഗായകരുടെ നേതൃത്വത്തിലുള്ള സംഘങ്ങൾ കീഴടക്കിയിരുന്ന ഗാനമേള വേദിയിൽ ഇക്കുറി വിവിധ സ൪ക്കാ൪ സ്ഥാപനങ്ങളിലേതുൾപ്പെടെ റിക്രിയേഷൻ ക്ളബുകളുടെ ഗാനമേളയായിരുന്നു. ഈ സംഘങ്ങൾക്ക് തങ്ങളുടെ കലാപ്രകടനങ്ങൾ അവതരിപ്പിക്കാനുള്ള വേദിയായപ്പോൾ സംഘാടക൪ക്ക് ചെലവ് ഏറെ കുറഞ്ഞു. നാടോടി കലാരൂപങ്ങൾ എന്ന പേരിൽ ചില സംഘങ്ങൾ എന്തോ കാട്ടിക്കൂട്ടുകയാണുണ്ടായതെന്ന് കലാപ്രേമികൾ ആരോപിക്കുന്നു. അതേസമയം ഇത്തവണ വേദികളുടെ എണ്ണം കൂടുതലുമായിരുന്നു. നഗരത്തിൽനിന്ന് ഒഴിഞ്ഞുള്ള പ്രദേശങ്ങളിലും ഓണാഘോഷം സംഘടിപ്പിച്ചെങ്കിലും അവിടെങ്ങും മതിയായ സൗകര്യങ്ങൾ ഒരുക്കിയില്ലെന്നും ആക്ഷേപമുണ്ട്. ദീപാലങ്കാരത്തിന് കൂടുതൽ തുക ചെലവാക്കിയത് നഗരസഭയും സ൪ക്കാ൪-സ്വകാര്യ സ്ഥാപനങ്ങളുമാണ്. ആ വകയിലും സംഘാടക൪ക്ക് കാര്യമായ ചെലവുണ്ടായിട്ടില്ല. തിങ്കളാഴ്ച നടക്കുന്ന ഘോഷയാത്രയിൽ അണിനിരക്കുന്ന ഫ്ളോട്ടുകൾക്കുള്ള പണം ചെലവിട്ടതും വിവിധ വകുപ്പുകളും സ്ഥാപനങ്ങളുമാണ്. ഓണം വാരാഘോഷം ആരംഭിക്കുംമുമ്പ് സംഘാടനത്തിലെ പാളിച്ചകൾ ചൂണ്ടിക്കാട്ടി സ്ഥലം എം.എൽ.എ കെ. മുരളീധരൻ രംഗത്തെത്തിയിരുന്നു. തനിക്ക് നൽകിയ സ്ഥാനമാനങ്ങളും അദ്ദേഹം വേണ്ടെന്നുവെച്ചു. അത് ശരിവെക്കുന്ന നിലയിലായിരുന്നു ഇത്തവണത്തെ ആഘോഷ സംഘാടനം.
അതിനിടെ കണ്ണൂ൪ ടാങ്ക൪ ദുരന്തത്തിൽ മരണസംഖ്യ കൂടുമ്പോൾ ഓണം ഘോഷയാത്ര സംഘടിപ്പിക്കുന്നത് നീതീകരിക്കാനാകില്ലെന്ന ആക്ഷേപവുമുണ്ട്. മുമ്പ് സംസ്ഥാനത്തെ ഞെട്ടിച്ച സംഭവങ്ങളുണ്ടായപ്പോൾ ആഘോഷപരിപാടികൾ മാറ്റിവെച്ചിട്ടുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.