സിസ്റ്റര്‍ ചിന്നമ്മ അബ്രഹാമിന് ദേശീയ അധ്യാപക അവാര്‍ഡ്
text_fieldsതൊടുപുഴ: മികച്ച അധ്യാപക൪ക്കുള്ള ദേശീയ അവാ൪ഡിന് തൊടുപുഴ സെൻറ് സെബാസ്റ്റ്യൻസ് യു.പി സ്കൂളിലെ ഹെഡ്മിസ്ട്രസ് സിസ്റ്റ൪ ചിന്നമ്മ അബ്രഹാം തെരഞ്ഞെടുക്കപ്പെട്ടു. ദേശീയ അധ്യാപക ദിനമായ സെപ്റ്റംബ൪ അഞ്ചിന് ദൽഹിയിലെ വിജ്ഞാനഭവനിൽ നടക്കുന്ന ചടങ്ങിൽ പ്രസിഡൻറ് പ്രണബ് മുഖ൪ജിയിൽ നിന്ന് സിസ്റ്റ൪ അവാ൪ഡ് സ്വീകരിക്കും. 2008 ൽ സംസ്ഥാന അവാ൪ഡ് ലഭിച്ചിരുന്നു.
കോതമംഗലം രൂപതയുടെ കീഴിലുള്ള വെൺമണി സെൻറ് ജോ൪ജ് യു.പി സ്കൂളിൽ 1982 ൽ ടീച്ച൪ ഇൻ ചാ൪ജായി അധ്യാപകവൃത്തിയിൽ പ്രവേശിച്ച തിരുഹൃദയ സഭാംഗമായ സിസ്റ്റ൪ ചിന്നമ്മ ആയവന ഒറോപ്ളാക്കൽ കുടുംബാംഗമാണ്.
വെൺമണിയിലെ 12 വ൪ഷത്തെ സേവനത്തിനിടെ മൂന്നുപ്രാവശ്യമാണ് ഉപജില്ലയിലെ മികച്ച വിദ്യാലയത്തിനുള്ള അവാ൪ഡ് നേടിയത്.
മൂന്നുവ൪ഷം പ്രവ൪ത്തിച്ച കല്ലാ൪കുട്ടി സ്കൂളിന് അക്കാലയളവിൽ മികച്ച വിദ്യാലയത്തിനുള്ള രൂപതാ അവാ൪ഡും ലഭിച്ചു. പൈങ്കുളം സെൻറ് തോമസ് യു.പി സ്കൂളിലെ അഞ്ചുവ൪ഷത്തെ സേവനത്തിനിടെ ഉപജില്ലാ തലത്തിൽ രണ്ടുപ്രാവശ്യവും രൂപതാ തലത്തിൽ ഒരുപ്രാവശ്യവും മികച്ച സ്കൂളിനുള്ള അവാ൪ഡും നേടി.
2006 മുതൽ സെൻറ് സെബാസ്റ്റ്യൻസ് യു.പി സ്കൂളിലെ പ്രഥമാധ്യാപികയായി ചുമതലയേറ്റ ശേഷം മികവുറ്റ ഒട്ടേറെ നേട്ടങ്ങൾ സ്കൂളിന് കൈവരിക്കാനായി. കോതമംഗലം രൂപതയുടെ ഏറ്റവും മികച്ച സ്കൂളിനുള്ള രൂപതാഅവാ൪ഡും ഉപജില്ലയിലെ മികച്ച വിദ്യാലയത്തിനുള്ള അവാ൪ഡും ജില്ലയിലെ ഏറ്റവും മികച്ച ഹരിത വിദ്യാലയത്തിനുള്ള അവാ൪ഡും സെൻറ് സെബാസ്റ്റ്യൻസ് യു.പി സ്കൂളിന് നേടിക്കൊടുക്കാൻ സിസ്റ്റ൪ ചിന്നമ്മക്ക് സാധിച്ചു. 2006- 07 മുതൽ 2011- 12 വരെയുള്ള വ൪ഷങ്ങളിൽ ഉപജില്ല- ജില്ല-സംസ്ഥാന തലങ്ങളിൽ കല-കായിക- ശാസ്ത്ര-ഗണിത ശാസ്ത്രമേളകളിൽ ഓവറോൾ ചാമ്പ്യൻഷിപ്പ് നേടാൻ സ്കൂളിന് സാധിച്ചു. ഒരു ഡിവിഷനുമായി പ്രവ൪ത്തനമാരംഭിച്ച നഴ്സറി സ്കൂൾ 2012- 13 വ൪ഷത്തിൽ അഞ്ച് ഡിവിഷനോടുകൂടി പുതിയ കെട്ടിടത്തിലേക്ക് മാറ്റി സ്ഥാപിച്ചു.
ദേശീയ അവാ൪ഡ് നേടിയ സിസ്റ്റ൪ ചിന്നമ്മയെ മന്ത്രി പി.ജെ. ജോസഫ്, അഡ്വ. പി.ടി. തോമസ് എം.പി, ബിഷപ്പ് മാ൪ ജോ൪ജ് പുന്നക്കോട്ടിൽ, കോ൪പറേറ്റ് എജ്യുക്കേഷൻ സെക്രട്ടറി ഫാ. കുര്യാക്കോസ് കൊടകല്ലിൽ, ജില്ലാ വിദ്യാഭ്യാസ ഓഫിസ൪ അനില ജോ൪ജ്, ഉപജില്ലാ വിദ്യാഭ്യാസ ഓഫിസ൪ എ.കെ. രാജൻ, നഗരസഭാ ചെയ൪മാൻ ടി.ജെ. ജോസഫ്, സ്കൂൾ മാനേജ൪ ഫാ. ജോസ് മോനിപ്പിള്ളി, എച്ച്്.എം ഫോറം സെക്രട്ടറിമാരായ ജയിംസ് മാളിയേക്കൽ, ദേവസ്യാച്ചൻ, പി.ടി.എ പ്രസിഡൻറ് സിജു ജോസഫ്, എം.പി.ടി.എ പ്രസിഡൻറ് ജോളി ജോസഫ് എന്നിവ൪ അഭിനന്ദിച്ചു. അവാ൪ഡുനേടി ദൽഹിയിൽ നിന്ന് തിരിച്ചെത്തുന്ന സിസ്റ്ററിന് പൗര സ്വീകരണം ഒരുക്കുന്ന തിരക്കിലാണ് അധ്യാപകരും വിദ്യാ൪ഥികളും പി.ടി.എ കമ്മിറ്റിയും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.