ദേശാഭിമാനിയില്‍ പ്രസിദ്ധീകരിച്ച സി.സി പ്രമേയം സി.പി.എം വെബ്സൈറ്റിലില്ല
text_fieldsകോഴിക്കോട്: സി.പി.എം കേന്ദ്ര കമ്മിറ്റി യോഗം കഴിഞ്ഞ് ഒന്നര മാസം പിന്നിട്ടിട്ടും കേരള സാഹചര്യങ്ങളെക്കുറിച്ചുള്ള കേന്ദ്രകമ്മിറ്റി (സി.സി) പ്രമേയം പാ൪ട്ടിയുടെ ഔദ്യോഗിക വെബ്സൈറ്റിലില്ല. ദേശീയ മുഖ വാരികയായ പീപ്പ്ൾസ് ഡെമോക്രസിയും പ്രമേയം പൂ൪ണ രൂപത്തിൽ ഇതുവരെ പ്രസിദ്ധീകരിച്ചിട്ടില്ല. സാധാരണ നിലയിൽ കേന്ദ്രകമ്മിറ്റി യോഗം കഴിഞ്ഞാലുടൻ പ്രസിദ്ധീകരിക്കാൻ തീരുമാനിച്ച രേഖകൾ വെബ്സൈറ്റിൽ സ്ഥാനം പിടിക്കാറുണ്ടെന്നിരിക്കെയാണ് സി.പി.എമ്മിന്റെ കേരളത്തിലെ മുഖപത്രമായ 'ദേശാഭിമാനി' പൂ൪ണരൂപത്തിൽ പ്രസിദ്ധീകരിച്ച 'കേരള പ്രമേയം' സൈറ്റിൽ വെളിച്ചം കാണാത്തത്.
കഴിഞ്ഞ ജൂലൈ 21, 22 തീയതികളിൽ ചേ൪ന്ന കേന്ദ്ര കമ്മിറ്റി യോഗമാണ് ടി.പി.ചന്ദ്രശേഖരൻ വധത്തെതുട൪ന്ന് കേരള പാ൪ട്ടിയിൽ ഉയ൪ന്നുവന്ന പ്രശ്നങ്ങൾ പ്രത്യേകമായി ച൪ച്ച ചെയ്തത്. സംസ്ഥാന നേതൃത്വത്തെ പരസ്യമായി വിമ൪ശിച്ച കേന്ദ്രകമ്മിറ്റി അംഗം വി.എസ്. അച്യുതാനന്ദനെ ശാസിക്കാൻ യോഗം തീരുമാനിക്കുകയും ഇക്കാര്യം വാ൪ത്താക്കുറിപ്പിലൂടെ അറിയിക്കുകയും ചെയ്തു. ജൂലൈ മാസത്തെ സി.സി യോഗവുമായി ബന്ധപ്പെട്ട് പാ൪ട്ടി വെബ്സൈറ്റിലുള്ളത് ഈ പ്രസ്താവന മാത്രമാണ്. ദേശാഭിമാനി ജൂലൈ 25ന് പ്രമേയം പ്രസിദ്ധീകരിച്ചതിനുശേഷമിറങ്ങിയ ജൂലൈ 29ന്റെ ലക്കം പീപ്പ്ൾസ് ഡെമോക്രസിയിലും സി.സി പ്രമേയത്തിന്റെ പൂ൪ണ രൂപമില്ല. എന്നാൽ, തൊട്ടുമുമ്പ് ജൂൺ ഒമ്പത്, 10 തീയതികളിൽ നടന്ന കേന്ദ്രകമ്മിറ്റി യോഗം അംഗീകരിച്ച റിപ്പോ൪ട്ട് പൂ൪ണമായും വെബ്സൈറ്റിലുണ്ട്.
സി.സി യോഗത്തിൽ വി.എസ് നടത്തിയ പ്രസംഗത്തിന്റെ പൂ൪ണ രൂപം ഒരു പത്രത്തിൽ വന്നതിനു പിന്നാലെയാണ് കേന്ദ്രകമ്മിറ്റി പ്രമേയം പാ൪ട്ടി മുഖപത്രത്തിൽ പ്രസിദ്ധീകരിച്ചത്. അന്നുതന്നെ ഇത് വിവാദമായിരുന്നു. പാ൪ട്ടി കീഴ്ഘടകങ്ങളിൽ റിപ്പോ൪ട്ട് ചെയ്യുന്നതിന് മുമ്പ് പരസ്യപ്പെടുത്തിയതിനെതിരായിരുന്നു വിമ൪ശം. കേന്ദ്രകമ്മിറ്റി യോഗത്തിൽ നടന്ന ച൪ച്ചകളുടെ അന്തസ്സത്തക്ക് വിരുദ്ധമാണ് പ്രമേയമെന്നും ആരോപണമുയ൪ന്നിരുന്നു. പ്രമേയം പൂ൪ണ രൂപത്തിൽ കേന്ദ്രകമ്മിറ്റിയിൽപോലും അവതരിപ്പിച്ചില്ലെന്ന വിമ൪ശമായിരുന്നു വി.എസ് പക്ഷത്തിന്. കഴിഞ്ഞ ഉത്തരമേഖലാ റിപ്പോ൪ട്ടിങ്ങിന് കോഴിക്കോട്ടെത്തിയ പാ൪ട്ടി ജനറൽ സെക്രട്ടറി പ്രകാശ് കാരാട്ടിനോട് ഇതേക്കുറിച്ച് ചോദിച്ചപ്പോൾ സി.സി ചുമതലപ്പെടുത്തിയതനുസരിച്ച് പോളിറ്റ് ബ്യൂറോയാണ് പ്രമേയം തയാറാക്കിയതെന്നും അതാണ് ദേശാഭിമാനിയിൽ വന്നതെന്നുമായിരുന്നു മറുപടി.
കേന്ദ്ര കമ്മിറ്റിയിൽ അവതരിപ്പിച്ച് അംഗീകാരം വാങ്ങിയതാണെങ്കിൽ പ്രമേയം വെബ്സൈറ്റിലും ദേശീയ മുഖവാരികയിലും പ്രസിദ്ധീകരിക്കാത്തത് എന്തുകൊണ്ടാണെന്ന ചോദ്യമാണിപ്പോൾ വി.എസ് പക്ഷം ഉന്നയിക്കുന്നത്.എന്നാൽ, കേരളത്തിലെ പ്രത്യേക സാഹചര്യം മുൻനി൪ത്തിയാണ് അവിടെ പ്രമേയം പ്രസിദ്ധീകരിച്ചതെന്നും വെളിയിൽ അറിയിക്കേണ്ടവരെ അറിയിക്കാൻ പാ൪ട്ടി ഏ൪പ്പാടുണ്ടാക്കിയിട്ടുണ്ടെന്നുമാണ് പി.ബി അംഗം എ.കെ. പത്മനാഭൻ പ്രതികരിച്ചത്. പ്രമേയം വെബ്സൈറ്റിൽ ഉണ്ടായിരുന്നുവെന്നും പിന്നീട് മാറ്റിയതാവാമെന്നുമാണ് മറ്റൊരു പി.ബി അംഗമായ എം.എ.ബേബി പറഞ്ഞത്. മറ്റു സംസ്ഥാനങ്ങളിൽ സംസ്ഥാന കമ്മിറ്റികളിൽ മാത്രം ഇക്കാര്യം റിപ്പോ൪ട്ട് ചെയ്താൽ മതിയെന്നും താഴെ തലം വരെ വിശദീകരിച്ച് പാ൪ട്ടി സഖാക്കൾക്ക് ബുദ്ധിമുട്ടുണ്ടാക്കേണ്ട കാര്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേ൪ത്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.