പുരാതന ജലപാത വിസ്മൃതിയില്‍
text_fieldsതൊടുപുഴ: റോഡ് വികസനത്തിന് സ്ഥലമെടുപ്പ് അടക്കമുള്ള പ്രശ്നങ്ങൾ പ്രതിസന്ധി സൃഷ്ടിക്കുമ്പോഴും ഇത്തരം പ്രശ്നങ്ങളൊന്നുമില്ലാതെ ഉപയോഗപ്പെടുത്താവുന്ന പുരാതന ജലപാത വിസ്മൃതിയിൽ.
മുക്കാൽ നൂറ്റാണ്ട് മുമ്പുവരെ ചരക്ക് ഗതാഗതത്തിന് ഉപയോഗിച്ചിരുന്ന തൊടുപുഴ-എറണാകുളം ജലപാതയാണ് അവഗണിക്കപ്പെട്ട് കിടക്കുന്നത്. വൻതോതിലുള്ള ചരക്ക് നീക്കത്തിന് ഉപകരിക്കുന്ന പാതയാണിത്. 1930കൾ വരെ ഈ ജലപാത സജീവമായിരുന്നു. എറണാകുളം, വൈക്കം ഭാഗങ്ങളിൽ നിന്ന് കക്കയും മറ്റ് സമുദ്രോൽപ്പന്നങ്ങളും കയറ്റിയ കെട്ടുവള്ളങ്ങൾ തൊടുപുഴയിലെത്തിയിരുന്നു. ഇവിടെനിന്ന് മലനാടിൻെറ ഉൽപ്പന്നങ്ങളായ കുരുമുളകും ചുക്കും കപ്പയും മറ്റും അതേ കെട്ടുവള്ളത്തിൽ തിരികെ കൊണ്ടുപോകുകയും ചെയ്തിരുന്നു. റോഡുകൾ വികസിക്കുകയും മോട്ടോ൪ വാഹനങ്ങൾ വ്യാപകമാകുകയും ചെയ്തതോടെ ജലപാത വിസ്മൃതിയിലായി. ഇപ്പോൾ തൊടുപുഴ ടൗൺഹാൾ കോംപ്ളക്സ് സ്ഥിതി ചെയ്യുന്ന സ്ഥലത്താണ് ജെട്ടി പ്രവ൪ത്തിച്ചിരുന്നത്. പാലം അന്നില്ല.
തൊടുപുഴ-മൂവാറ്റുപുഴ-പിറവം-വൈക്കം വഴിയാണ് കെട്ടുവള്ളങ്ങൾ വേമ്പനാട്ട് കായലിൽ എത്തിയിരുന്നത്. വൈക്കം വെട്ടിക്കാട്ട് മുക്കിൽ ജെട്ടിയുണ്ടായിരുന്നുവത്രേ. അക്കാലത്തെക്കാൾ ജലസമൃദ്ധമാണ് ഇന്നീപാത. ഇടുക്കി പദ്ധതി കമീഷൻ ചെയ്തതോടെ വ൪ഷം മുഴുവൻ തൊടുപുഴ -മൂവാറ്റുപുഴയാറുകൾ നിറഞ്ഞൊഴുകുന്നു.
ജനസാന്ദ്രത വ൪ധിച്ചതോടെ റോഡ് വികസനം പ്രയാസകരവും ചെലവേറിയതുമായിട്ടുണ്ട്. ഇന്ധനവില അടിക്കടി വ൪ധിക്കുന്നതുമൂലം ചരക്ക് കടത്തും ചെലവേറിയതാകുകയാണ്. ഈ സാഹചര്യത്തിലാണ് ജലപാതകൾക്ക് പ്രസക്തി വ൪ധിക്കുന്നത്. നി൪ദിഷ്ട കൊല്ലം-കോട്ടപ്പുറം ജലപാതയുമായി യോജിക്കുന്നുവെന്നതും തൊടുപുഴ-എറണാകുളം ജലപാതയുടെ പ്രത്യേകതയാണ്. ഈ ജലപാത വികസിപ്പിച്ചാൽ ചരക്ക് ഗതാഗതത്തിൽ മാത്രമല്ല ടൂറിസം രംഗത്തും വൻനേട്ടമുണ്ടാക്കാനാകുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. കൊച്ചിയിലെത്തുന്ന ടൂറിസ്റ്റുകൾക്ക് റോഡിലെ പുകയും പൊടിയും കുരുക്കുകളും ഒഴിവാക്കി നാട്ടിൻപുറത്തെ ശുദ്ധ വായുവും ഗ്രാമ ഭംഗിയും ആസ്വദിച്ച് ഇടുക്കിയുടെ കവാടമായ തൊടുപുഴയിലെത്താം. തൊടുപുഴക്കടുത്ത് മലങ്കര ടൂറിസം പദ്ധതി പ്രാരംഭ ദിശയിലാണ്. ഇവിടെ നിന്ന് ടൂറിസ്റ്റ് കേന്ദ്രങ്ങളായ മൂലമറ്റം,ഇടുക്കി,വാഗമൺ,തേക്കടി, മൂന്നാ൪ ഭാഗങ്ങളിലേക്കും റോഡ് മാ൪ഗം എത്താൻ കഴിയും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.