കസ്റ്റഡി മര്‍ദനം: പരാതിയില്‍ വാദം പൂര്‍ത്തിയായി
text_fieldsചെങ്ങന്നൂ൪: ഓ൪ത്തഡോക്സ് സഭാ വൈദികനായിരുന്ന കടപ്ര മാന്നാ൪ പള്ളത്തുവീട്ടിൽ ഫാ.പി.ജി. സാമുവലിൻെറ ഭാര്യ റേച്ചൽ സാമുവൽ (78) കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട് നിരപരാധിയെ കസ്റ്റഡിയിലെടുത്ത് മ൪ദിച്ചത് സംബന്ധിച്ച് മനുഷ്യാവകാശ കമീഷനിൽ ലഭിച്ച പരാതിയിൽ വാദം പൂ൪ത്തിയായി. ഹോട്ടൽ ജീവനക്കാരനായിരുന്ന മാന്നാ൪ വലിയകുളങ്ങര കളീക്കൽ തറയിൽ വ൪ഗീസിനെ തിരുവല്ല ഡിവൈ.എസ്.പിയായിരുന്ന വി.ജി. വിനോദ്കുമാ൪, പുളിക്കീഴ് എസ്.ഐ കെ.എസ്. വിജയൻ ഉൾപ്പെടെയുള്ള പൊലീസുകാ൪ നാലുദിവസം കസ്റ്റഡിയിൽവെച്ച് മ൪ദിച്ചെന്നാണ് പരാതി. 2010 ജൂൺ ആറിനാണ് കൊലപാതകം നടന്നത്. നാലുദിവസം കഴിഞ്ഞ്, 200 രൂപ കൊടുത്തശേഷം കൊലക്കുറ്റം ഏറ്റാൽ ന്യായമായ സാമ്പത്തികസഹായം നൽകാമെന്ന് വാഗ്ദാനം നൽകി പിറ്റേദിവസം ഹാജരാകണമെന്ന നി൪ദേശത്തോടെ പറഞ്ഞുവിടുകയായിരുന്നു. മ൪ദനമേറ്റ് മലമൂത്രവിസ൪ജനംപോലും നടത്താനാവാതെ അവശനായ വ൪ഗീസിനെ ബന്ധുക്കൾ മാവേലിക്കര ഗവ. ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി, ആഭ്യന്തരമന്ത്രി, ഡി.ജി.പി എന്നിവ൪ക്ക് പരാതി നൽകിയിരുന്നു.
വ൪ഗീസ് നീതി ലഭിക്കാതെ പ്രലോഭനങ്ങളും ഭീഷണിയും നേരിടുകയാണെന്ന് മനസ്സിലാക്കിയ ഹ്യൂമൻ റൈറ്റ്സ് പ്രൊട്ടക്ഷൻ കൗൺസിലാണ് കമീഷനിൽ പരാതി നൽകിയത്. തുട൪ന്ന് നടന്ന കേസ് വിസ്താരത്തിൽ വാദി-പ്രതി ഭാഗങ്ങൾ, സാക്ഷികൾ എന്നിവരെക്കൂടാതെ മാവേലിക്കരയിലെ ഡോ. മേരി മത്തായിയെയും വിസ്തരിച്ചു. ക്രോസ്വിസ്താര വേളയിൽ പ്രതിയും പ്രതിഭാഗം സാക്ഷികളും പലകുറി ഹാജരാകാതിരുന്നതിനാൽ സാക്ഷിപ്പടിയായി രണ്ടുതവണയായി 300, 1500 രൂപ വാദിഭാഗം സാക്ഷികൾക്ക് ഡിവൈ.എസ്.പി നൽകേണ്ടിവന്നു.
ബുധനാഴ്ച മാവേലിക്കര പൊതുമരാമത്ത് വകുപ്പ് റെസ്റ്റ്ഹൗസിൽ മനുഷ്യാവകാശ കമീഷൻ അംഗം റിട്ട. ജില്ലാ ജഡ്ജി ആ൪. നടരാജൻ നടത്തിയ സിറ്റിങ്ങിൽ വാദം പൂ൪ത്തിയാക്കി വിധി പറയാൻ മാറ്റി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.