നഗരം നായ്ക്കള്‍ കീഴടക്കി
text_fieldsതിരുവനന്തപുരം: തെരുവ് നായക്കളെ നിയന്ത്രിക്കാനായി നഗരസഭ തീരുമാനിച്ച പുതിയ പദ്ധതികളും ഇഴയുന്നു. നഗരം നായ്ക്കളെക്കൊണ്ട് നിറഞ്ഞിട്ടും ശാശ്വത നടപടികൾ പ്രഖ്യാപനത്തിൽ മാത്രമാകുന്നു. തെരുവ്നായ്ക്കളുടെ ഭീഷണി വ൪ധിച്ചതിനെത്തുട൪ന്ന് ആഗസ്റ്റിലാണ് കൂടുതൽ നടപടി ഉടൻ ഉണ്ടാകുമെന്ന് മേയറുടെ പ്രഖ്യാപനം ഉണ്ടായത്. അലഞ്ഞുതിരിയുന്ന നായ്ക്കളെ പിടികൂടാൻ കൂടുതൽ ജീവനക്കാരെ നിയമിക്കും, മൃഗാശുപത്രികളിൽ വന്ധ്യംകരണത്തിനായി കൂടുതൽ ഡോക്ട൪മാരുടെ സേവനം ഏ൪പ്പെടുത്തും. പേട്ട, തിരുവല്ലം എന്നിവിടങ്ങളിൽ വന്ധ്യംകരണത്തിന് സൗകര്യമൊരുക്കും എന്നിങ്ങനെയായിരുന്നു പ്രഖ്യാപനങ്ങൾ.
എന്നാൽ ഈ പ്രഖ്യാപനങ്ങൾ പ്രായോഗികമാക്കാൻ സ്വീകരിക്കേണ്ട ഒരു നടപടിയും പിന്നീട് ഉണ്ടായില്ലെന്ന് അധികൃത൪ തന്നെ സമ്മതിക്കുന്നു. ഇതിനായി മൃഗസംരക്ഷണവകുപ്പിലും വെറ്ററിനറി ഡിവിഷനിലും നൽകിയ പ്രപ്പോസൽ പൊടിപിടിച്ച് കിടക്കുകയാണ്.
പേട്ടയിലെ പ്രധാന ഡോക്ട൪ അവധിയിൽ പ്രവേശിക്കാൻ സാധ്യതയേറിയതോടെ പകരം സംവിധാനം അടിയന്തരമായി ഏ൪പ്പെടുത്തിയില്ലെങ്കിൽ നായ്ക്കളെ ഭയന്ന് നഗരവാസികൾ പുറത്തിറങ്ങാൻ പറ്റാത്ത അവസ്ഥയുണ്ടാകും. നഗരത്തിൽ മാത്രം നായ്ക്കളുടെ എണ്ണം അരലക്ഷം കഴിഞ്ഞതായാണ് കണക്കുകൾ. നഗരവീഥികളിലും ഇടറോഡുകളിലും മാ൪ക്കറ്റുകളിലും പാ൪ക്കുകളിലും കൂടാതെ സ൪ക്കാ൪ ഓഫിസുകളും ആശുപത്രികളും കൈയടക്കിയിരിക്കുന്ന തെരുവ്നായ്ക്കളുടെ കടിയേൽക്കുന്നവരുടെ എണ്ണം പ്രതിദിനം വ൪ധിക്കുകയാണ്. മാലിന്യ നീക്കം നിലച്ചത് ഇവക്ക് കൂടുതൽ സഹായകമായിട്ടുണ്ട്.
നിക്ഷേപസ്ഥലങ്ങളിൽ നിന്ന് മാലിന്യം റോഡുകളിൽ കൊണ്ടിട്ട് ഭക്ഷിക്കുന്നത് കാൽനടപോലും ദുഷ്കരമാക്കുന്നു. റോഡുകളിൽ ഇരുചക്രവാഹനങ്ങൾക്കുണ്ടാക്കുന്ന അപകടങ്ങളും നിരവധിയാണ്. ചാക്ക-കോവളം ബൈപ്പാസിൽ ഇവയുടെ ശല്യം അതിരൂക്ഷമായി. രാത്രികാലങ്ങളിൽ ഇവയുടെ ആക്രമണം ഈ ഭാഗങ്ങളിൽ രൂക്ഷമാണ്. മത്സ്യ, മാംസാവശിഷ്ടങ്ങൾ ഇവിടെ വ്യാപകമായി നിക്ഷേപിക്കുന്നതാണ് തെരുവ് നായ്ക്കൾ കൂടാൻ ഇടയാക്കുന്നത്. കൈകാലുകൾ ഒടിഞ്ഞതും രോഗം ബാധിച്ചതുമായ തെരുവ് നായ്ക്കളാണ് നഗരത്തിൽ മറ്റൊരു ദുരിതം. മാ൪ക്കറ്റുകളിലും ബസ് സ്റ്റാൻഡുകളിലും ഇത്തരം നായ്ക്കൾ ചേക്കേറുന്നത് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുന്നതായും പരാതിയുണ്ട്. നായ്ക്കളെ നിയന്ത്രിക്കാൻ ആസൂത്രിതമായ പദ്ധതികൾ ആവിഷ്കരിക്കാൻ കാലതാമസം ഉണ്ടാകരുതെന്നാണ് നഗരവാസികളുടെ ആവശ്യം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.