സൈലന്‍റ്വാലിയില്‍ കുപ്പിവെള്ള കമ്പനിക്ക് കലക്ടര്‍ അനുമതി നിഷേധിച്ചു
text_fieldsപാലക്കാട്: സൈലൻറ്വാലിയിൽ കുപ്പിവെള്ള കമ്പനി തുടങ്ങാനുള്ള നീക്കത്തിന് പാലക്കാട് ജില്ലാ കലക്ട൪ പി.എം. അലി അസ്ഗ൪ പാഷ അനുമതി നിഷേധിച്ചു. ഹൈകോടതിയുടെ നി൪ദേശപ്രകാരം ബന്ധപ്പെട്ട കക്ഷികളിൽനിന്ന് നടത്തിയ തെളിവെടുപ്പിനൊടുവിലാണ്, സൈലൻറ്വാലി കരുതൽമേഖലയിൽ ഇത്തരമൊരു കമ്പനി പ്രവ൪ത്തിക്കുന്നത് പാരിസ്ഥിതിക-ജല ചൂഷണത്തിന് ഇടയാക്കുമെന്ന നിഗമനത്തിൽ അനുമതി നിഷേധിച്ചത്.
ജെ ആൻറ് ജെ മിനറൽസ് എന്ന സ്ഥാപനമാണ് കുപ്പിവെള്ള ബോട്ട്ലിങ് പ്ളാൻറ് സ്ഥാപിക്കാൻ നീക്കം നടത്തിയിരുന്നത്. സൈലൻറ്വാലി ദേശീയോദ്യാനം ഉൾക്കൊള്ളുന്ന പാരിസ്ഥിതിക ദു൪ബല പ്രദേശത്ത്, കുന്തിപ്പുഴയുടെ പോഷക അരുവിയായ കരുവാരത്തോട്ടിൻെറ കരയിലാണ് കമ്പനി സ്ഥാപിക്കാനിരുന്നത്. 1998ൽ കമ്പനി പ്രവ൪ത്തനം തുടങ്ങിയിരുന്നു. ‘വ൪ജിൻ സൈലൻറ്വാലി’ എന്ന പേരിലാണ് അന്ന് കുപ്പിവെള്ളം ഉൽപാദിപ്പിച്ചത്. സൈലൻറ്വാലി എന്ന പേര് ദുരുപയോഗപ്പെടുത്തുന്നതിൽ അന്ന് പരാതി ഉയ൪ന്നതോടെ പേര് മാറ്റി. വെള്ളത്തിൽ മാലിന്യമുണ്ടെന്ന് ഒരു ചലച്ചിത്രനടൻ നൽകിയ പരാതിയെത്തുട൪ന്ന് 2004ൽ പൂട്ടി. പരിസ്ഥിതി മലിനീകരണവും ജലചൂഷണവും സൃഷ്ടിക്കുമെന്ന കാരണത്താൽ കമ്പനിക്ക് അനുമതി നൽകരുതെന്ന് കാണിച്ച് 2006ൽ വനംവകുപ്പ് അഗളി പഞ്ചായത്തിന് കത്ത് നൽകിയിരുന്നു. ഇതേ കമ്പനിയാണ് മറ്റൊരു ഉടമയുടെ പേരിൽ വീണ്ടും തുറക്കാൻ ശ്രമിച്ചത്.
2010ൽ കമ്പനി കെട്ടിടം നി൪മാണം തുടങ്ങി. വനംവകുപ്പിൻെറ പ്രതികൂല റിപ്പോ൪ട്ടിനെ തുട൪ന്ന് മുൻ കലക്ട൪ കെ.വി. മോഹൻകുമാ൪ സ്റ്റോപ് മെമ്മോ നൽകി. ആനവായ് ഫോറസ്റ്റ് റേഞ്ച് ഓഫിസ൪ എൻ. അനിൽകുമാ൪ കമ്പനിക്കെതിരെ കേസെടുക്കുകയും ചെയ്തു. തുട൪ന്ന് പ്രമോട്ടറായ ജെ.ജെ മിനറൽസ് ഹൈകോടതിയെ സമീപിക്കുകയും രണ്ട് മാസത്തിനകം ബന്ധപ്പെട്ട കക്ഷികളുടെ വാദം കേട്ട് യുക്തമായ തീരുമാനമെടുക്കാൻ പാലക്കാട് കലക്ട൪ക്ക് കോടതി നി൪ദേശം നൽകുകയും ചെയ്തു.
തെളിവെടുപ്പിൽ സൈലൻറ്വാലി വൈൽഡ് ലൈഫ് വാ൪ഡൻ എസ്. ശിവദാസ് കമ്പനി സ്ഥാപിക്കുന്നതിനെതിരെ ശക്തമായ നിലപാടാണ് സ്വീകരിച്ചത്. കരുവാരത്തോടിനടുത്ത് ആദിവാസി കോളനിയുണ്ട്. തോട്ടിൽനിന്ന് 40 മീറ്റ൪ മാത്രം അകലെ നിന്ന് വൻതോതിൽ വെള്ളം ഊറ്റുന്നതോടെ തോട് വറ്റുമെന്നായിരുന്നു അദ്ദേഹത്തിൻെറ നിലപാട്. 2007ലാണ് സൈലൻറ്വാലി കരുതൽമേഖല പ്രഖ്യാപിച്ചതെന്നും 1998 മുതൽ കമ്പനി പ്രവ൪ത്തിച്ചിരുന്നതായും ഉടമയുടെ പ്രതിനിധി വാദിച്ചു.
എന്നാൽ, 2004ൽ കമ്പനി പൂട്ടിച്ചിരുന്നെന്നും 2010ൽ വീണ്ടും പ്രവ൪ത്തനം തുടങ്ങാൻ ശ്രമിക്കുകയാണുണ്ടായതെന്നും വൈൽഡ് ലൈഫ് വാ൪ഡൻ ചൂണ്ടിക്കാട്ടി. അഗളി പഞ്ചായത്തിലെ കള്ളമല വില്ലേജിലെ മുക്കാലി-സൈലൻറ്വാലി റോഡിലെ താന്നിച്ചോട്ടിൽ തോട് കൈയേറിയാണ് കമ്പനി കെട്ടിടം പുതുക്കി പണിയുന്നതെന്നും മലിനീകരണ നിയന്ത്രണ ബോ൪ഡും മെഡിക്കൽ ബോ൪ഡും കമ്പനിക്ക് അനുമതി പുതുക്കി നൽകിയിട്ടില്ലെന്നും വനംവകുപ്പ് ചൂണ്ടിക്കാണിച്ചിരുന്നു.
ഭൂഗ൪ഭ ജലവകുപ്പ്, മലിനീകരണ നിയന്ത്രണ ബോ൪ഡ് തുടങ്ങിയവയുടെ പ്രതിനിധികളുൾപ്പെട്ട സമിതിയാണ് കലക്ടറുടെ നേതൃത്വത്തിൽ കമ്പനിക്ക് അനുമതി നൽകുന്നത് പരിശോധിച്ചത്. അതേസമയം, സമിതി അംഗമായ കേരള വനം ഗവേഷണ ഇൻസ്റ്റിറ്റ്യൂട്ടിലെ ഡോ. ശങ്ക൪, ജലചൂഷണം വരൾച്ച രൂക്ഷമാക്കുമെന്ന വാദത്തിനെതിരായ നിലപാടാണ് സ്വീകരിച്ചത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.