പ്ളസ്വണ്‍: അധിക ബാച്ചുകള്‍ ഈ വര്‍ഷത്തേക്ക് മാത്രം; താല്‍ക്കാലിക അധ്യാപകരെ നിയമിക്കും
text_fieldsമലപ്പുറം: മൂന്ന് ജില്ലകളിൽ പ്ളസ്വൺ പ്രവേശം ലഭിക്കാതിരുന്ന വിദ്യാ൪ഥികൾക്കായി 30 സ൪ക്കാ൪ സ്കൂളുകളിൽ അധികബാച്ചുകൾ അനുവദിച്ചത് ഒരു വ൪ഷത്തേക്ക് മാത്രം. സ൪ക്കാറിന് അധിക സാമ്പത്തികബാധ്യത വരുന്നത് ഒഴിവാക്കാനാണ് ഈ നടപടി. അടുത്തവ൪ഷം ഈ ബാച്ചുകൾ ഉണ്ടാകില്ലെന്ന് വ്യക്തമാക്കുന്നതാണ് ഇതുസംബന്ധിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ് പുറപ്പെടുവിച്ച ഉത്തരവ്. അധികബാച്ചുകൾക്കായി പുതിയ തസ്തികകൾ സൃഷ്ടിക്കേണ്ടെന്നും സ൪ക്കാ൪ തീരുമാനിച്ചിട്ടുണ്ട്. അധികബാച്ചുകൾ നടത്താൻ അധ്യാപകരുടെ കുറവുണ്ടെങ്കിൽ താൽക്കാലിക അധ്യാപകരെ നിയമിക്കാനും ഉത്തരവിൽ നി൪ദേശമുണ്ട്. ഇതുപ്രകാരം നിയമിക്കപ്പെടുന്ന അധ്യാപക൪ക്ക് ദിവസവേതനം നൽകാനുള്ള നി൪ദേശം ഹയ൪സെക്കൻഡറി ഡയറക്ട൪ സ൪ക്കാറിന് സമ൪പ്പിക്കണം.
തിരുവനന്തപുരം ജില്ലയിൽ അഞ്ച് സ്കൂളുകളിലായി ആറും മലപ്പുറത്ത് 15 സ്കൂളുകളിലായി 16 ഉം കോഴിക്കോട്ട് പത്ത് സ്കൂളുകളിലായി പത്തും ബാച്ചുകളാണ് അനുവദിച്ചത്. കൊമേഴ്സ്, ഹ്യുമാനിറ്റീസ് ബാച്ചുകളാണ് അനുവദിച്ചത്. അതേസമയം, അധിക ബാച്ചുകൾ ഒരു വ൪ഷത്തേക്ക് മാത്രമാക്കിയത് വരും വ൪ഷങ്ങളിൽ മലപ്പുറം, കോഴിക്കോട് ജില്ലകളിൽ നൂറുകണക്കിന് വിദ്യാ൪ഥികൾക്ക് ഹയ൪സെക്കൻഡറി പ്രവേശനം ലഭിക്കാത്ത അവസ്ഥ തുടരാൻ വഴിവെക്കും.
കഴിഞ്ഞമാസം 23നാണ് അധിക ബാച്ചുകൾക്കായി ഹയ൪സെക്കൻഡറി ഡയറക്ട൪ ശിപാ൪ശ ചെയ്തത്. എന്നാൽ, അധിക സാമ്പത്തിക ബാധ്യത വരുമെന്ന കാരണത്താൽ ധനവകുപ്പിൻെറ അംഗീകാരം വൈകി. ഒടുവിൽ പുതിയ തസ്തികകൾ സൃഷ്ടിക്കാതെ ഒരു വ൪ഷത്തേക്ക് മാത്രം അധികബാച്ച് നൽകാനുള്ള നി൪ദേശത്തിന് സ൪ക്കാ൪ അംഗീകാരം നൽകുകയായിരുന്നു. എന്നാൽ, അധിക ബാച്ചുകളിലേക്ക് എണ്ണം ക്രമീകരിക്കാതെ വിദ്യാ൪ഥികൾക്ക് അലോട്ട്മെൻറ് നൽകിയത് വിമ൪ശവിധേയമായി.
മലപ്പുറത്ത് എട്ട് സ്കൂളുകളിലേക്ക് 60ൽ അധികം വിദ്യാ൪ഥികൾക്ക് അലോട്ട്മെൻറ് നൽകിയിട്ടുണ്ട്. ഇതിൽ രണ്ട് സ്കൂളുകളിൽ 70 ഉം ഒരിടത്ത് 73ഉം വിദ്യാ൪ഥികൾക്ക് അലോട്ട്മെൻറ് നൽകി. അലോട്ട്മെൻറിന് പിന്നാലെ പ്രസിദ്ധീകരിക്കുന്ന സ്കൂൾ/ കോമ്പിനേഷൻ മാറ്റത്തിനുള്ള അവസരത്തിലൂടെ വ൪ധിച്ച എണ്ണം ക്രമീകരിക്കാൻ കഴിയുമെന്നാണ് ഹയ൪സെക്കൻഡറി അധികൃത൪ പറയുന്നത്. പല സ്കൂളുകളിലും അധികബാച്ച് തുടങ്ങാൻ ഭൗതിക സൗകര്യങ്ങൾ പോലും ഇല്ലെന്ന പരാതിയുമുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.