പാപ്പാന്മാരുടെ മര്‍ദനമേറ്റ ആനകള്‍ വിരണ്ടോടി; വന്‍നാശനഷ്ടം
text_fieldsപാരിപ്പള്ളി: പാപ്പാന്മാരുമായി പിണങ്ങി വിരണ്ടോടിയ ആനകൾ കിലോമീറ്ററുകളോളം നാശനഷ്ടങ്ങൾ വരുത്തി. പൂതക്കുളം പുത്തൻകുളം സ്വദേശിയുടെ രണ്ടാനകളാണ് കഴിഞ്ഞദിവസം വൈകുന്നേരം അഞ്ചോടെ ഊന്നിൻമൂടിന്സമീപം വിരണ്ടോടിയത്.
ഓലയെടുക്കാൻ മടിച്ച ആനകളെ പാപ്പാന്മാ൪ മ൪ദിച്ചതാണ് പ്രകോപനത്തിന് കാരണമായത്. ഒരു ആന അയിരൂ൪ ഭാഗത്തേക്കും ഒരെണ്ണം പാമ്പുറം ഭാഗത്തേക്കുമാണ് ഓടിയത്. ഇതിനിടെ വിവിധയിടങ്ങളിലെ മതിലുകൾക്ക് കേടുപാടുണ്ടാക്കി. മീനമ്പലത്ത് രഘുവിൻെറ വീട്ടിലെ ആടിനെയും കരിമ്പാലൂരിലെ ഒരു വീട്ടിലെ പശുവിനെയും ആന ചവിട്ടിക്കൊന്നു. കരിമ്പാലൂരിൽ വീടിനുമുന്നിൽ നിന്നിരുന്ന വൃദ്ധ ആനയുടെ ആക്രമണത്തിൽനിന്ന് അദ്ഭുതകരമായി രക്ഷപ്പെട്ടു. ഇവിടെത്തന്നെയുള്ള ശാരീരികാവശതയുള്ള സ്ത്രീയെ നാട്ടുകാ൪ ഓടിയെത്തി എടുത്തുമാറ്റി രക്ഷപ്പെടുത്തുകയായിരുന്നു.
കരിമ്പാലൂ൪ ചരുവിള പുത്തൻവീട്ടിൽ രാധയുടെ വീടിൻെറ ഓടും മേൽക്കൂരയും ആന തക൪ത്തു. തൊട്ടടുത്തുള്ള ഷാജിയുടെ വീടിൻെറയും പാമ്പുറം അങ്കണവാടിക്കുസമീപവും മതിൽ ഇടിച്ചിട്ട ആന കരിമ്പാലൂ൪ കളിയിലഴികം വീട്ടിൽ ജയൻെറ തൊഴുത്തും തക൪ത്തു.
അയിരൂ൪ ഭാഗത്തേക്കുപോയ ആനയെ നേരത്തെ തളച്ചെങ്കിലും പാമ്പുറം ഭാഗത്തെത്തിയ ആനയെ രാത്രി 11 ഓടെ മയക്കുവെടിവെച്ച് തളക്കുകയായിരുന്നു. ഈസമയം വരെയും പ്രദേശവാസികൾ ഭീതിയോടെ കഴിയുകയായിരുന്നു. ഇരുട്ടും മഴയുംമൂലം ആനയെ കണ്ടെത്താൻ ഏറെ ബുദ്ധിമുട്ടി. സംഭവം സംബന്ധിച്ച് ആനയുടമക്കെതിരെ പാരിപ്പള്ളി പൊലീസ് കേസെടുത്തു. ഇതിനിടെ അയിരൂ൪ ഭാഗത്തുവെച്ച് തളച്ച് പുത്തൻകുളത്ത് ഐ.ഒ.ബി ബാങ്കിനുസമീപം കൊണ്ടുവന്ന ആന ഇന്നലെ വൈകുന്നേരം വീണ്ടും ഇടഞ്ഞു. പൂതക്കുളം ഭാഗത്തേക്കുവന്ന ആനയെ അമ്മാരത്തുമുക്കിനുസമീപം കലുങ്കിനടുത്തുവെച്ച് പാപ്പാന്മാ൪ തളച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.