കീടനാശിനികള്‍ക്ക് കര്‍ശന നിയന്ത്രണം; കമ്പനികള്‍ക്ക് ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍
text_fieldsദുബൈ: കീടനാശിനി വിൽപനക്കും ഉപയോഗത്തിനും ദുബൈ, ഷാ൪ജ എന്നിവിടങ്ങളിൽ ക൪ശന നിയന്ത്രണം ഏ൪പ്പെടുത്തുന്നു. ഇവിടങ്ങളിൽ അടുത്ത കാലത്ത് അശ്രദ്ധമായി കീടനാശിനി ഉപയോഗിച്ചത് പല അപകടങ്ങൾക്കും ഇടയാക്കിയിരുന്നു. ഏതാനും ദിവസം മുമ്പ് ഷാ൪ജയിൽ കീടനാശിനി ശ്വസിച്ച് ഈജിപ്ഷ്യൻ വംശജ ഹിബ ഹിശാം (രണ്ട്) മരിച്ച സാഹചര്യത്തിൽ രണ്ടു എമിറേറ്റുകളിലും മുനിസിപ്പാലിറ്റികൾ ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിരുന്നു.
ഇതിനു പുറമെയാണ് ഷാ൪ജയിൽ കീടനാശിനി കമ്പനികൾക്ക് ഓൺലൈൻ രജിസ്ട്രേഷൻ സംവിധാനം നടപ്പാക്കുന്നത്. അംഗീകൃതമല്ലാത്ത കീടനാശിനി കമ്പനികളെ പൂ൪ണമായി ഇല്ലാതാക്കലാണ് ലക്ഷ്യം. ഇതനുസരിച്ച് ഇനിമുതൽ എമിറേറ്റിൽ പ്രവ൪ത്തിക്കുന്ന കീടനാശിനി സ്ഥാപനങ്ങളുടെ പേരും മറ്റു വിവരങ്ങളുമെല്ലാം പൂ൪ണമായി ഷാ൪ജ മുനിസിപ്പാലിറ്റി വെബ്സൈറ്റിൽ ലഭ്യമാക്കും. ബന്ധപ്പെട്ട സമിതികളുമായി സഹകരിച്ച് കൂടുതൽ ശക്തമായ സംവിധാനങ്ങൾ നടപ്പാക്കുന്നതിനെ കുറിച്ച് ആലോചിച്ചുവരികയാണെന്ന് ഷാ൪ജ മുനിസിപ്പാലിറ്റി ഡയറക്ട൪ ജനറൽ സുൽത്താൻ അൽമുഅല്ല അറിയിച്ചു.
ചില കുടുംബങ്ങൾ നാട്ടിൽനിന്ന് മടങ്ങുമ്പോൾ അംഗീകാരമില്ലാത്ത· കീടനാശിനികൾ കൊണ്ടുവരുന്നതായി ശ്രദ്ധയിൽപെട്ടിട്ടുണ്ട്്. പലപ്പോഴും പരിശോധനകൾക്ക് വിധേയമാകാതെയാണ് ഇത് രാജ്യത്ത് ഉപയോഗിക്കുന്നത്. ഇതിനു പുറമെ, മറ്റു എമിറേറ്റുകളിൽനിന്ന് അനധികൃതമായി ചില സംഘങ്ങളെത്തി മരുന്നു തളിക്കുന്ന സംഭവങ്ങളും റിപ്പോ൪ട്ട് ചെയ്യപ്പെടുന്നു. ഇത്തരം പ്രവണത തടയും.
കമ്പനികളായി രജിസ്റ്റ൪ ചെയ്യാതെ, വ്യക്തികൾ നോട്ടീസ് തയാറാക്കിയും മൊബൈൽ നമ്പ൪ റൂമുകളിലും വില്ലകളിലും നൽകിയും പ്രവ൪ത്തിക്കുന്നുണ്ട്. ഇത്രയേറെ വ്യാപകമായി നിയമ ലംഘനങ്ങൾ നടക്കുന്നതിനാൽ ഒറ്റയടിക്ക് നിയമ ലംഘനം ഇല്ലാതാക്കുന്നതിന് പ്രായോഗിക തടസ്സങ്ങളുണ്ട്. നിയമം ലംഘിക്കുന്ന സ്ഥാപനങ്ങൾക്ക് ആദ്യം മുന്നറിയിപ്പ് നൽകും. കുറ്റം ആവ൪ത്തിച്ചാൽ 500 ദി൪ഹം പിഴ ചുമത്തുമെന്ന് അദ്ദേഹം വ്യക്തമാക്കി.
ഷാ൪ജയിൽ കഴിഞ്ഞ ദിവസം ഈജിപ്ഷ്യൻ ബാലിക ഹിബ ഹിശാം മരിച്ചതിന് കാരണം കീടനാശിനിയായി ഉപയോഗിച്ച അലുമിനിയം ഫോസ്ഫൈഡ് ശ്വസിച്ചതാണ്. ഭക്ഷ്യ വിഷബാധയെ തുട൪ന്നാണ് കുഞ്ഞ് മരിച്ചതെന്നായിരുന്നു പ്രാഥമിക റിപ്പോ൪ട്ട്. എന്നാൽ മരണ കാരണം സംബന്ധിച്ച് പിന്നീട് വിവിധ തലങ്ങളിൽ അധികൃത൪ നടത്തിയ വിശദമായ പരിശോധനയിലാണ് മരണത്തിന് ഇടയാക്കിയത് അലുമിനിയം ഫോസ്ഫൈഡാണെന്ന് വ്യക്തമായത്.
കുട്ടികൾ അപകടത്തിൽപ്പെട്ട ദിവസം ഇവരുടെ തൊട്ടടുത്ത അപ്പാ൪ട്ട്മെൻറിൽനിന്ന് രൂക്ഷ ഗന്ധം വന്നിരുന്നതായി കുട്ടിയുടെ രക്ഷിതാവ് അൽ ഖാസിമി ആശുപത്രിയിലെ ടെക്നിക്കൽ ഡയറക്ട൪ ഡോ. ഖാലിദ് ഖൽഫാനോട് പറഞ്ഞതോടെയാണ് മരണ കാരണം സംബന്ധിച്ച് സംശയങ്ങൾ ഉടലെടുത്തത്. കൂടാതെ കീടനാശിനി പ്രയോഗിച്ചെന്ന് സംശയിക്കുന്ന അപ്പാ൪ട്ട്മെൻറിൻെറ വാതിൽ മാസ്കിങ് ടാപ് ഒട്ടിച്ച നിലയിലുമായിരുന്നു.
അലുമിനിയം ഫോസ്ഫൈഡ് വ്യക്തികൾ ഉപയോഗിക്കുന്നതിന് സ൪ക്കാ൪ വിലക്കേ൪പ്പെടുത്തിയിരുന്നു. ഇത് ശരിയായ രീതിയിൽ ഉപയോഗിച്ചില്ലെങ്കിൽ ശ്വസിക്കുന്ന ആളുകൾക്ക് മരണം വരെ സംഭവിക്കാമെന്നാണ് വിദഗ്ധ൪ പറയുന്നത്. രാജ്യത്തെ·വിഷബാധ മൂലമുണ്ടാകുന്ന മരണത്തിൽ 60-80 ശതമാനവും അലുമിനിയം ഫോസ്ഫൈഡ് കാരണമാണത്രെ. ഈ സാഹചര്യത്തിൽ, അലുമിനിയം ഫോസ്ഫൈഡ് ഉൾപ്പെടെ ഏറെ അപകട സാധ്യതയുള്ള കീടനാശിനികൾക്ക് ക൪ശന നിയന്ത്രണമുണ്ടാകും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.