കസബ് രാഷ്ട്രപതിക്ക് ദയാഹരജി നല്‍കി
text_fieldsമുംബൈ: മുംബൈ ഭീകരാക്രമണ കേസിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട പാക് സ്വദേശി അജ്മൽ അമീ൪ കസബ് രാഷ്ട്രപതി മുമ്പാകെ ദയാഹരജി നൽകി. വധശിക്ഷ സുപ്രീംകോടതി ശരിവെച്ചതിന് പിന്നാലെയാണ് കസബ് ജയിൽ അധികൃത൪വഴി രാഷ്ട്രപതിക്ക് ദയാഹരജി അയച്ചത്. നിലവിൽ വധശിക്ഷ വിധിക്കപ്പെട്ട 11ഓളം പേരുടെ ദയാഹരജികൾ രാഷ്ട്രപതിയുടെ പക്കൽ കെട്ടിക്കിടക്കുന്നുണ്ട്.
2008 നവംബറിൽ 60 മണിക്കൂറോളം നഗരത്തിൽ നരനായാട്ടു നടത്തിയ കസബും ഒമ്പത് കൂട്ടാളികളും വിദേശികൾ ഉൾപ്പെടെ 166 പേരെ കൊലപ്പെടുത്തിയെന്നാണ് കേസ്. ഒമ്പത് തീവ്രവാദികൾ പ്രത്യാക്രമണത്തിൽ കൊല്ലപ്പെട്ടപ്പോൾ കസബ് മാത്രമാണ് പിടിയിലായത്. പ്രത്യേക സെഷൻസ് കോടതിയിൽ വിചാരണ നേരിട്ട കസബിന് 2010 മേയിലാണ് വധശിക്ഷ വിധിച്ചത്. 2011 ഫെബ്രുവരിയിൽ ബോംബെ ഹൈകോടതി വധശിക്ഷ ശരിവെച്ചതിനെ തുട൪ന്ന് കസബ് സുപ്രീം കോടതിയെ സമീപിച്ചു. കഴിഞ്ഞ മാസം 29ന് സുപ്രീംകോടതിയും വധശിക്ഷ ശരിവെച്ചു. നീതിപൂ൪വമായ വിചാരണ നേരിടാനായില്ല എന്ന കസബിൻെറ വാദം തള്ളിയാണ് സുപ്രീംകോടതി വിധി ശരിവെച്ചത്. സുപ്രീംകോടതി വിധിയുടെ പക൪പ്പ് കൈപ്പറ്റിയതോടെയാണ് കസബ് രാഷ്ട്രപതിക്ക് ദയാഹരജി അയച്ചതെന്നു വ്യക്തമാക്കിയ ജയിൽ അധികൃത൪ കൂടുതൽ വിവരങ്ങൾ നൽകിയില്ല. നഗരത്തിലെ ആ൪ത൪ റോഡ് ജയിലിൽ പ്രത്യേകം സജ്ജമാക്കിയ സെല്ലിലാണ് കസബിനെ പാ൪പ്പിച്ചിരിക്കുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.