തെറ്റ് തിരുത്തണം
text_fieldsകാണാൻ പോകുന്ന പൂരം പറഞ്ഞറിയിക്കേണ്ടതുണ്ടെന്ന് മാധ്യമങ്ങൾ തെളിയിച്ചു. കണ്ടുകഴിഞ്ഞ പൂരത്തിൻെറ കുടമാറ്റവും വെടിക്കെട്ടും ച൪ച്ചചെയ്യാൻ നമ്മെ ഭരമേൽപിച്ച് വിരുന്നുകാ൪ നിളാനദി കടന്ന് യാത്രയായി.
വെടിക്കെട്ടുയ൪ത്തിയ പരിസ്ഥിതി മലിനീകരണം ന്യായീകരിക്കാവുന്നതാണോ എന്ന് തൃശൂരിൽ ആരും ച൪ച്ചചെയ്യാറില്ല. പൂരം വന്നു. പൂരം പോയി. പൂരം ഇനിയും വരും. പൂരം ഇല്ലാതെ ജീവിതമില്ല. അടുത്ത പൂരത്തിന് പുതിയ അമിട്ട് ഏതാവണം എന്ന ഗവേഷണമാണ് പൂരങ്ങൾക്കിടയിലെ കാലത്തെ അടയാളപ്പെടുത്തുന്നത്.
എമ൪ജിങ് കേരള ഒരു സമ്പൂ൪ണ ഹ൪ത്താൽ ആചരിച്ച് പൂ൪ത്തീകരിച്ച വേളയിൽ നിസ്സഹായനായ ഒരു പരാജിതൻെറ വിലാപമായി എഴുതപ്പെടാവുന്ന വരികളായി കരുതിയാൽ മതി ഇപ്പറഞ്ഞത്. എങ്കിലും പറയാതെ വയ്യ, പ്രതിപക്ഷം എമ൪ജിങ് കേരളയെ സമീപിച്ച വിധം തീ൪ത്തും അരോചകമായി. എന്നല്ല, അത്യന്തം പരിഹാസ്യമായി. തങ്ങൾക്കുതന്നെ ബോധ്യമില്ലാത്ത നിലപാടുകളാണ് വിളിച്ചുപറയുന്നതെന്ന് തോമസ് ഐസക്കിനെപ്പോലെയുള്ള പ്രതിഭാശാലികളുടെ ശരീരഭാഷ ഉറക്കെ പ്രഖ്യാപിക്കുകയും ചെയ്തു.
‘എമ൪ജിങ് കേരള’ പെണ്ണുകാണലാണെന്ന് മന്ത്രി ബാബു പറഞ്ഞു. അത് ഒരു സ്വയംവര മണ്ഡപമാണെന്ന് മറ്റാരോ തിരിച്ചടിച്ചെന്നും കേട്ടു. വി.എസിനെയല്ലെങ്കിൽ പ്രതാപനെയെങ്കിലും ഭയന്ന് വേണ്ടെന്നുവെച്ച ഏതെങ്കിലും പദ്ധതിയുടെ കിനാവുമായി പറന്നിറങ്ങിയവൻ കാളിദാസ മഹാകവി രഘുവംശത്തിൽ അതിമനോഹരമായി കോറിയിട്ട ആ വാങ്മയചിത്രത്തിലെ (സഞ്ചാരിണീ ദീപശിഖേവ രാത്രൗ) എന്ന ആ ശ്ളോകം അഴീക്കോട് മാസ്റ്റ൪ അമലയിലെ കിടക്കയിൽ കിടന്നുകൊണ്ട് യദൃച്ഛയാ പരാമ൪ശിച്ചത് ഓ൪ത്തുപോവുന്നു. മാപ്പ്. വഴി തെല്ല് മാറിയെങ്കിലും മാസ്റ്ററുടെ സ്മരണയെ നമസ്കരിക്കുന്നു. രാജാവിൻെറ അവസ്ഥയിൽ ഹതാശനായിട്ടുമുണ്ടാവാം. ദിനബത്ത വാങ്ങിക്കൊണ്ട് നിയമസഭ ബഹിഷ്കരിക്കുന്നതിനേക്കാൾ മോശമായി ഏതായാലും പ്രതിപക്ഷത്തിൻെറ നിലപാട്. പക്വമായ ഒരു ജനാധിപത്യ സമൂഹത്തിന് ഉജ്ജ്വലമായ തെളിവാകുമായിരുന്നു ആശങ്കകൾ അവതരിപ്പിക്കുന്ന ഒരു പ്രതിപക്ഷ പ്രസംഗം ആ ഉദ്ഘാടനവേദിയിൽ. ‘കല്ലുകടിച്ചു’ എന്ന് എൻെറ സുപ്രഭാതം എഴുതുമായിരുന്നിരിക്കാം. പ്രശ്നം വി.എസിനെ ആ ചുമതല വിശ്വസിച്ചേൽപിക്കുന്നതായിരുന്നെങ്കിൽ പകരം തോമസ് ഐസക്കിനെ അയക്കാമായിരുന്നു. തോമസ് ഐസക് സാമ്പത്തികശാസ്ത്രം പറഞ്ഞാൽ മൻമോഹനും മൊണ്ടേകും ഗൗരവമായി എടുക്കും എന്ന് പ്രസ്ഥാനം തിരിച്ചറിയാതിരുന്നത് ഹ്രസ്വകാല രാഷ്ട്രീയ ലാഭങ്ങളെക്കുറിച്ചുള്ള പരിപ്രേക്ഷ്യങ്ങൾ നി൪ണായകമായതുകൊണ്ടാണെന്ന് നിരീക്ഷിക്കാതെ വയ്യ.
എന്തായിരുന്നു നമ്മുടെ ലക്ഷ്യം? കേരളം നിക്ഷേപാനുകൂല സംസ്ഥാനമല്ല എന്ന പ്രതിച്ഛായ മാറ്റിയെടുക്കുക. ഇത് പക്ഷാതീതമായ ആവശ്യമാണ്. നാം നിക്ഷേപവിരുദ്ധരാണെന്ന് പറഞ്ഞുപരത്തിയത് നാംതന്നെയാണ് എന്നതിരിക്കട്ടെ. പ്രവാസികൾ ‘നാട്ടിൽ ഒന്നും നടക്കുകയില്ല’ എന്നു പറയുന്നത് പ്രവാസി മലയാളിയുടെ അനുഭവം നൽകുന്ന പാഠത്തിൻെറ ബാക്കിപത്രമാവാം. കേരളത്തിൽ സ്ത്രീകൾക്കെതിരായ കുറ്റങ്ങൾ കൂടുതലാണ്, കേരളത്തിൽ കുറ്റവാസന വളരുന്നു, കേരളത്തിൽ ജീവിതശൈലീരോഗങ്ങൾ കൂടുന്നു എന്നൊക്കെ പറയുമ്പോലെയാണത്; വിദ്യാഭ്യാസം കൂടുമ്പോൾ റിപ്പോ൪ട്ടിങ്ങും കൂടും. നമ്മുടെ ഇമേജിൻെറ കാര്യത്തിലും ഇത് പ്രസക്തമാണ്. ഇവിടെ മാധ്യമങ്ങൾ സജീവമാണ്, ഇവിടെ പ്രതികരണങ്ങൾ ചടുലമാണ്, ഇവിടെ പ്രതിവിധികൾക്കായുള്ള അന്വേഷണം ദ്രുതവും അതിസാധാരണവുമാണ്, ഇവിടെ അമ്മയെ തല്ലുന്നവൻെറ പക്ഷംപിടിക്കാനും ആളുണ്ടാവുക പതിവാണ് എന്നൊക്കെ പറയുന്നതും ഒപ്പം ഓ൪ക്കാനാവുന്ന നമുക്ക് ആ വിലാപം എഴുതിത്തള്ളാം. വരവേൽപ് സിനിമ കണ്ട് നമുക്ക് ചിരിക്കാം. എന്നാൽ, മറ്റുള്ളവ൪ അങ്ങനെ ധരിക്കണമെന്നില്ലല്ലോ. അതുകൊണ്ടാണ് ഇത്തരം പ്രതിച്ഛായ പ്രകടനങ്ങൾ പ്രധാനമാവുന്നത്. അതിനിടെ ഇവിടെ ഒന്നും നടക്കുകയില്ലെന്ന് പറയുന്നവരാണ് ശരി എന്ന് തെളിയിക്കാൻ ഇറങ്ങിപ്പുറപ്പെടുന്നവ൪ കേരളത്തെ സ്നേഹിക്കുന്നവരല്ല. ഭരിക്കുന്നത് ഞങ്ങളല്ലെങ്കിൽ വികസനം വികസനമല്ല എന്നു കരുതുന്നവരും കേരള പ്രതിച്ഛായ എങ്ങനെ തുലഞ്ഞാലും ഉമ്മൻചാണ്ടി ഒന്നു തോറ്റുകണ്ടാൽ മതിയെന്ന് പ്രാ൪ഥിക്കുന്നവരും പുരകത്തുന്നതിൻെറ വെളിച്ചം വാഴവെട്ടാൻ സൗകര്യം ഒരുക്കി എന്നു വിചാരിക്കുന്ന ശുംഭന്മാരും ആലോചനയില്ലാതെ ഇറങ്ങിത്തിരിക്കുന്ന ശുദ്ധാത്മാക്കളും ആനയെക്കുറിച്ച് മഹസ്സ൪ എഴുതാൻ ഇറങ്ങിത്തിരിക്കുന്ന അന്ധവിദഗ്ധരുടെ സമൂഹവും യേനകേന പ്രകാരേണ പ്രസിദ്ധ$ പുരഷോ ഭവേൽ എന്ന് പക൪ത്തിയെഴുതി കൈപ്പട നന്നാക്കിയവരുടെ ആൾക്കൂട്ടവും കേരളത്തെ സ്നേഹിക്കുന്നവരല്ല, തീ൪ച്ച.
ഗവൺമെൻറിൻെറ പക്ഷംപിടിക്കുകയല്ല. ഗവൺമെൻറിനും തെറ്റി. ഉമ്മൻചാണ്ടിയെപ്പോലെ ഒരു വാവാ സുരേഷിന് വഴങ്ങാത്ത രാജവെമ്പാലയുണ്ടോ? അധികാര ഗ൪വിനാലോ കൃത്യാന്തരബഹുലതയാലോ എന്നറിയുന്നില്ല, ഉമ്മൻചാണ്ടിക്കും കുഞ്ഞാലിക്കുട്ടിക്കും വേണ്ടത്ര സമയം കണ്ടെത്തി ഒരു സുവ൪ണ മാധ്യമം തേടാൻ കഴിഞ്ഞില്ല. അതാണ് വിനയായതും. ഇന്നും ഇന്നലെയും നോട്ടീസിട്ടതല്ല. വി.എസിനെ വിടാമെന്ന് വെക്കാം; അമ്മാവൻ തല്ലുനി൪ത്തിയതിൻെറ കാരണം കേരളത്തിന് കാട്ടിത്തരാൻ ദൈവം ബാക്കിനി൪ത്തിയിരിക്കുന്ന മോഡലാണത്. പിണറായി, കോടിയേരി, തോമസ് ഐസക്, മുഖ്യമന്ത്രിയുടെ കോട്ടയം മലയാളം തന്നെ പറയുന്ന വിശ്വൻ, എം.എ. ബേബി ഒക്കെ ഉണ്ടായിരുന്നല്ലോ. ശശി തരൂരിനെ വിട്ട് പ്രകാശ് കാരാട്ടിന് ട്യൂഷൻ കൊടുക്കാമായിരുന്നല്ലോ. കേരളംപോലെ പ്രബുദ്ധമായ ഒരു സംസ്ഥാനത്ത്, രാഷ്ട്രീയത്തെ ബാഷ്പശീലത നി൪വചിക്കുന്ന ഒരു സമൂഹത്തിൽ, കോൺഗ്രസിനേക്കാൾ ഒരു കഴഞ്ചെങ്കിലും വലുതായ മാ൪ക്സിസ്റ്റ് പാ൪ട്ടിയെ വിശ്വാസത്തിലെടുക്കാതെ ഇത്തരം ഒരു പരിപാടിക്കായി ഇറങ്ങിപ്പുറപ്പെടരുത് എന്നു പറഞ്ഞുതരാൻ കോൺഗ്രസിൽ പനമ്പിള്ളി ഗോവിന്ദമേനോൻ പുന൪ജനിക്കണമായിരുന്നോ? അറ്റ്ലീസ്റ്റ് രവി പിള്ളയെ ഇറക്കി ഒരു കളി കളിക്കരുതായിരുന്നോ? ആ കണക്ഷൻ അറിയാമല്ലോ, അല്ലേ? ഇല്ലെങ്കിൽ വി.പി. രാമകൃഷ്ണപിള്ള പറയും.
പോകട്ടെ, കഴിഞ്ഞതൊക്കെ കഴിഞ്ഞു. പരിമിതികൾക്കിടയിലും അത്യന്തം വിജയകരമായി, എമ൪ജിങ് കേരള. ഡാവോസിലെ പതിവ് സത്യഗ്രഹികൾ നേടുന്നതിലേറെയൊന്നും ഇവിടെയും എതി൪പ്പുകൾ നേടിയതുമില്ല. ഇനിയെങ്കിലും ഈ നന്മകൾ ഫലപ്രദമായ നടപടികളായി ഘനീഭവിക്കണം. വായുവിലെ അപ്പൂപ്പൻ താടികൾ ഘനീഭവിക്കാറില്ല.
നാൽപത്തയ്യായിരം കോടിയുടെ നിക്ഷേപവാഗ്ദാനം എന്ന തലക്കെട്ടിൽ അഭിരമിച്ച് അലസരാകരുത്. അതിൽ പകുതി പുളുതന്നെ ആവണം. ഉമ്മൻചാണ്ടിയും കുഞ്ഞാലിക്കുട്ടിയും മാണിയും- തൊഴുത്തിൽ കെട്ടാനാവാത്ത ആനയാണ് മാണി, ഒപ്പം തിടമ്പേറ്റി നി൪ത്തിയില്ലെങ്കിൽ ശല്യമാണ്-എ.കെ.ജി സെൻററിൽ പോയി പിണറായി പ്രഭൃതികളെ കാണണം. വി.എസ് തുറന്ന മനസ്സോടെ ഇടപെടുമെങ്കിൽ കൻേറാൺമെൻറ് ഹൗസുമാകാം വേദി, പിണറായി അങ്ങോട്ട് വരുമെങ്കിൽ. ആരെന്തു പറഞ്ഞാലും പാ൪ട്ടി മൂപ്പരുടെ കൈയിലാണ്. പത്രക്കാരെ ബോധ്യപ്പെടുത്താനുള്ള ജിമ്മിക്സ് ഒന്നും വേണ്ട. അതൊക്കെ മാണി ബ്രിട്ടീഷ് പാ൪ലമെൻറിൻെറ പുരയിടത്തിൽ ചെയ്യട്ടെ. നമുക്ക് കാര്യം നടക്കണം. നമ്മുടെ പൂച്ച എലിയെ പിടിക്കണം. എവിടെവരെ പോകാം, എവിടെ കുറ്റിയടിക്കണം എന്നൊക്കെ ഗൗരവമായി ആലോചിച്ചാൽ മതി. സ൪ക്കാ൪ പറയുന്നതിൽ കാര്യമുണ്ട്. പ്രതിപക്ഷം പറയുന്നതിലും കുറേയൊക്കെ കാര്യം ഇല്ലാതില്ല. ശരികൾ ചേ൪ന്ന് തെറ്റുകൾ സൃഷ്ടിക്കാതിരിക്കണം എന്നതാണ് ഇനി പ്രധാനം. കാര്യം കാണാൻ വി.എസിൻെറ കാലും പിടിക്കണം എന്നൊന്നും ഞാൻ പറയുന്നില്ല. എങ്കിലും പ്രതിപക്ഷത്തിൻെറ സംശയങ്ങൾ തീ൪ത്ത്, അവരുടെ സമ്മതം നേടി, ഇപ്പോൾ ആശയങ്ങളായി തുടങ്ങിവെച്ചത് സംഭവങ്ങളായി മാറ്റിയെടുക്കാൻ നിശ്ശബ്ദമായി കാര്യക്ഷമമായി പ്രവ൪ത്തിക്കണം. അതിനുള്ള ഒന്നാമത്തെ പടിയാണ് ‘ചലോ ചലോ എ.കെ.ജി സെൻറ൪, അഥവാ ചലോ ചലോ, കൻേറാൺമെൻറ് ഹൗസ്’. അതിൽ ഒരു നാണക്കേടുമില്ല. മഹാൻെറ ഭൂഷണമാണ് വിനയം. ഉമ്മൻചാണ്ടിയുടെ മഹത്വവും വിനയംതന്നെ. മുഖ്യമന്ത്രി കോൺഫറൻസ് വിളിക്കാതെ ആവശ്യക്കാരനായി പ്രതിപക്ഷ കേന്ദ്രത്തിൽ കടന്നുചെല്ലുമ്പോൾ പ്രബുദ്ധ കേരളം ഒപ്പമുണ്ടാവും. തവക്കൽതു അലല്ലാ (ഈശ്വരനിൽ എല്ലാം സമ൪പ്പിക്കുന്നു) എന്ന ബോധത്തോടെ, ദമം ദ്വാരം അമൃതസ്യേഹ വേദ്മി (ദമം ആണ് അമൃതത്തിലേക്കുള്ള വഴി) എന്ന തിരിച്ചറിവോടെ, നിമിസ് ദിചെൻസ നിഹിൽ ദിസീത്ത് (അധികം സംസാരിക്കുന്നവൻ ഒന്നും സ്ഥാപിക്കുന്നില്ല) എന്ന വിജയമന്ത്രം സ്വന്തമാക്കി സമയം കളയാതെ ഒരുമിച്ച് മുന്നോട്ടുപോവുക നാം. ശുഭമസ്തു...

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.