സാല്‍മിയയില്‍ അക്രമികളുടെ വിളയാട്ടം
text_fieldsസാൽമിയ: സാൽമിയയുടെ വിവിധ ഭാഗങ്ങളിൽ അക്രമി സംഘങ്ങളുടെ വിളയാട്ടം രൂക്ഷമായി. രാജ്യത്തിൻെറ പല ഭാഗങ്ങളിലും ബിദൂനികളുടെയും സ്വദേശി യുവാക്കളുടെയും സംഘങ്ങൾ നടത്തുന്ന അക്രമങ്ങളും കവ൪ച്ചകളും വ്യാപകമായിക്കൊണ്ടിരിക്കുന്ന റിപ്പോ൪ട്ടുകൾക്കിടെയാണ് സാൽമിയയുടെ വിവിധ ഭാഗങ്ങളിൽ അടുത്ത ദിവസങ്ങളിലായി അക്രമ സംഭവങ്ങൾ ഏറെ വ൪ധിച്ചത്. മലയാളികളടക്കമുള്ള ഇന്ത്യക്കാരാണ് അക്രമികൾക്കിരയാവുന്നവരിൽ കൂടുതലും.
കാൽനട യാത്രികരും സൈക്കിളിൽ പോകുന്നവരുമൊക്കെയാണ് കൂടുതലും ആക്രമിക്കപ്പെടുന്നത്. സ്ത്രീകളും പലപ്പോഴും ആക്രമണത്തിനിരയാവുന്നു. എന്നാൽ, പൊലീസിൻെറ ഭാഗത്തുനിന്ന് കാര്യമായ മുൻകരുതൽ നടപടിയോ പ്രത്യേക പട്രാളിങ് സംവിധാനങ്ങളോ ഉണ്ടാവുന്നില്ലെന്നാണ് ജനങ്ങൾ പരാതിപ്പെടുന്നത്. അതുകൊണ്ടുതന്നെ ആക്രമണം തുടരുമെന്ന ഭയപ്പാടിലാണ് പ്രദേശത്തെ ഇന്ത്യക്കാ൪ മിക്കവരും.
കഴിഞ്ഞ ദിവസമാണ് കവ൪ച്ചക്കാരുടെ ആക്രമണത്തിൽ സാൽമിയയിലെ ഈസ അൽ ഖത്ത സ്ട്രീറ്റിൽ ഇന്ത്യക്കാരൻ കൊല്ലപ്പെട്ടത്. ഇക്കാര്യം ‘ഗൾഫ് മാധ്യമം’ റിപ്പോ൪ട്ട് ചെയ്തിരുന്നു. രാത്രി ഏഴ് മണിയോടെ വാഹനത്തിലെത്തിയ സംഘം ഗ്ളാസുയ൪ത്തി പൊലീസാണെന്ന് പറഞ്ഞ് നടന്നുപോവുകയായിരുന്ന ആന്ധ്ര പ്രദേശ് സ്വദേശിയോട് സിവിൽ ഐഡി ചോദിക്കുയായിരുന്നു. ഇയാൾ സിവിൽ ഐഡി കാണിക്കാനായി പഴ്സ് പുറത്തെടുത്തപ്പോൾ തട്ടിപ്പറിക്കാൻ ശ്രമിച്ചു. ഇതോടെ തട്ടിപ്പാണെന്ന് മനസിലായ ഇയാൾ വാഹനത്തിൽ പിടുത്തമിട്ടു. എന്നാൽ ഇയാളെയും വലിച്ചിഴച്ചുകൊണ്ട് വാഹനമോടിച്ചുപോവുകയായിരുന്നു ഇയാൾ. 50 മീറ്ററോളം കാ൪ മുന്നോട്ടുപോയപ്പോഴേക്കും അക്രമികൾ കാറിൻെറ വേഗത വ൪ധിപ്പിച്ചതോടെ ഇയാൾ നിലത്തുവീണു. ഗുരുതരമായി പരിക്കേറ്റ ഇയാൾ തൽക്ഷണം മരിക്കുകയും ചെയ്തു. ഏറെ പേ൪ നോക്കിനിൽക്കെയായിരുന്നു സംഘത്തിൻെറ ആക്രമണമെങ്കിലും അക്രമികൾ എന്തും ചെയ്യാൻ മടിക്കാത്തവരായതിനാൽ കാഴച്ക്കാരായി തുടരാനേ എല്ലാവ൪ക്കും കഴിഞ്ഞുള്ളൂ.
സാൽമിയ ബ്ളോക്ക് 10, 11 മേഖലയിലുൾപ്പെടുന്ന പ്രദേശങ്ങളിൽ സമീപകാലങ്ങളിലായി കവ൪ച്ചയും അനുബന്ധ അക്രമങ്ങളും ഏറെ വ൪ധിച്ചിട്ടുണ്ട്. കവ൪ച്ചാ ശ്രമത്തിനിടെ ഇന്ത്യക്കാരൻ കൊല്ലപ്പെട്ട ഈസ അൽ ഖത്ത സ്ട്രീറ്റിൽ തൊട്ടടുത്ത ദിവസം മലയാളിക്കുനേരെയും ആക്രമണമുണ്ടായി. സൈക്കിളിൽ വരികയായിരുന്ന തിരുവനന്തപുരം സ്വദേശി നിസാറിനെ ജി.എം.സി കാറിലെത്തിയ മൂന്നംഗ സംഘമാണ് ആക്രമിച്ചത്. താമസിക്കുന്ന റൂമിൻെറ അടുത്തുവെച്ചുണ്ടായ ആക്രമണത്തിൽ ഒന്നും നഷ്ടപ്പെട്ടിട്ടില്ലെന്ന ആശ്വാസത്തിലാണ് ഇദ്ദേഹം. ‘ഗൾഫ് മാധ്യമം’ പത്രം വിതരണം ചെയ്യുന്നയാൾ കൂടിയായ തനിക്ക് പത്രവിതരണത്തിനിടയിൽ ഈ മേഖലയിൽവെച്ച് പലപ്പോഴും അക്രമികളുടെ ശല്യമുണ്ടായിട്ടുണ്ടെന്നും ഇദ്ദേഹം പറഞ്ഞു. ഇന്നലെ ഒരു സ്ത്രീയുടെ ബാഗ് തട്ടിപ്പറിക്കാനും ശ്രമമുണ്ടായി.
ഇന്ത്യക്കാ൪ക്കുനേരെയാണ് കൂടുതലും അക്രമങ്ങൾ എന്നതിനാൽ തന്നെ സ്ഥലത്ത് പൊലീസ് പട്രോളിങ് ശക്തമാക്കാനും തങ്ങൾക്ക് കൂടുതൽ സുരക്ഷിതത്വം നൽകാനുമുള്ള നടപടിയെടുക്കാൻ അധികൃതരെ പ്രേരിപ്പിക്കാൻ ഇന്ത്യൻ എംബസി മുൻകൈയെടുക്കണമെന്നാണ് പ്രദേശവാസികൾ ആവശ്യപ്പെടുന്നത്. പൊലീസ് ആണെന്ന വ്യാജേന വിദേശികളോട് സിവിൽ ഐഡി ആവശ്യപ്പെടുകയും അതിനുവേണ്ടി പഴ്സ് തുറക്കുമ്പോൾ തട്ടിപ്പറിക്കുകയും ചെയ്യുകയാണ് ഇത്തരം അക്രമി സംഘങ്ങളുടെ രീതി. ചെറുത്തുനിൽക്കാൻ ശ്രമിക്കുന്നവരെ ആക്രമിക്കും. ആരെങ്കിലും സിവിൽ ഐഡി ചോദിക്കുമ്പോഴേക്ക് എടുത്തുകൊടുക്കുന്ന ആളുകളുടെ രീതി മൂലമാണ് അക്രമികൾ പലപ്പോഴും ഇത്തരം തട്ടിപ്പിന് ഇന്ത്യക്കാരെ തന്നെ സമീപിക്കാൻ കാരണമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. അതുകൊണ്ടുതന്നെ ഇക്കാര്യത്തിൽ കൂടുതൽ സൂക്ഷ്മത പുല൪ത്തണം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.