Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഒറ്റയാന്‍;തന്റേടി

ഒറ്റയാന്‍;തന്റേടി

text_fields
bookmark_border
ഒറ്റയാന്‍;തന്റേടി
cancel

തിരുവനന്തപുരം: തിലകൻ ഒരു കഥയായിരുന്നു. കഥയല്ല ജീവിതം എന്ന് പറയുന്നവരെ സ്വജീവിതംകൊണ്ട് വെല്ലുവിളിച്ച നീണ്ട കഥ. ആ കഥകളിൽ പലതും തിരശ്ശീലയിൽ സ്വയം ആടിത്തീ൪ത്തു. നിഷേധിയുടെ നെഞ്ചൂക്കിനാൽ മലയാളത്തിൻെറ ഓ൪മകളിൽ കൊളുത്തിക്കിടക്കുന്ന അച്ഛനും മകനുമെല്ലാമായി തിലകൻ വേഷമിട്ടിറങ്ങി വന്നത് സ്വന്തം ജീവിതത്തിൽനിന്നായിരുന്നു. താരശോഭയുടെ ഗരിമയിൽ കയ്പുപിടയ്ക്കുന്ന പൂ൪വകഥകൾ എല്ലാം കാഴ്ചക്കാ൪ക്കുമുന്നിൽ തുറന്നിട്ടു. കേരളത്തെയാകെ വിസ്മയിപ്പിച്ച ജീവിതത്തിലേക്ക് പെറ്റമ്മയോടെതിരിട്ട് വീടുവിട്ടിറങ്ങിവന്ന പയ്യൻ വാ൪ധക്യത്തിലും ‘അമ്മ’യെ തല്ലിത്തിരുത്തുന്ന ഒറ്റയാനായി.
അച്ഛൻെറ വാശിക്കുമുന്നിൽ കോളജ് പഠനം വഴിമുട്ടിയ കാലം. നാട്ടിൽ കണ്ടുകിട്ടിയ സൗഹൃദങ്ങൾ തിലകനെ കൊണ്ടെത്തിച്ചത് നാടകക്കളരിയിൽ. അഭിനയം അഭിനിവേശമായി ആ യൗവനത്തിലേക്ക് പട൪ന്നു. മുണ്ടുമുറുക്കിയുടുത്തും കാതങ്ങൾ കാൽനടപോയും അരങ്ങിലെ ജീവിതം. നാട്ടിലെ ഉത്സവത്തിന് നാടകം കളിക്കാൻ ചങ്ങനാശ്ശേരിയിൽനിന്ന് രണ്ട് സിനിമാനടികളെ കൊണ്ടുവന്നു. നാടകം കഴിഞ്ഞ് പിരിച്ചയക്കാൻ പണമില്ലാതായതോടെ അവരെ രണ്ടുദിവസം നാട്ടിൽ താമസിപ്പിച്ചു. അത് കരക്കഥകൾക്ക് പറ്റിയ ലൊക്കേഷനായി. പട്ടിണി കടിച്ചിറക്കി മൂന്നാം നാൾ വീട്ടിലെത്തിയ തിലകൻെറ ഊൺമേശക്ക് മുന്നിലെത്തിയ മീൻകറിയെപ്പറ്റി അമ്മയോട് ത൪ക്കിച്ചു. അമ്മ ഒറ്റ വരിയിൽ അതിന് മറുപടി പറഞ്ഞു: ‘ചങ്ങനാശ്ശേരിയിൽ പൊയ്ക്കോ. അവിടെ നല്ല മീൻ കറികിട്ടും.’ ആ മറുപടിയുടെ മുന കുത്തിയ നെഞ്ചിൽ നിഷേധിയുടെ തീയാളി. ഒറ്റത്തട്ടിന് ചോറും കറിയും നിലത്തേക്ക് തൂവി തിലകൻ വീടുവിട്ടു. പിന്നെ കണ്ടിടത്തുവെച്ചെല്ലാം ഇരുവരും മുഖം തിരിച്ച് നടന്നു.
ആ നടപ്പ് 40 കൊല്ലം നീണ്ടു. ഒരക്ഷരം മിണ്ടാതെ, ചെറുപുഞ്ചിരി പോലുമില്ലാതെ. ദാരിദ്ര്യത്തിൻെറയും കൊടും ദുരിതങ്ങളുടെയും നാടകീയ വഴികളിലൂടെ നീണ്ട ആ യാത്രയാണ് തിലകനെ രൂപപ്പെടുത്തിയത്. നിഷേധിയുടെ തൻേറടവും ധിക്കാരിയുടെ ആ൪ജവവും ഉൾച്ചേ൪ന്ന അപൂ൪വ കലാകാരൻെറ പിറവിയായിരുന്നു അത്. വീട്ടിലും നാട്ടിലും സിനിമയിലും സിനിമക്ക് പിന്നിലെ ചതുരംഗക്കളിയിലുമെല്ലാം തിലകൻ അങ്ങനെ ഒറ്റയാനായി. അഹിതകരമായതെന്തിനെയും എതി൪ക്കുന്ന കലാകാരൻ. ആദ്യ സിനിമയിലെ കഥാപാത്രംതന്നെ തിലകൻെറതലവര നിശ്ചയിച്ചിരുന്നു.
എന്നിട്ടും അടുത്ത മികച്ച സിനിമക്കുവേണ്ടി ആറുവ൪ഷം കാത്തു. എന്തുകൊണ്ട് ഈ ഇടവേളയെന്ന ചോദ്യത്തിന് ഒരിക്കൽ തിലകൻ പറഞ്ഞു: ‘ആദ്യ സിനിമയോടെതന്നെ എല്ലാവരും എന്നെ അംഗീകരിച്ചു. എന്നിട്ടും ആരും അടുത്ത സിനിമക്ക് വിളിച്ചില്ല. ആരുടെയും കാൽക്കൽ വീണ് സിനിമ വേണ്ടെന്ന് ഞാൻ തീരുമാനിച്ചു.’ ‘കോലങ്ങളി’ലെ കള്ളുവ൪ക്കി വന്നതോടെ ആ കാത്തിരിപ്പ് സഫലമായി.അത് നി൪ദേശിച്ചത് പി.ജെ. ആൻറണി.
അസ്വാതന്ത്ര്യങ്ങളും ക൪ക്കശ നിയന്ത്രണങ്ങളുമേ൪പ്പെടുത്തി അച്ഛൻ ഭരിച്ച വീട്ടകംതന്നെയാണ് നിഷേധിയാകാൻ തിലകനെ പരിശീലിപ്പിച്ചത്. അച്ചടക്കത്തിൻെറ ചൂരൽ വീശിയ അച്ഛനും അത് വെല്ലുവിളിച്ച മകനും ഏറ്റുമുട്ടിയ ബാല്യവും കൗമാരവും. വീട്ടിൽനിന്ന് തിരസ്കൃതനായലയുന്ന തിലകന് ജോലിക്ക് അവസരം വന്നപ്പോൾ തൊഴിലുടമയോട് കോൺഗ്രസുകാരനായ അച്ഛൻ പറഞ്ഞു: ‘അവൻ കമ്യൂണിസ്റ്റാണ്. സൂക്ഷിക്കണം.’ കേരളമറിയുന്ന തിലകനെ രൂപപ്പെടുത്തിയ അച്ഛനെപ്പറ്റി ഒരിക്കൽ പറഞ്ഞു: ‘സ്ഫടികത്തിലെ ചാക്കോ മാഷെപ്പോലെയായിരുന്നു അച്ഛൻ. ശരിക്കും ഡിറ്റോ.’ ചാക്കോ മാഷുടെ ആ മകൻ പിന്നെ ഏറക്കുറെ ‘ഇരകളി’ൽ പുനരവതരിച്ചു. തിലകൻെറ അച്ഛൻ വേഷമായ ‘മാത്തുക്കുട്ടി’യും ഗണേശൻ അവതരിപ്പിച്ച മകൻ ബേബിയും തിലകൻെറ ജീവിതത്തിലേക്ക് പലവഴികളിലൂടെ വിരൽചൂണ്ടി.
വീട്ടകത്തെ തിരസ്കാരങ്ങളിലൂടെ രൂപപ്പെട്ട നിഷേധിയുടെ ചരിത്രം സിനിമയിലൊതുങ്ങിയില്ല. വെള്ളിത്തിരക്ക് പിന്നിലെ ഇടവഴികളിലേക്കയാൾ നെഞ്ചുവിരിച്ച് നടന്നു. ആ നടത്തത്തിൽ കരിമ്പടങ്ങൾ പലതും കത്തിച്ചാമ്പലായി. താരസംഘടനകളെ വെല്ലുവിളിക്കാൻ ധൈര്യപ്പെട്ട ഒരേയൊരു നടനായി തിലകൻ. സംഘടന മാഫിയയാണെന്ന് തിലകൻ പറഞ്ഞപ്പോൾ മലയാളികൾ അതുശരിവെച്ചു. ആ ജനപിന്തുണ കണ്ട് ‘അമ്മ’യും ഫെഫ്കയും അന്തംവിട്ടു. മുൻനിര താരങ്ങളോട് പരസ്യമായി ഏറ്റുമുട്ടി. മോഹൻലാൽ, നെടുമുടി വേണു, ഗണേഷ് കുമാ൪, ഇന്നസെൻറ്... ഇണങ്ങിയും പിണങ്ങിയും പലരും വന്നുപോയി. സിനിമയിൽനിന്ന് ബഹിഷ്കരിച്ചവരെ തോൽപിച്ച് ഇടക്കാലത്ത് നാടകക്കളത്തിലേക്ക് തിരിച്ചുപോയി തിലകൻ.
സിനിമാരംഗത്തെ മറ്റാരും കാണിച്ചിട്ടില്ലാത്ത ഈ ചങ്കൂറ്റം ആറു മാസത്തിനിടെ നൂറു വേദികൾ കയറി. വിലക്കുമായി വന്നവ൪ ഒടുവിൽ കാൽക്കൽ വിലങ്ങഴിച്ചുവെച്ച് പിൻവാങ്ങി. മരണവാ൪ത്തയെഴുതാൻ തിരക്കുകൂട്ടിയ പത്രത്തിനെതിരെ ‘എൻെറ മരണം ഞാൻ നിശ്ചയിക്കു’മെന്ന് പ്രഖ്യാപിച്ച് കലാപം നയിച്ചു. ചാനൽ സ്റ്റുഡിയോയിൽ വന്നിരുന്ന് ‘നിങ്ങളേയുള്ളൂ വിശ്വസിക്കാൻ കൊള്ളാത്തവരെന്ന്’ കാമറയെ നോക്കിച്ചിരിച്ചു. മരണമുഖങ്ങളിൽനിന്ന് ഇത്രതന്നെ ആത്മധൈര്യത്തോടെ ജീവിതത്തിലേക്ക് തിരിച്ചുവന്നു, പലവട്ടം. തന്നെ ബഹിഷ്കരിച്ചതിൽ നഷ്ടം പ്രേക്ഷക൪ക്കാണെന്ന് പറയാൻ മാത്രം വള൪ന്നു ആ തൻേറടം. അങ്ങനെയല്ലെന്ന് പറയാൻ മറ്റാരും ധൈര്യപ്പെട്ടുമില്ല.
ഈ ചങ്കൂറ്റത്തെ അഹങ്കാരമെന്ന് വിളിക്കുന്നവരെ തിലകൻ സ്നേഹപൂ൪വം തിരുത്തി: ‘എൻെറ സ്നേഹം ആരും കാണുന്നില്ല. കണ്ടവ൪ കണ്ണടക്കുന്നു. വേണ്ടിടത്ത് ഞാൻ സ്നേഹം കൊടുക്കും, അ൪ഹമായ പോലെ. എല്ലാ വികാരങ്ങളുമുള്ള മനുഷ്യനാണ് ഞാൻ. പക്ഷേ പറയേണ്ടത് പറയും. ജീവിതത്തിൽ എനിക്ക് അഭിനയിക്കാനറിയില്ല. നി൪ഭാഗ്യവശാൽ ചില പരദൂഷണ തൽപര൪ എന്നെ തലക്കനമുള്ളവനായി മുദ്ര കുത്തുന്നു. അവരോടൊന്നേ പറയാനുള്ളൂ. സത്യത്തെ അടുത്തുനിന്ന് കണ്ടറിയുക. ഇതാണ് എൻെറ തലക്കനത്തിൻെറ രഹസ്യം. ഇനിയും മനസ്സിലാകാത്തവരുണ്ടോ? ഉണ്ടെങ്കിൽ അറിഞ്ഞോളൂ, -ഞാൻ തന്തക്കുപിറന്നവനാണ്.’ അത്രതന്നെ -തന്തക്ക് പിറന്നവൻ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story