മലബാര്‍ ചേംബര്‍ സെക്രട്ടറി നസീര്‍ അഹമ്മദ് കൊല്ലപ്പെട്ട നിലയില്‍
text_fields
കോഴിക്കോട്: മലബാ൪ ചേംബ൪ ഓഫ് കോമേഴ്സ് സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട് മണിക്കൂറുകൾക്കകം നഗരത്തിലെ പ്രമുഖ വ്യാപാരിയെ കൊല്ലപ്പെട്ടനിലയിൽ കണ്ടെത്തി. കല്ലായ് ‘ഇലക്ട്രോ ഏജൻസീസ്’ ഉടമ വെസ്റ്റ് കല്ലായ് പത്തായപ്പുര ഹൗസിൽ പി.പി. നസീ൪ അഹമ്മദാണ് (50) കൊല്ലപ്പെട്ടത്. തൊണ്ടയാട്-മലാപ്പറമ്പ് ദേശീയപാതയിൽ മലാപ്പറമ്പിനടുത്ത മെഡിക്കൽ കോളജ് റോഡിലെ പാച്ചാക്കിൽ റോഡരികിൽ മൃതദേഹം ശനിയാഴ്ച രാവിലെ പ്രഭാതസവാരിക്കിറങ്ങിയവരാണ് ആദ്യം കണ്ടത്. ഇദ്ദേഹത്തിൻെറ ഇൻഡിക കാ൪ മെഡിക്കൽ കോളജ് റൂട്ടിൽ ചേവായൂ൪ പ്രസൻേറഷൻ സ്കൂളിനടുത്ത ശാന്തിനഗ൪ കോളനിയിലേക്കുള്ള റോഡരികിലും രണ്ട് മൊബൈൽ ഫോണുകൾ ഇതിനടുത്ത് താമസമില്ലാത്ത വീടിൻെറ പരിസരത്തും കണ്ടെത്തി. ശ്വാസം മുട്ടിയുള്ള മരണമാണെന്നാണ് പോസ്റ്റ്മോ൪ട്ടം റിപ്പോ൪ട്ട്. മറ്റെവിടെയെങ്കിലുംവെച്ച് കൊലപ്പെടുത്തി രാത്രിയിൽ മൃതദേഹം ജനവാസമില്ലാത്ത പ്രദേശത്തെ റോഡരികിൽ ഉപേക്ഷിച്ചതാണെന്ന് കരുതുന്നു. മല൪ന്നു കിടക്കുന്ന നിലയിൽ കാണപ്പെട്ട മൃതദേഹത്തിൽ ക്രൂരമായി മ൪ദനമേറ്റതിൻെറ പാടുകളുണ്ട്. ആയുധംകൊണ്ടുള്ള അടിയേറ്റ് ചുണ്ട് ചതഞ്ഞനിലയിലാണ്. മൃതദേഹം കിടന്നതിൻെറ 150 മീറ്റ൪ അകലെ രക്തക്കറ പുരണ്ട ഒരു തോ൪ത്ത് കണ്ടെടുത്തു. മൃതദേഹത്തിനരികെ രക്തം വീണതിൻെറ പാടുകളില്ല. കാറിൻെറ താക്കോൽ മൃതദേഹത്തിനടുത്ത് ഉപേക്ഷിച്ച നിലയിലാണ്. മൂ൪ച്ചയില്ലാത്ത ആയുധം തുണിയിൽ പൊതിഞ്ഞ് മ൪ദിച്ചതാണെന്ന് കരുതുന്നു.
പാൻറ്സിൻെറ പോക്കറ്റിൽനിന്ന് ലഭിച്ച തെളിവിൻെറ അടിസ്ഥാനത്തിലും ഇദ്ദേഹത്തിൻെറ സാമ്പത്തിക ഇടപാടുകൾ ചുറ്റിപ്പറ്റിയുമാണ് അന്വേഷണം നടക്കുന്നത്. ഭാര്യ ബന്ധുക്കളോടൊപ്പം ആറു ദിവസമായി അഹ്മദാബാദിലാണ്.
വെള്ളിയാഴ്ച രാത്രി 12.20ഓടെ ചേവായൂ൪ ശാന്തിനഗ൪ കോളനിക്കടുത്ത് റോഡിൽ ഉച്ചത്തിലുള്ള നിലവിളി കേട്ടിരുന്നു. പ്രദേശവാസികൾ ഉടൻ പൊലീസിൻെറ 100 നമ്പറിൽ വിളിച്ചറിയിച്ചു. 12.45ഓടെ സ്ഥലത്തെത്തിയ പൊലീസ് ഇൻഡിക കാ൪ കസ്റ്റഡിയിലെടുത്തു. ഇതിനടുത്തുനിന്ന് പാക്കറ്റ് പൊളിക്കാത്ത നാലു പുതിയ ഷ൪ട്ട്, മിഠായി പാക്കറ്റ്, മുളകുപൊടി, രക്താംശമുള്ള പ്ളാസ്റ്ററും കണ്ടെത്തി. നിലവിളി കേട്ട സമയത്ത് കോളനിറോഡിൻെറ കവാടത്തിൽ ആറുപേ൪ നിൽക്കുന്നതും ചുവന്ന മാരുതിവാൻ അമിതവേഗത്തിൽ ഓടിച്ചുപോവുന്നതും കണ്ടതായി നാട്ടുകാ൪ മൊഴിനൽകിയിട്ടുണ്ട്. ശനിയാഴ്ച രാവിലെ നടന്ന പരിശോധനയിലാണ് ശാന്തിനഗ൪ കോളനിയിലെ ഒഴിഞ്ഞ പറമ്പിൽനിന്ന് നസീറിൻെറ മൊബൈൽ ഫോൺ കണ്ടെടുത്തത്.
വ്യാപാരിയായ നസീ൪ അടുത്തിടെ റിയൽ എസ്റ്റേറ്റ് വ്യാപാരത്തിലേക്ക് തിരിഞ്ഞതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. വയനാട്ടിലെ ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് ത൪ക്കം നടന്നതായും പൊലീസിന് വിവരംലഭിച്ചു. ഇതേക്കുറിച്ചും ഇദ്ദേഹത്തിൻെറ മൊബൈൽ ഫോൺ കേന്ദ്രീകരിച്ചുമാണ് അന്വേഷണം. ശാന്തിനഗ൪ കോളനി പരിസരത്ത് ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ കാറിൽ കല്ലുകൊണ്ട് ചില അസഭ്യവാചകങ്ങൾ എഴുതിയിട്ടുണ്ട്. ഇതും പോക്കറ്റിൽനിന്ന് ലഭിച്ച തെളിവും അന്വേഷണം വഴിതെറ്റിക്കാൻ മന$പൂ൪വം ചെയ്തതാണെന്ന് സംശയിക്കുന്നു.
സിറ്റി പൊലീസ് കമ്മീഷ്ണ൪ ജി. സ്പ൪ജൻകുമാ൪, അസി. കമീഷണ൪മാരായ പ്രിൻസ് എബ്രഹാം, കെ.ആ൪. പ്രേമചന്ദ്രൻ എന്നിവരും ഡോഗ് സ്ക്വാഡ്, വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി. സിറ്റി പൊലീസ് കമീഷണറുടെ നേതൃത്വത്തിൽ പല സംഘമായി തിരിഞ്ഞ് ആരംഭിച്ച അന്വേഷണത്തിന് ചേവായൂ൪ സി.ഐ. പ്രകാശൻ പടന്നയിൽ നേതൃത്വം നൽകുന്നു. വിശദമായ ഇൻക്വസ്റ്റ് നടത്തി പോസ്റ്റുമോ൪ട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.
വെള്ളിയാഴ്ച വൈകീട്ടായിരുന്നു മലബാ൪ ചേംബ൪ ഓഫ് കോമേഴ്സ് ഭാരവാഹികളുടെ തെരഞ്ഞെടുപ്പ്. ഐകകണ്ഠ്യേന സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട നസീ൪ രാത്രി ഏഴുവരെ ചേംബ൪ ഓഫിസിലുണ്ടായിരുന്നു.
ഇതിനുശേഷം ഒരു അഭിഭാഷകനെ കാണാൻപോയ ഇദ്ദേഹവുമായി രാത്രി 10.30 വരെ സുഹൃത്തുക്കൾ സംസാരിച്ചതായി മൊബൈൽ ഫോൺ രേഖകളിലുണ്ട്. കല്ലായിയിൽ താമസിക്കുന്ന ഇദ്ദേഹം കാറുമായി രാത്രി വൈകി ചേവായൂ൪ ശാന്തിനഗ൪ കോളനി പരിസരത്ത് എത്തിയതാണോ, മറ്റാരെങ്കിലും കാ൪ ഇവിടെ ഉപേക്ഷിച്ചതാണോ തുടങ്ങി വിശദമായ അന്വേഷണത്തിലാണ് പൊലീസ്. മെയിൻറോഡിൽനിന്നു താഴെയുള്ള ശാന്തി നഗ൪ കോളനിയിൽ പത്തോളം വീടുകളേയുള്ളൂ.
ഭാര്യ പന്നിയങ്കര ബൈത്തുൽ ബറാമിയിൽ വഫ ആറു ദിവസംമുമ്പ ് സഹോദരിയോടൊപ്പം അഹ്മദാബാദിലേക്ക് പോയതാണ്. മക്കൾ: നഷ്വ, നഫ്ല, വസീ൪. പിതാവ് പരേതനായ എസ്.കോയ മൊയ്തീൻ. മാതാവ് പി.പി.മറിയംബി. സഹോദരങ്ങൾ: അബ്ദറഷീദ, ഹലീമ, സലീമ, സനീറ(കുവൈത്)
മയ്യിത്ത് നമസ്കാരം ഞായറാഴ്ച രാവിലെ 9.30ന് പരപ്പിൽ ശാദുലി പള്ളിയിൽ നടക്കും.
ചുവന്ന മാരുതി വാൻ കേന്ദ്രീകരിച്ച്n അന്വേഷണം
കോഴിക്കോട്: മലബാ൪ ചേംബ൪ ഓഫ് കോമേഴ്സ് സെക്രട്ടറി പി.പി. നസീ൪ അഹമ്മദ് കൊല്ലപ്പെട്ട സംഭവത്തിൽ ചുവന്ന മാരുതി വാൻ കേന്ദ്രീകരിച്ച് അന്വേഷണം. മൃതദേഹം കാണപ്പെട്ട സ്ഥലത്തിനടുത്തായി രാത്രി വൈകി ഒരു ചുവന്ന മാരുതി കുറെനേരം നി൪ത്തിയിട്ടെന്ന വിവരത്തിൻെറ അടിസ്ഥാനത്തിലാണ് ചുവന്ന നിറത്തിലുള്ള മാരുതി വാഹനങ്ങളുടെ വിവരം ശേഖരിക്കുന്നത്. കോഴിക്കോട്, വടകര ആ൪.ടി ഓഫീസുകളിലും കൊയിലാണ്ടി ജോയൻറ് ആ൪.ടി. ഓഫീസിലും രജിസ്റ്റ൪ ചെയ്ത മുഴുവൻ ചുവന്ന മാരുതികളുടെയും വിശദാംശം പൊലീസ് ശേഖരിച്ചുകഴിഞ്ഞു. ഇതു സംബന്ധിച്ച ചില സൂചനകൾ പൊലീസിന് ലഭിച്ചതായി അറിയുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.