ജി.വി. രാജ ഫുട്ബാള്‍: കെ.എസ്.ഇ.ബി x കേരളാപൊലീസ് സെമി
text_fieldsതിരുവനന്തപുരം: ജി.വി. രാജ ഫുട്ബാൾ സെമിഫൈനലിൽ കേരളാ പൊലീസും കെ.എസ്.ഇ.ബിയും ഏറ്റുമുട്ടും. ശനിയാഴ്ച നടന്ന ഗ്രൂപ്പ് മത്സരങ്ങളിൽ കേരളാപൊലീസ് ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് സെസഗോവ ഫുട്ബാൾ അക്കാദമിയേയും കെ.എസ്.ഇ.ബി എതിരില്ലാത്ത ഒരു ഗോളിന് ഐ.സി.എഫ് ചെന്നൈയേയും പരാജയപ്പെടുത്തി. കഴിഞ്ഞദിവസം മോഹൻബഗാൻ ഫുട്ബാൾ അക്കാദമിക്കെതിരെ ഹാട്രിക്നേട്ടം കൈവരിച്ച നാസറുദ്ദീൻെറ ഇരട്ടഗോൾ പ്രകടനമായിരുന്നു കേരളപൊലീസിൻെറ വിജയത്തിന് ആധാരം.
കരുത്തരായ സെസ ഗോവക്കെതിരെ താളം കണ്ടെത്താൻ ഏറെ വിഷമിച്ച ശേഷമാണ് കേരളാപൊലീസ് ജയം നേടിയത്. 32 ാം മിനിട്ടിൽ നാസറുദ്ദീനിലൂടെ പൊലീസ് ലീഡ് നേടി. ഷരീഫ് എടുത്ത കോ൪ണ൪ കിക്ക് ചാടി ഉയ൪ന്ന് മനോഹരമായ ഹെഡറിലൂടെ നാസറുദ്ദീൻ വലയിലെത്തിക്കുകയായിരുന്നു (1-0). 36 ാം മിനിട്ടിൽ സെസ ഗോൾ മടക്കി. വിദേശതാരമായ ചുക്വുഡി ചുക്വുമയായിരുന്നു സെസയുടെ ഗോൾ നേടിയത്. (1-1).
62 ാം മിനിട്ടിൽ വലതുവിംഗിലൂടെ പന്തുമായി മുന്നേറിയ ജിപ്സൻ നൽകിയ ക്രോസ് മനോഹരമായ ഷോട്ടിലൂടെ നാസറുദ്ദീൻ വലയിലെത്തിച്ച് കേരളാപൊലീസിൻെറ വിജയ ഗോൾ നേടി. 79 ാം മിനിട്ടിൽ കേരളാപൊലീസ് സ്റ്റാ൪ സ്ട്രൈക്ക൪ ഐ.എം. വിജയൻ കളത്തിലിറങ്ങി. ആ൪മിഗ്രീൻ, മോഹൻബഗാൻ അക്കാദമി, സെസ ഗോവ എന്നിവയെ പരാജയപ്പെടുത്തി ഗ്രൂപ്പ് ജേതാക്കളായാണ് കേരളാപൊലീസ് സെമിയിൽ പ്രവേശിച്ചത്.
വിരസമായ മത്സരത്തിലാണ് ഐ.സി.എഫ് ചെന്നൈയെ ഒരുഗോളിന് പരാജയപ്പെടുത്തി കെ.എസ്.ഇ.ബി സെമിയിൽ കടന്നത്. ഞായറാഴ്ച നടക്കുന്ന മത്സരങ്ങളിൽ മോഹൻബഗാൻ അക്കാദമി ആ൪മി ഗ്രീനിനെയും സതേൺ റെയിൽവേ ജോസ്കോയെയും നേരിടും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.