പണം അനുവദിച്ചിട്ട് മാസങ്ങള്‍; എങ്ങുമെത്താതെ ‘ജനകീയ റോഡ്’
text_fieldsകോഴിക്കോട്: പണം അനുവദിച്ചിട്ട് മാസങ്ങളായിട്ടും ടാറിങ് ആരംഭിക്കാതെ ജനകീയ റോഡ് പഴയപടിതന്നെ. നാട്ടുകാരുടെ കൂട്ടായ്മയിൽ 30 ദിവസംകൊണ്ട് വെട്ടിത്തുറന്ന വട്ടാംപൊയിൽ-റെയിൽവേ സ്റ്റേഷൻ റോഡാണ് എങ്ങുമെത്താതെ കിടക്കുന്നത്. സ്ഥലം എം.എൽ.എ കൂടിയായ മന്ത്രി എം.കെ. മുനീറിൻെറ എം.എൽ.എ ഫണ്ടിൽനിന്ന് ടാറിങ്ങിനായി പണം അനുവദിച്ചിട്ടുണ്ട്. പ്രവൃത്തി ആരംഭിക്കുന്നതിനായി എസ്റ്റിമേറ്റ് തയാറാക്കാൻ പി.ഡബ്ള്യു.ഡിയെ ചുമതലപ്പെടുത്തിയിട്ട് ഒരു മാസമായി. എന്നാൽ, ഇതുവരെ മറുപടിയൊന്നും ലഭിച്ചിട്ടില്ലെന്നാണ് ബന്ധപ്പെട്ടവ൪ പറയുന്നത്.
നാട്ടുകാരുടെ ശ്രമഫലമായി 30 ദിവസംകൊണ്ടാണ് കലക്ടേഴ്സ് റോഡ് എന്നറിയപ്പെടുന്ന ജനകീയ റോഡ് നി൪മിച്ചത്. മുൻ ജില്ലാ കലക്ട൪ പ്രത്യേക താൽപര്യത്താൽ തുടങ്ങിയ റോഡാണ് നാട്ടുകാ൪ക്ക് ഉപകാരമില്ലാതെ കിടക്കുന്നത്. റോഡ് ആരംഭിക്കുന്ന വട്ടാംപൊയിൽ ഗേറ്റിന് സമീപം സ്വകാര്യവ്യക്തി സ്ഥലം വിട്ടുനൽകാത്ത പ്രശ്നമുണ്ടായിരുന്നു.
പിന്നീട് പ്രദേശവാസികളുടെ സമ്മ൪ദത്തെ തുട൪ന്ന് ഇയാൾ സ്ഥലം നൽകിയിട്ടും സ൪ക്കാ൪ കാര്യങ്ങളെല്ലാം മുറപോലെത്തന്നെ.
റോഡ് ഉദ്ഘാടനത്തിന് മോടികൂട്ടാനായി മൂന്ന് വഴിവിളക്കുകൾ സ്ഥാപിച്ചിരുന്നു. ഒരു പരസ്യ കമ്പനിയുടെ സഹായത്തോടെ റോഡിൻെറ വടക്കെ അറ്റത്ത് സ്ഥാപിച്ച വഴിവിളക്കുകൾ ഒരു മാസം വെളിച്ചം നൽകി കണ്ണടച്ചു. റോഡ് ടാ൪ ചെയ്ത് ഗതാഗതയോഗ്യമാക്കിയാൽ മാത്രമേ വിളക്കുകൾ സ്ഥാപിക്കൂവെന്നാണ് കമ്പനിയുടെ നിലപാട്.
ഒരുഭാഗത്ത് വൻ കുഴികളും ചിലയിടങ്ങളിൽ കാടുകളും രൂപപ്പെട്ട് റോഡാണെന്ന് പോലും തിരിച്ചറിയാത്ത അവസ്ഥയിലാണിത്. അരകിലോമീറ്റ൪ നീളമുള്ള റോഡ് ടാ൪ ചെയ്താൽ ഈ പ്രദേശത്തെയാളുകൾക്ക് പുഷ്പ ജങ്ഷനിലുള്ള ഗതാഗതക്കുരുക്കിൽനിന്ന് രക്ഷപ്പെടുകയും ചെയ്യാം. ചിലയിടത്ത് ആറുമീറ്റ൪ വീതിയിലും ചിലയിടങ്ങളിൽ എട്ടുമീറ്ററുമാണ് റോഡിൻെറ വീതി. കഴിഞ്ഞ ജനുവരി 13ന് മേയ൪ എ.കെ. പ്രേമജം ഉദ്ഘാടനം ചെയ്ത റോഡ് അടുത്ത ജനുവരിക്ക് മുമ്പെങ്കിലും പണി തീരണമെന്ന പ്രാ൪ഥനയിലാണ് നാട്ടുകാ൪.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.