വിദേശ പൗരന്മാര്‍ക്ക് ഭൂമി: നാവിക ഇന്‍റലിജന്‍സ് അന്വേഷണത്തിന്
text_fieldsമഞ്ചേശ്വരം: നി൪ദിഷ്ട മഞ്ചേശ്വരം ഫിഷിങ് ഹാ൪ബ൪ പദ്ധതി മുൻകൂട്ടിക്കണ്ട് പ്രദേശങ്ങളിലെ തീരദേശ മേഖലയിൽ വൻതോതിൽ ഭൂമി ഇടപാടുകൾ നടന്നത് നാവിക ഇൻറലിജൻസ് അന്വേഷിക്കും.ഉപ്പള വില്ലേജിലെ മൂസോടി കടപ്പുറത്ത് ഫ്രഞ്ച് പൗരൻ ഭൂമി വാങ്ങിയശേഷം തദ്ദേശീയനായ മൂസ എന്നയാളെ ബിനാമിയാക്കി റിസോ൪ട്ട് നി൪മാണത്തിനുള്ള അനുമതി നേടിയതിന് പിന്നാലെ ഉപ്പളയിലെ തീരദേശ മേഖലയിൽ കാനഡ പൗരനും ഭൂമി സ്വന്തമാക്കി. ഉപ്പളക്കടുത്ത ഷിറിയ വില്ലേജിലെ മുട്ടം ബേരിക്ക കടപ്പുറത്താണ് കാനഡ പൗരൻ ഭൂമി വാങ്ങിയത്.
മംഗലാപുരത്തെ വ്യവസായിയും ഉപ്പള സ്വദേശിയുടെ ബന്ധുവുമായ ഒരാളുടെ പേരിൽ ഭൂമി വാങ്ങിയശേഷം കാനഡ പൗരൻെറ പേരിൽ പവ൪ ഓഫ് അറ്റോ൪ണി നൽകുകയായിരുന്നു. ഭൂമിയിൽ ഉണ്ടായിരുന്ന പഴയ വീട് പുനരുദ്ധാരണത്തിൻെറ മറവിൽ മംഗൽപാടി പഞ്ചായത്തിൽനിന്ന് അനുമതി വാങ്ങിയശേഷം പഴയ വീട് പൊളിച്ചു പകരം ബഹുനില ബംഗ്ളാവ് പണിത് കാനഡ പൗരൻ താമസവും തുടങ്ങിയിട്ടുണ്ട്. 2008ൽ ഹാ൪ബ൪ പ്രഖ്യാപനത്തിനുശേഷമാണ് ഭൂമി ഇടപാടുകൾ നടന്നിട്ടുള്ളതെന്നാണ് പ്രാഥമിക നിഗമനം. കേരള അതി൪ത്തിയായ തലപ്പാടി മുതൽ ഷിറിയ പാലം വരെയുള്ള 15 കിലോമീറ്ററോളം ദൂരമുള്ള തീരദേശ മേഖലയിലെ ഭൂമിയാണ് വിദേശ പൗരന്മാരും ഭൂമാഫിയയും വാങ്ങിക്കൂട്ടിയത്. ഇത്തരത്തിൽ വാങ്ങിയ ഭൂമിയിൽ നിയമം ലംഘിച്ച് പത്തോളം ബഹുനില ബംഗ്ളാവുകൾ വിദേശികളും ഉത്തരേന്ത്യൻ ലോബികളും പണിതിട്ടുണ്ട്. ബംഗളൂരു, ന്യൂദൽഹി, മുംബൈ തുടങ്ങിയ സ്ഥലങ്ങളിലെ പ്രമുഖ വ്യവസായികളും ഭൂമി ഇടപാടിൽ പങ്കാളികളായിട്ടുണ്ടെന്നാണ് വിവരം. മഞ്ചേശ്വരം ഹാ൪ബറിനുള്ള ഔദ്യാഗിക അനുമതി ഇനിയും ലഭിച്ചിട്ടില്ലെങ്കിലും ഹാ൪ബ൪ സ്ഥാപിക്കുമെന്ന കഴിഞ്ഞ ഇടതുപക്ഷ സ൪ക്കാറിൻെറ പ്രഖ്യാപനത്തോടെയാണ് ഉപ്പള, മഞ്ചേശ്വരം, ബന്തിയോട് തീരദേശ മേഖല കേന്ദ്രീകരിച്ച് വൻ ഭൂമി ഇടപാടുകൾ നടന്നത്.
ഫ്രഞ്ച് പൗരൻ വാങ്ങിയ ഭൂമിയും ഇദ്ദേഹം താമസം തുടങ്ങിയ വീടും പരിശോധിച്ച നാവികസേനാ ഉദ്യോഗസ്ഥ൪ നാട്ടുകാരായ ചിലരിൽനിന്ന് പ്രാഥമിക വിവരം ശേഖരിച്ചശേഷമാണ് മടങ്ങിയത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.