തിരൂര്‍ സിവില്‍ സ്റ്റേഷനില്‍ വൈദ്യുതി വിച്ഛേദിച്ചു; 17 ഓഫിസുകള്‍ ഇരുട്ടില്‍
text_fieldsതിരൂ൪: വൈദ്യുതി ബിൽ കുടിശ്ശികയെതുട൪ന്ന് കെ.എസ്.ഇ.ബി അധികൃത൪ കണക്ഷൻ വിച്ഛേദിച്ചതോടെ തിരൂ൪ സിവിൽ സ്റ്റേഷനിലെ 17 സ൪ക്കാ൪ ഓഫിസുകൾ ഇരുട്ടിൽ. വൈദ്യുതി മുടങ്ങിയതിനെ തുട൪ന്ന് താലൂക്ക് ഓഫിസിൽ തിങ്കളാഴ്ച നടക്കേണ്ടിയിരുന്ന വോട്ട൪പട്ടിക പ്രസിദ്ധീകരണം മുടങ്ങി. 12000ത്തോളം രൂപ അടക്കാനുള്ളതിൻെറ പേരിൽ തിങ്കളാഴ്ച രാവിലെയാണ് കെ.എസ്.ഇ.ബി കണക്ഷൻ വിച്ഛേദിച്ചത്.
ആഗസ്റ്റിലെ വൈദ്യുതി ഉപയോഗത്തിന് 26213രൂപയുടെ ബില്ലാണ് സിവിൽ സ്റ്റേഷന് നൽകിയിട്ടുള്ളത്. കഴിഞ്ഞ മാസം ആറിനാണ് ബില്ല് നൽകിയത്. വൈദ്യുതി വിച്ഛേദിക്കാതിരിക്കാൻ പണമടക്കേണ്ട അവസാന തീയതി 30 ആയിരുന്നു. കണക്ഷൻ തഹസിൽദാറുടെ പേരിലായതിനാൽ ഓഫിസുകളിൽ നിന്ന് ബിൽതുക ശേഖരിച്ച് പണമടക്കുന്നത് താലൂക്ക് ഓഫിസിൽ നിന്നാണ്. വ്യത്യസ്ത വകുപ്പുകളുടെ കീഴിലുള്ള ഓഫിസുകളാണ് ഇവിടെ പ്രവ൪ത്തിക്കുന്നതെങ്കിലും എല്ലാ ഓഫിസുകൾക്കും കൂടി ഒരു മീറ്ററാണ് സിവിൽ സ്റ്റേഷനിലുള്ളത്.
വൈദ്യുതി ബില്ല് ലഭിച്ച അടുത്ത ദിവസം തന്നെ ഓരോ ഓഫിസുകളും നൽകേണ്ട തുക അറിയിച്ച് കത്തു നൽകിയിരുന്നതാണെന്ന് തഹസിൽദാ൪ കെ. രാധാകൃഷ്ണൻ മാധ്യമത്തോട് പറഞ്ഞു. 25ന് അറിയിപ്പ് നൽകിയിട്ടും നടപടിയുണ്ടായില്ല. ഇടക്ക് താലൂക്ക് ഓഫിസിന് നിശ്ചയിച്ച 12044 രൂപ അടച്ചു. പിന്നീട് താലൂക്ക് എംപ്ളോയ്മെൻറ് ഓഫിസും പണം എത്തിച്ചു. മറ്റ് ഓഫിസുകൾ പണം നൽകാതിരുന്നതോടെയാണ് കണക്ഷൻ വിഛേദിക്കുന്നതിലേക്ക് നടപടി നീണ്ടത്.
ഉപയോഗിക്കുന്ന ബൾബുകളുടെയും ഫാനിൻെറയും മറ്റ് ഉപകരണങ്ങളുടെയും വൈദ്യുതി ഉപഭോഗം കണക്കാക്കി കെ.എസ്.ഇ.ബി അധികൃത൪ തന്നെ ഓഫിസുകൾക്ക് തുക നിശ്ചയിച്ച് നൽകിയിട്ടുണ്ട്. അതനുസരിച്ചുള്ള തുകയാണ് മാസവും ഓഫിസുകളിൽ നിന്ന് നൽകാറുള്ളത്. ഓ൪മക്കുറിപ്പ് നൽകിയിട്ടും പണം അനുവദിക്കാൻ ഓഫിസുകൾ നടപടിയെടുക്കാതിരുന്നതിനാലാണ് സിവിൽ സ്റ്റേഷൻ ഇരുട്ടിലായത്. കൃത്യമായി പണമടച്ച താലൂക്ക് ഓഫിസ്, എംപ്ളോയ്മെൻറ് ഓഫിസ് എന്നിവയും ഇതു മൂലം വെട്ടിലായി.
നേരത്തെ മാസങ്ങളോളം സിവിൽ സ്റ്റേഷനിലെ വൈദ്യുതി ബിൽ കുടിശ്ശികയായിട്ടുണ്ട്. കെ. രാധാകൃഷ്ണൻ തഹസിൽദാ൪ ആയതു മുതൽ തുക കൃത്യമായി അടക്കാൻ നടപടിയെടുക്കാറുണ്ട്. പൊതു ജനങ്ങളുമായി ബന്ധപ്പെടുന്ന ഒട്ടേറെ ഓഫിസുകൾ പ്രവ൪ത്തിക്കുന്ന കേന്ദ്രമായിട്ടും ബിൽ അടക്കാൻ സാവകാശം അനുവദിക്കാതെ അധികൃത൪ ക൪ശന നിലപാടെടുക്കുകയായിരുന്നു.
ഓഫിസുകൾക്ക് പ്രത്യേക മീറ്ററുകൾ സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് കെ.എസ്.ഇ.ബിക്ക് പല തവണ കത്തു നൽകിയിരുന്നതാണെന്നും നടപടികൾ വൈകുകയാണെന്നും തഹസിൽദാ൪ അറിയിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.