Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightകിയവില്‍നിന്ന്...

കിയവില്‍നിന്ന് മലപ്പുറത്തേക്കുള്ള ദൂരം

text_fields
bookmark_border
കിയവില്‍നിന്ന് മലപ്പുറത്തേക്കുള്ള ദൂരം
cancel

ആന്ദ്രി ഷെവ്ചെങ്കോയിൽനിന്ന് ആസിഫ് സഹീറിലേക്കെത്ര ദൂരമുണ്ട്? ഡോണെസ്കിൽനിന്ന് മഞ്ചേരിയിലേക്കും കിയവിൽനിന്ന് മമ്പാട്ടേക്കുമുള്ള ആ ദൂരംതന്നെയുണ്ട് ഡൈനാമോ എഫ്.സി എന്ന യുക്രെയ്ൻ ടീമും മലപ്പുറം എം.എസ്.പി ഹയ൪ സെക്കൻഡറി സ്കൂളിൻെറ ഫുട്ബാൾ സംഘവും തമ്മിൽ. ശാസ്ത്രീയ ഫുട്ബാളിൻെറ ചിട്ടവട്ടങ്ങളെ മികച്ച സൗകര്യങ്ങളുടെ അകമ്പടിയോടെ പാദങ്ങളോട് ചേ൪ത്തുവെക്കുന്ന യൂറോപ്യൻ കണിശതയും പാടവരമ്പത്തും ഇടവഴിയിലുമടക്കം പരിമിത സൗകര്യങ്ങളിൽ പന്തുകളിച്ചുവരുന്ന മലയാളത്തിൻെറ പ്രാഥമിക കളിജ്ഞാനവും തമ്മിലാകും അപ്പോൾ പോരാട്ടം. ലോകഫുട്ബാളിലെത്തന്നെ മുൻനിര അക്കാദമികളിലൊന്നിൽ കുഞ്ഞുന്നാളിലേ കളിച്ചുതെളിഞ്ഞെത്തുന്ന പ്രതിഭാധനരോട് ഇവിടത്തെ അമച്വ൪ രീതികളിൽ പന്തുമായി പരിചയിച്ചെത്തുന്നവരുടെ പോരാട്ടവീര്യം മാറ്റുരക്കുമ്പോൾ എന്തുസംഭവിക്കാൻ? കണക്കുകൂട്ടലുകൾക്കൊന്നും ഒരു പ്രസക്തിയുമില്ലാത്ത ആ കളത്തിൽ ഏകപക്ഷീയമായി തക൪ന്നടിയുന്ന ഫലം മാത്രമേയുണ്ടാവൂ ആരുടെയും പ്രവചനങ്ങളിൽ.
ആ ധാരണകളുടെ അലകും പിടിയുമാണ് ദൽഹി അംബേദ്ക൪ സ്റ്റേഡിയത്തിൻെറ പുൽത്തകിടിയിൽ മലപ്പുറത്തിൻെറ ചുണക്കുട്ടികൾ മാറ്റിയെഴുതിയത്. 53ാമത് സുബ്രതോകപ്പ് ഫുട്ബാളിൻെറ ജൂനിയ൪ വിഭാഗം ഫൈനലിൽ യുക്രെയ്ൻ സംഘത്തോട് 5-2ന് തോറ്റെങ്കിലും രാജ്യത്തിൻെറതന്നെ യശസ്സുയ൪ത്തിയ പ്രകടനമായിരുന്നു എം.എസ്.പി ടീം പുറത്തെടുത്തത്. യൂറോപ്യൻ ക്ളബ് ഫുട്ബാൾതല പോരാട്ടവേദികളിൽ യുക്രെയ്ൻെറ കൊടിയടയാളമായ ഡൈനാമോ കിയവ് എഫ്.സിയുടെ ഇളമുറക്കാ൪ക്കെതിരെ ഒപ്പത്തിനൊപ്പംനിന്ന് പൊരുതുകയായിരുന്നു മലയാളത്തിൻെറ അഭിമാനമായി മാറിയ ആ കൗമാരനിര. 5-2 എന്ന ഗോൾനില ഒരിക്കലും ആ കലാശക്കളിയുടെ ന്യായമായ വിധിയെഴുത്തായിരുന്നില്ല. പാസിങ്ങിലും പൊസിഷനിലും കൗണ്ട൪ അറ്റാക്കിങ്ങിലുമൊക്കെ ഡൈനാമോക്ക് ഒപ്പംപിടിച്ച മലയാളിതാരങ്ങൾ, ശാസ്ത്രീയ പരിശീലനവും മികച്ച അടിസ്ഥാനസൗകര്യങ്ങളുമുണ്ടെങ്കിൽ ലോകോത്തര നിലവാരത്തിലേക്ക് ഉയരാൻ പോന്ന നൈസ൪ഗിക പ്രതിഭാശേഷി തങ്ങളിലുണ്ടെന്ന് ഇന്ദ്രപ്രസ്ഥത്തിൻെറ കുമ്മായവരക്കുള്ളിൽ കളിച്ചുതെളിയിച്ചു.
റാങ്കിങ്ങിൽ മാത്രമല്ല, സ്കില്ലിലും സ്റ്റാമിനയിലുമൊക്കെ ഡൈനാമോ കിയവ് താരങ്ങൾ മുന്നിലായിരുന്നു. പക്ഷേ, ആ അന്തരം കളത്തിൽ അത്രകണ്ട് വരച്ചുകാട്ടാൻ യുക്രെയ്ൻകാരെ അനുവദിച്ചില്ലെന്നിടത്താണ് എം.എസ്.പി കുട്ടികളുടെ മിടുക്ക്. വൈയക്തിക മികവിൽ ഡൈനാമോ താരങ്ങൾക്കൊപ്പം പിടിച്ച കേളീവൈഭവം ശ്രദ്ധേയമായിരുന്നു. എതിരാളികളുടെ ഗെയിംപ്ളാനും സ്ട്രാറ്റജിയുമൊക്കെ തങ്ങളേക്കാൾ ഏറെ നിലവാരമുള്ളതായിരുന്നെങ്കിലും പാസിങ്ങിലും ടാക്ളിങ്ങിലുമൊക്കെ മലയാളികൾ മോശക്കാരല്ലെന്ന് ബോധ്യപ്പെടുത്താൻ കഴിഞ്ഞു.
കളത്തിൽ യുക്രെയ്നെതിരെ എം.എസ്.പി പിന്നിലായത് ഹൈബാൾ ഗെയിമിലായിരുന്നു. തടിമിടുക്കിലും ഉയരക്കൂടുതലിലും ഏറെ മുന്നിലായിരുന്ന ഡൈനാമോക്കെതിരെ ഹൈബാളിൽ എം.എസ്.പിക്ക് ഒപ്പമെത്താൻ കഴിഞ്ഞില്ലെന്നതാണ് കൂടുതൽ ഗോൾ വഴങ്ങുന്നതിന് കാരണമായത്. സബ്ജൂനിയ൪ തലത്തിൽ യുക്രെയ്ൻെറ നാലു ദേശീയതാരങ്ങൾ ഉൾപ്പെട്ട ഡൈനാമോക്കെതിരെ സ്വാഭാവികമായ ഡ്രിബ്ളിങ്ങിൻെറ മിന്നലാട്ടങ്ങൾ വഴി തങ്ങൾക്കും കളിയറിയാമെന്ന് അവ൪ ബോധ്യപ്പെടുത്തിക്കൊടുത്തു. ഫൈനൽ വരെ കുലുങ്ങാതിരുന്ന യുക്രെയ്ൻ വലക്കണ്ണിലേക്ക് രണ്ടുതവണ മുഹമ്മദ് സാബിത്ത് പന്തടിച്ചുകയറ്റിയപ്പോൾ വീരോചിതം പോരാടിയ എം.എസ്.പി ടീമിന് ആവോളം അഭിമാനിക്കാൻ അത് വക നൽകി.
കേരളത്തിൻെറ ‘ഠ’ വട്ടത്തിന് പുറത്ത് പന്തുതട്ടി പരിചയമില്ലാത്തൊരു കൗമാരനിരയാണിതെന്നോ൪ക്കണം. മത്സരങ്ങളേറെക്കളിച്ച അനുഭവസമ്പത്ത് അവരുടെ പാദങ്ങളിലുണ്ടായിരുന്നില്ല. ഒരു വിദേശടീമിൻെറ കളി അവ൪ ആദ്യമായി നേരിട്ടുകാണുന്നതുപോലും ഈ ടൂ൪ണമെൻറിലായിരുന്നു. ഒരുപാട് പരിമിതികൾക്കുള്ളിൽനിന്ന് പക്ഷേ, അവ൪ അഭിമാനകരമായ രീതിയിലാണ് കളം നിറഞ്ഞത്. ഫൈനലിലെ ചെറിയ കൈയബദ്ധങ്ങൾ ഒഴിച്ചുനി൪ത്തിയാൽ ടൂ൪ണമെൻറിലുടനീളം മികച്ച പ്രകടനവുമായി ഗോളി വിഷ്ണു ടീമിനെ മുന്നിൽനിന്ന് നയിച്ചു. അഞ്ചുഗോൾ നേടി സാബിത്ത് കരുത്തുകാട്ടി. മധ്യനിരയിൽ മുന്നേറ്റങ്ങളിലേക്ക് ചരടുവലിച്ച് അ൪ജുൻ ജയരാജും മികച്ച സംഭാവന നൽകി. ഇതിനെല്ലാമപ്പുറത്ത് ടീംവ൪ക്കിൻെറ ഐക്യബോധംതന്നെയായിരുന്നു സുബ്രതോകപ്പിൻെറ ഫൈനലിലെത്തുന്ന ആദ്യ കേരള ടീമെന്ന തിരുത്താനാവാത്ത ബഹുമതി എം.എസ്.പി സ്കൂളിന് സമ്മാനിച്ചത്.
ഇത് ഒരു ഉണ൪ത്തുപാട്ടാവണം. ഐ ലീഗിൽ ടീമുകളില്ലാതെയും ദേശീയ ടീമിൽ താരങ്ങളില്ലാതെയും പ്രതാപം ക്ഷയിച്ചുപോയ കേരള ഫുട്ബാളിൻെറ കരുത്തുവീണ്ടെടുക്കാൻ പുതുതലമുറ സജ്ജമാണെന്ന് തെളിയിക്കുന്ന സൂചനകളാണ് എം.എസ്.പിയുടെ പ്രകടനം നൽകുന്നത്. കളി തക൪ന്ന് തരിപ്പണമാകുമ്പോഴും തങ്ങളുടെ കസേരയിൽ അള്ളിപ്പിടിച്ചിരിക്കാനും അലങ്കാരത്തിന് മാത്രമായി വ൪ഷങ്ങളോളം ഭാരവാഹിത്വത്തിൽ തുടരാനും ഗംഭീര ‘കളി’ കാഴ്ചവെക്കുന്ന കേരള ഫുട്ബാൾ അസോസിയേഷൻ തമ്പുരാക്കന്മാരുടെ കണ്ണുതുറക്കേണ്ടതുണ്ട്. എം.എസ്.പിയും സെപ്റ്റും ഉൾപ്പെടെയുള്ളവരുടെ ആത്മാ൪ഥ ശ്രമങ്ങൾക്ക് പിന്തുണയേകുന്ന യഥാ൪ഥ കളിക്കമ്പക്കാരാണ് ഇന്നും മലയാളത്തിൻെറ ഫുട്ബാൾ സംസ്കാരത്തിന് വെള്ളവും വളവും നൽകുന്നത്. ഹനാൻ ജാവേദുമാരും മുഹമ്മദ് സാബിത്തുമാരും അവരുടെ സൃഷ്ടിയാണ്. കളി തക൪ന്നാലും കസേര ഇളകരുതെന്ന് കൊതിക്കുന്ന ഭരണക൪ത്താക്കളെ താഴെയിറക്കാനുള്ള ജനകീയ മുന്നേറ്റം കേരള ഫുട്ബാളിലും അനിവാര്യമാണ്. എന്നിട്ട്, അവരുടെ കസേരകളിൽ ലാഭേച്ഛയില്ലാതെ കളിയെ സ്നേഹിക്കുന്ന യഥാ൪ഥ ഫുട്ബാൾ പ്രേമികളെ ഇരുത്തണം. കേരളത്തിൻെറ ഗ്രാമഗ്രാമാന്തരങ്ങളിൽ കളിയുടെ പഴയ പ്രതാപങ്ങളിലേക്ക് പന്തുപായിക്കാൻ കെൽപുള്ള നേതൃത്വം ഇനിയെങ്കിലും നമുക്കാവശ്യമുണ്ട്. ബൂട്ടണിയാൻ കൊതിക്കുന്ന കുരുന്നുകൾക്ക് അടിസ്ഥാനസൗകര്യങ്ങൾ ഒരുക്കാൻ കഴിയണം. അവ൪ക്ക് കളിച്ചുപരിചയിക്കാൻ മൈതാനങ്ങളും മത്സരങ്ങളും വേണം. മികച്ച ശിക്ഷണവും വിഭിന്ന സാഹചര്യങ്ങളിൽ കളിച്ചുതെളിയാനുള്ള സൗകര്യങ്ങളും ഒരുക്കി ഗ്രാസ്റൂട്ട് ലെവലിൽ കളിയെ വള൪ത്തിക്കൊണ്ടുവരാൻ കഴിയണം. അതിന് സുബ്രതോ കപ്പ് ശുഭസൂചനയാകട്ടെയെന്ന് ആത്മാ൪ഥമായി ആഗ്രഹിക്കാം.

എക്സ്ട്രാഷോട്ട്: ഷെവ്ചെങ്കോ യുക്രെയ്ൻ കണ്ട ഏറ്റവും മികച്ച ഫുട്ബാൾ താരമാണ്. ആസിഫ് സഹീറാകട്ടെ, സമീപകാലത്ത് മലപ്പുറം പിറവി നൽകിയ ഏറ്റവും മികച്ച ഫുട്ബാളറും. കേളീശൈലികൾ തമ്മിൽ അജഗജാന്തരമുണ്ടെങ്കിലും ഒരുകാര്യത്തിൽ ആസിഫ് ഷെവ്ചെങ്കോക്കൊപ്പമോ അയാളെക്കാൾ മുകളിലോ ആണെന്ന് പറഞ്ഞാൽ അത് അതിശയോക്തിയാവില്ല. നൈസ൪ഗികമായ കഴിവുകൾ വരദാനമായിക്കിട്ടിയ അപൂ൪വം ഇന്ത്യൻ ഫുട്ബാള൪മാരിലൊരാളാണ് ആസിഫ് സഹീ൪. പക്ഷേ, ആ കഴിവ് പരിപോഷിപ്പിച്ചെടുക്കാനുള്ള സാഹചര്യങ്ങൾ മലയാളക്കരയിൽ തീരെയില്ലെന്നുതന്നെ പറയാം. ഡ്രിബ്ളിങ്ങും പന്തടക്കവുമടക്കമുള്ള മേഖലകളിൽ മാറ്റുതെളിയിച്ച ഈ മമ്പാട്ടുകാരൻ, കളിയുടെ ലാവണ്യശാസ്ത്രമറിയാവുന്ന ഏതെങ്കിലും യൂറോപ്യൻ അക്കാദമിയിലായിരുന്നെങ്കിൽ കഥ മാറിയേനെ. നൈസ൪ഗികമായ കഴിവുകൾ അത്രയേറെയുണ്ടെന്ന് ചുവടുവെപ്പുകളിൽ അടയാളപ്പെടുത്തുന്നില്ലെങ്കിലും ഷെവ്ചെങ്കോ യൂറോപ്പിൻെറ കിടയറ്റ സ്ട്രൈക്കറായി മാറിയത് ഡൈനാമോ കിയവ് അടക്കം ശാസ്ത്രീയ ഫുട്ബാളിൻെറ അടവുകൾ പലതും നന്നായി പഠിച്ചെടുക്കുന്ന അക്കാദമികളുടെ ശിക്ഷണത്താലാണ്.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story